തിരുക്കുടുംബത്തിന്റെ തിരുനാൾ, Cycle B, ലുക്കാ.2:22-40

ലുക്കാ.2:22-40
ഓർമ്മയിൽ നിന്ന് മായാത്ത പ്രസംഗം മതബോധനകുടുബത്തിൽ നിന്ന് യാത്രയയപ്പിൽ വച്ച് ഒരച്ഛൻ പറഞ്ഞ വാക്കുകളാണ്. എന്തൊകൊണ്ടാണ് ഈ പ്രസംഗം ഓർമയിൽ നിലനിൽക്കുന്നതെന്ന് ചോദിച്ചാൽ അതിന് ഒരുകാരണമുണ്ട്… സന്യാസ ജീവിതത്തിലേക്ക് പ്രവേശിക്കാൻ പോവുന്ന വേളയിൽ അദ്ദേഹം എന്നോട് സംസാരിച്ചത് കുടുംബജീവിതത്തിൻറ്റെ മാഹാത്മ്യത്തെക്കുറിച്ചാണ്. അദ്ദേഹത്തിൻറ്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: ‘ഭൂമിയിലെ ഏറ്റവും മനോഹരമായ ജീവിതവിളിയാണ് കുടുംബജീവിതം. കുടുംബജീവിതത്തിലെ സ്നേഹവും, കരുതലുമൊക്കെ ഭൂമിയെ സ്വർഗമാക്കുന്ന മനോഹരമായ അനുഭവങ്ങളാണ്. ഇതൊന്നും സന്യസ്തജീവിതത്തിന് അവകാശപ്പെടാനില്ല. പക്ഷെ ഇതൊക്കെ പ്രാവർത്തികമാകുന്നത് ദമ്പതികൾ പരസ്പരം സ്നേഹത്തിൽ ജീവിക്കുമ്പോൾ മാത്രമാണ്. സന്യാസ ജീവിതത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടാവുമ്പോൾ മേലധികാരിയോട് ചോദിച്ചു മറ്റൊരു ഭവനത്തിലേക്ക് സ്ഥലം മാറ്റം മേടിക്കാം പക്ഷെ കുടുംബജീവിതത്തിൽ സ്ഥലംമാറ്റം സാധിക്കുകയില്ല, അത് ജീവിതാവസാനംവരെ ഒരുമിച്ചുജീവിക്കാനുള്ള വിളിയാണ്…’
ഇന്ന് തിരുകുടംബത്തിൻറ്റെ തിരുനാൾ… ക്രിസ്തീയതുടെ ഏറ്റവും വലിയ സമ്പത്തു പൊന്നുപൂശിയ പള്ളികളോ, വിദ്യഭ്യാസ സ്ഥാപനങ്ങളൊ, ആതുരാലയങ്ങളൊ അല്ല മറിച്ചു ക്രിസ്തീയ മൂല്യങ്ങൾ നിറഞ്ഞ കുടുംബങ്ങളാണ്… പലയിടങ്ങളിലും സഭയുടെ വേരുകൾ ക്ഷയിക്കുന്നതിനുള്ള മൂലകാരണം ക്രിസ്തീയകുടംബങ്ങളുടെ അഭാവമാണെന്ന് വിശ്വസിക്കുന്നു… ഇത്തവണ ധാർമിക ദൈവശാസ്ത്ര പരീക്ഷയ്ക്ക് അച്ചൻ ചോദിച്ച ഒരു ചോദ്യം ഇപ്രകാരമായിരുന്നു സന്യാസ ജീവിതം തെരെഞ്ഞെടുത്ത തനിക്ക് യുവദമ്പതിമാരുടെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാൻ സാധിക്കും? ഈ വിഷയം പഠിപ്പിച്ചപ്പോഴൊക്കെ അച്ചൻ തൻറ്റെ മാതാപിതാക്കളുടെയും, സഹോദരങ്ങളുടെയും കരുതലിനെക്കുറിച്ചൊക്കെ ഒരുപാട് വാചാലനായിട്ടുണ്ട്… ആ നിമിഷം അച്ഛൻറ്റെ കണ്ണുകളിൽ കണ്ടതും കുടുംബജീവിതത്തിൻറ്റെ ആ ലാവണ്യമാണ്… ഉത്തരം ഇപ്രകാരമായിരുന്നു: ‘അച്ഛൻ ഇവിടെ അധ്യാപകനായിരിക്കുന്നതും, ഞാനിവിടെ വിദ്യാർത്ഥിയായിരിക്കുന്നതുമൊക്കെ നല്ല കുടുംബങ്ങളുടെ ഭാഗമായതിൻറ്റെ സുകൃതമല്ലേ… അവിടെ അനുഭവിച്ച സ്നേഹമല്ല എല്ലാറ്റിനുമുപരിയായി നസ്രായൻറ്റെ സ്നേഹത്തെ തെരഞ്ഞെടുക്കാൻ നമ്മെ പ്രചോദിപ്പിച്ചത്…’ തക്കസമയത്തു ഉത്തരം നൽകിയ പരിശുദ്ധാത്മാവിന് നന്ദി… സാധാരണ പരീക്ഷമുഹൂർത്തങ്ങളിൽ കർക്കശ്യക്കാരനായ അച്ഛൻ ചിരിച്ചുകൊണ്ടാണ് പരീക്ഷ അവസാനിപ്പിച്ചത്…
കുറവുകളും പോരായ്മകളും നിറഞ്ഞ കുടുംബമായിരുന്നെങ്കിലും നസ്രായൻറ്റെ തണലിൽ ജീവിക്കാൻ പഠിച്ചതും, അർഹതയില്ലാത്ത സ്നേഹത്തിൻറ്റെ പെരുമഴക്കാലം അനുഭവിച്ചതും, അനുഭവിക്കുന്നതും നിൻറ്റെ വലിയ കൃപ… കുടുംബജീവിതൻറ്റെ മൂല്യങ്ങളെ തിരികെപ്പിടിക്കാനും അതിൻറ്റെ ലാവണ്യത്തെ പുൽകാനും നമ്മുടെ യുവജങ്ങളെ നസ്രായൻ പ്രചോദിപ്പിക്കട്ടെ…. അവനെപ്പോലെ ജ്ഞാനത്തിലും, പ്രായത്തിലും ദൈവത്തിൻറ്റെയും മനുഷ്യരുടെയും പ്രീതിയിൽ നമ്മുടെ തിരുക്കുടുംബങ്ങൾ വളരട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്… നസ്രായൻറ്റെ ചാരെ….