ആഗമനകാലം ഒന്നാം ഞായർ, Cycle A, മത്തായി 24: 37-44

മത്തായി 24: 37-44
കാത്തിരിപ്പിന്റെ ആത്മീയ ദിനങ്ങളിലേക്കാണ് ഇന്ന് നാം പ്രവേശിക്കുന്നത്. നസ്രായന് വേണ്ടിയുള്ള കാത്തിരിപ്പിന് രണ്ട് തലങ്ങളാണുള്ളത്. ഓരോ വർഷവും നാം ആഗമന കാലത്തിലൂടെ കടന്ന് പോവുന്നത് കേവലം ഒരു ചരിത്ര സംഭവത്തിന്റെ ഓർമ്മ പുതുക്കാനല്ല . മറിച്ച് ഈ ഓർമ്മ പുതുക്കലിലൂടെ അവന്റെ രണ്ടാമത്തെ വരവിന് വേണ്ടി ഒരുങ്ങാനാണ്. പലപ്പോഴും ഈ ആത്മീയ തലം നമുക്കൊക്കെ നഷ്ടപ്പെടുന്നത് കൊണ്ടാണ് തിരുപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷ വലയത്തിൽ പെട്ട് നമ്മുടെ ആഗമനകാല ആചരണം ആഘോഷങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പ് മാത്രമായി ചുരുങ്ങി പോവുന്നത്.
ഇന്നത്തെ സുവിശേഷം നമ്മോട് പങ്ക് വയ്ക്കുന്നത് അബ്ബായുടെ സ്വരം ശ്രവിച്ച്, അതനുസരിച്ച് പ്രവർത്തിക്കുന്ന നോഹയുടെയും, നോഹയുടെ വാക്കുകൾക്ക് ചെവി കൊടുക്കാതെ അനിവാര്യമായ തകർച്ചയെ അഭിമുഖീകരിക്കുന്ന ജനതയുടെയും കഥയാണ്. നോഹയെ അബ്ബാ തെരെഞ്ഞെടുക്കുന്നത് അയാളെയും കുടുംബത്തെയും മാത്രം രക്ഷിക്കാനല്ല അയാളിലൂടെ സർവ്വരെയും രക്ഷിക്കാനാണ് എന്നാൽ അയാളുടെ വാക്കുകൾ ശ്രവിക്കാതെ അവർ തങ്ങളുടെ ഹൃദയം കഠിനമാക്കുകയാണ്. തിന്നും, കുടിച്ചും, കല്യാണം കഴിച്ചും, കഴിപ്പിച്ചുമൊക്കെ ആഘോഷതിമർപ്പിൽ ആറാടുന്ന ജനതതിയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായാണ് പ്രളയം കടന്ന് വരുന്നത്. നോഹ മാത്രമാണ് ദൈവസ്വരം ശ്രവിച്ച് അതിനനുസൃതമായി പെട്ടകം പണിത് തന്നെയും കുടുംബത്തെയും പ്രളയത്തിൽ നിന്ന് സംരക്ഷിക്കുക. ദൈവ സ്വരത്തിനനുസരിച്ച് തന്റെ ജീവിതത്തെ നോഹ ക്രമപ്പെടുത്തിയതിനാലാണ് നോഹ അബ്ബായുടെ പ്രിയപ്പെട്ടവനായി മാറിയത്.
നസ്രായൻ തന്റെ സർവ്വ മഹത്വത്തോടും ശക്തിയോടും കൂടി വരുമ്പോൾ നോഹയെപ്പോലെ പങ്ക് വയ്ക്കാൻ ഒരുക്കത്തിന്റെ ഓർമ്മകൾ നമുക്കു മുണ്ടാവണം. തുടർന്ന് നസ്രായൻ പറയുന്നുണ്ട് പാടത്ത് കൃഷി ചെയ്യുന്ന രണ്ട് പേരിൽ നിന്ന് ഒരാൾ എടുക്കപ്പെടും, ധാന്യ മിടിക്കുന്ന രണ്ട് സ്ത്രീകളിൽ നിന്ന് ഒരാൾ എടുക്കപ്പെടും. ഇവിടെ അവശേഷിക്കുന്ന വ്യക്തികൾ മാത്രമാണ് നോഹയെപ്പോലെ തന്റെ പദ്ധതികൾ പൂർത്തിയാക്കാനായി ദൈവം തെരെഞ്ഞെടുക്കുന്നവരായി മാറുന്നത്.
ഇന്നത്തെ രണ്ടാമത്തെ വായനയിൽ പൗലോസ് ശ്ലീഹാ ഉത്ഭോദിപ്പിക്കുന്നതും അലസത വെടിഞ്ഞ് ആത്മീയമായി ഉണരാനാണ്. അന്ധകാരത്തിന്റെ പ്രവൃത്തികളെ ഉപക്ഷിച്ച് പ്രകാശത്തിന്റെ ആയുധങ്ങൾ ധരിച്ച് കൊണ്ട് പകലിന് യോജിച്ച വിധം പെരുമാറേണ്ടിയിരിക്കുന്നു. പൗലോസ് ശ്ലീഹാ പറഞ്ഞ് വരുന്നത് ജഡികനായ ആസക്തികൾ നിറഞ്ഞ പഴയ മനുഷ്യനിൽ നിന്ന് ആത്മാവിന്റെ തീക്ഷണതയാൽ ജ്വലിക്കുന്ന പുതിയ മനുഷ്യനിലേക്കുള്ള രൂപാന്തരീകരണമാണ്. ഈ ആത്മീയ മനുഷ്യനെ ഉണർത്തുക അത്ര നിസാര കാര്യമല്ല. ഒന്നാമത്തെ വായനയിൽ ഏശയ്യാ പ്രവാചകൻ ഇസ്രായൽ ജനത്തെ ഇപ്രകാരം ഉത്ഭോദിപ്പിക്കുന്നുണ്ട്: “വരുവിൻ നമുക്ക് കർത്താവിന്റെ ഗിരിയിലേക്ക് യാക്കോബിന്റെ, ദൈവത്തിന്റെ ഭവനത്തിലേക്ക് പോകാം. അവിടുന്ന് തന്റെ മാർഗ്ഗങ്ങൾ നമ്മെ പഠിപ്പിക്കും. ആഗമന കാലം അവന്റെ ആലയത്തിലേക്ക്, അവനിലേക്ക് തിരികെയുള്ള യാത്രയാണ്. എവിടെയൊക്കെയൊ നമുക്ക് നഷ്ടപ്പെട്ട നസ്രായനെ നാം കണ്ടെത്തുമ്പോഴാണ് ആത്മീയമായി നാമൊക്കെ ഉണരുന്നത്. ഈ ആത്മീയമായ ഉണർവ് നമ്മിൽ സംഭവിക്കുമ്പോഴാണ് ആഗമന കാലം ഫലദായകമാവുന്നത്. ക്രിസ്തുമസ് ആഘോഷങ്ങളുടെ മാത്രം നിമിഷമല്ല മറിച്ച് നസ്രായനിലേക്കുള്ള നമ്മുടെ രൂപാന്തരീകരണത്തിന്റെ നിമിഷങ്ങൾ കൂടിയാണ്… ഈ ആത്മീയാനുഭവത്തിന്റെതാകട്ടെ ഈ ആഗമന കാലം എന്ന് പ്രാർത്ഥിച്ച് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…