ആണ്ടുവട്ടത്തിലെ നാലാം ഞായർ, Cycle A, മത്താ. 5:1-12a

മത്താ. 5:1-12a
ലോകത്തിന്റെ തന്നെ ചിന്താഗതിയെ വെല്ലുവിളിക്കുകയും, സ്വാധീനിക്കുകയും, രൂപപ്പെടുത്തുകയും ചെയ്തിട്ടുള്ള സുവിശേഷത്തിന്റെ ആത്മാവാണ് ഇന്ന് നാം ധ്യാനിക്കുന്ന സുവിശേഷ ഭാഗ്യങ്ങൾ. നസ്രായന് മുമ്പോ അവന് ശേഷമൊ ഒരു ഗുരുവും ഇത്രയും ആഴവും, പരപ്പുമുള്ള ജ്ഞാന വയസ്സുകൾ നൽകിയിട്ടില്ല… സമയത്തിന്റെ പൂർണ്ണതയിൽ അബ്ബാ തന്റെ പുത്രനിലൂടെ മാനവരാശിക്ക് നൽകുന്ന അമൂല്യ വചസ്സുകളാണ് ഈ സുവിശേഷ ഭാഗ്യങ്ങൾ. പഴയ നിയമത്തിൽ പ്രതിഫലിക്കപ്പെട്ട മാനുഷികമായ നിയമങ്ങൾ ക്ക് ഉപരിയായി, മാംസം ധരിച്ച നസ്രായനിലൂടെ മാനവരാശി ഈ സുകൃതങ്ങൾ ജീവിക്കുന്നത് വഴി, നിത്യതയുടെ മുന്നാസ്വാദനത്തിൽ നാമൊക്കെ പങ്ക്കാരാവുകയാണ്. സുവിശേഷ ഭാഗ്യങ്ങളെന്ന് കേൾക്കുമ്പോഴെ മനസ്സിലേക്ക് കടന്ന് വരുന്ന ചോദ്യം ഇപ്രകാരമായിരിക്കാം: ഈ ബോധ്യങ്ങൾ അനുദിന ജീവിതത്തിൽ ജീവിക്കുക സാധ്യമാണൊ? ഇവയൊക്കെ നമ്മുടെ ജീവിത യാഥാർത്ഥ്യങ്ങളോട് ചേർന്ന് നിൽക്കുന്നവയാണൊ?
ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാൻമാർ എന്ന് കേൾക്കുമ്പോഴെ നാമൊക്കെ വിചാരിക്കുക നസ്രായൻ ഭൗതികമായ ദാരിദ്ര്യത്തെ വാഴ്ത്തുകയാണെന്ന്… അബ്ബായുടെ ദരിദ്രൻമാരായി ജീവിക്കുന്ന ചില മനുഷ്യ ജൻമങ്ങളുണ്ട്. എല്ലാ സമൃദ്ധിയുടെ മദ്ധ്യത്തിലും അവയാലൊന്നിനാലും സ്വാധീനിക്കപ്പെടാതെ നിസ്വാർത്ഥരായി, അബ്ബായെ ഏറ്റവും വലിയ സമ്പത്തായി കണ്ട് ജീവിച്ച് കടന്ന് പോകുന്നവർ … ജീവിത വീഥിയിൽ അനുഭവിക്കുന്നതും കണ്ട്മുട്ടുന്നതുമായ അനീതിക്ക് മുന്നിൽ നിലവിളിക്കുന്നവരുടെ ഓരോ കണ്ണ്നീർ തുള്ളിയും വെറുതെയാവില്ല. അവ കണ്ടിട്ടുള്ളവനും കണക്കിലെടുക്കുന്നവനുമാണ് നസ്രായൻ. ശാന്തമായി ഒഴുകുന്ന പുഴ പോലെ ജീവിക്കുന്ന ചില മനുഷ്യരുണ്ട്… ക്ഷമയുടെ നിറവിൽ ജീവിക്കുന്ന അവരുടെ സാന്നിദ്ധ്യമാണ് നിരന്തരം മുറിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ലോകത്തിനുള്ള ലേപനം. നീതിക്ക് വേണ്ടി പോരാടുന്നവരുടെ പരിശ്രമങ്ങളൊക്കെ ഈ ലോകദൃഷ്ടിയിൽ പരാജയമായി വിലയിരുത്തപ്പെട്ടേക്കാം. ഫാ. സ്റ്റാൻ സ്വാമിയെപ്പോലെയൊക്കെ… സ്വന്തം ജീവൻ പോലും പണയപ്പെടുത്തി ശബ്ദമില്ലാത്തവന്റെ ശബ്ദമാകുന്ന ഇവരാണ് നിത്യത യാഥാർത്ഥമാണന്നതിന്റെ ഉറപ്പും സംതൃപ്തിയും…
കരുണയുടെ മുഖമായ നസ്രായനിലേക്കുള്ള വളർച്ചയാണ് സുവിശേഷ പ്രഘോഷണം. നമ്മുടെ ജീവിത വീഥിയിൽ നമ്മൾ കാണിക്കാത്ത കരുണ അബ്ബായിൽ നിന്ന് നമുക്ക് പ്രതീക്ഷിക്കാമോ? നഷ്ടമായ നിഷ്ക്ക ളളതയിലേക്കുള്ള വീണ്ടെടുപ്പിലാണ് നസ്രായനിയുടെ അബ്ബായെ നാം കണ്ട് മുട്ടുക… ചിന്തകളും വാക്കുകളും പ്രവർത്തികളുമൊക്കെ തീർത്ഥം പോലെ പവിത്രവും നിർമ്മലുമാവുമ്പോൾ നമ്മിൽ പ്രതിഫലിക്കപ്പെടുക നമ്മുടെ മുഖമായിരിക്കുകയില്ല, നമ്മിൽ വസിക്കുന്ന നസ്രായന്റെ, അബ്ബായുടെ മുഖമായിരിക്കും.
വിദ്വേഷമുള്ളിടത്ത് സമാധാനത്തിന്റെ ദൂതരായി നമ്മുടെ ജീവിതം രൂപപ്പെടുമ്പോഴാണ് ദൈവ പുത്രരെന്ന ശ്രേഷ്ഠ സ്ഥാനത്തിന് നാമൊക്കെ അർഹരാകുന്നത്. നീതിക്ക് വേണ്ടി പീഢനം സഹിക്കേണ്ടി വരുമ്പോൾ, ഓർക്കുക നസ്രായന് വേണ്ടിയുള്ള നിലനിൽപ്പ് ലോകത്തിന്റെ മുമ്പിൽ വലിയ നഷ്ടമെന്ന് തോന്നിപ്പിക്കുമെങ്കിലും അവരാണ് നിത്യതയുടെ അവകാശികളാവുന്നത്. നസ്രായന്റെ പേരിൽ പീഡനങ്ങളെയും അപമാനങ്ങളെയും പൂർണ്ണ മനസ്സോടെ സ്വീകരിക്കുമ്പോൾ മനസ്സിൽ കരുതേണ്ടത് നസ്രായൻ ഒരിക്കലും നമ്മെ മറക്കുകയൊ, കൈവിടുകയൊ ചെയ്യില്ല എന്ന യാഥാർത്യമാണ്. അവന്റെ സംരക്ഷണത്തിന്റെ ചിറകിൽ കീഴിൽ പെറ്റമ്മയുടെ കീഴിൽ പക്ഷിക്കുഞ്ഞുങ്ങൾ സുരക്ഷിതരായിരിക്കുന്നത് പോലെ നാമും സുരക്ഷിതരായിരിക്കും. ഈ സുവിശേഷ ഭാഗ്യങ്ങളിലേക്കുള്ള വളർച്ചയാവട്ടെ നമ്മുടെ ജീവിതത്തിലെ ഓരോ ദിനങ്ങളുമെന്ന് പ്രാർത്ഥിച്ചുകൊണ്ട് നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…