നസ്രായൻ്റെ പ്രബോധനം കേട്ട് അത്ഭുതം കൂറുന്ന കഫർണാമിലെ നിവാസികളെയാണ് സുവിശേഷം നമുക്ക് മുന്നിൽ അവതരിപ്പിക്കുക. നിയമജ്ഞരായിരുന്നു യഹൂദ പാരര്യത്തിലെ ഔദ്യോഗിക അധ്യാപകർ. നിയമാനുഷ്ഠാനങ്ങളെ പലപ്പോഴും തങ്ങളുടെ സ്വാർത്ഥതാത്പര്യത്തിനനുസരിച്ച് അവർ ദുർവ്യാഖ്യാനം ചെയ്തിരുന്നു. സാമ്പത്ത് ദിവസം കൃത്യമായി നിയമജ്ഞർ തങ്ങളുടെ കർത്തവ്യം നിർവ്വഹിച്ചിരുന്നെങ്കിലും അത് സമൂഹത്തിലൊ, ജനങ്ങളുടെ ജീവിതത്തിലൊ വലിയ മാറ്റം ഉണ്ടാക്കിയിരുന്നില്ല. കാരണം പഠിപ്പിക്കുന്ന നിയമജ്ഞർ തന്നെ ആ നിയമാനുഷ്ഠാനങ്ങളുടെ ആചരണത്തിൽ പരിപൂർണ്ണമായി വിശ്വസിച്ചിരുന്നില്ല എന്ന് മാത്രമല്ല തങ്ങളുടെ ജീവിതത്തിൽ അത് പ്രാവർത്തികമാക്കിയതുമില്ല. എന്നാൽ നസ്രായൻ്റെ പ്രബോധനം ഇവരിൽ നിന്നൊക്കെ വ്യത്യസ്തമായിരുന്നു. ഇത് തിരിച്ചറിയുന്ന ജനങ്ങൾ തന്നെ അവൻ്റെ പ്രബോധനത്തിൻ്റെ പ്രത്യേകതയും നമ്മോട് പങ്ക് വയ്ക്കുന്നുണ്ട്. നസ്രായൻ പഠിപ്പിച്ചിരുന്നത്, കേവലം കർത്തവ്യം പൂർത്തിയാക്കാൻ മാത്രം നിയമം വ്യാഖ്യാനിച്ച നിയമജ്ഞരെ പോ്ല ആയിരുന്നില്ല. മറിച്ച് അധികാരമുള്ള വന്നപ്പോലെയായിരുന്നു.
നസ്രായൻ്റെ സവിശേഷമായ ഈ അധികാരത്തെ കുറിക്കുന്ന ഒരു സംഭവം കൂടി സിനഗോഗിൽ അരങ്ങേറുന്നുണ്ട്. പിശാച് ബാധിതനായ ഒരുവനെ നസ്രായൻ അഭിമുഖികരിക്കുകയാണ്. “നീ എന്തിന് ഞങ്ങളുടെ കാര്യത്തിൽ ഇടപെടുന്നു. ഞങ്ങളെ നശിപ്പിക്കാനാണൊ നീ വന്നിരിക്കുന്നത്.” മാനവരാശിയെ പാപത്തിൻ്റെ ബന്ധനത്തിലാക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന സാത്താൻ്റെ രാജ്യത്തെ, ശക്തിയെ എന്നെന്നേക്കുമായി തൻ്റെ കാൽക്കീഴിലാക്കാനാണ് നസ്രായൻ മാനവീകരണം നടത്തുക. രണ്ടാമതായി നസ്രായൻ്റെ വ്യക്തിത്വത്തെ ഈ പിശാച് ഏറ്റ് പറയുന്നുണ്ട്: ” നീ ദൈവത്തിൻ്റെ പരിശുദ്ധനാണെന്ന് ഞങ്ങൾക്കറിയാം.” ജനങ്ങളാരും നസ്രായൻ്റെ യഥാർത്ഥ വ്യക്തിത്വത്തെ തിരിച്ചറിയുന്നില്ല. എന്നാൽ പിശാച് നസ്രായൻ്റെ വ്യക്തിത്വത്തെ ഏറ്റ് പറയുന്നത് തന്ത്രപൂർവ്വം നാസായൻ്റെ സാന്നിദ്ധ്യത്തിൽ നിന്ന് രക്ഷപെടാനാണ്. എന്നാൽ തൻ്റെ ആധികാരമുപയോഗിച്ച് ഈ പിശാചിനെ മിണ്ടാൻ അനുവദിക്കാതെ, ആ മനുഷ്യനിൽ നിന്ന് പുറത്ത് പോവാനാണ് നസ്രായൻ ആവശ്യപ്പെടുക. നസ്രായൻ്റെ കൽപന അനുസരിച്ച് ആ പിശാച് അയാളിൽ നിന്ന് പുറത്ത് പോവുകയാണ്. അങ്ങനെ അധികാരത്തോടെയുള്ള അവൻ്റെ പ്രബോധനം ശ്രവിച്ചവർക്ക് തൻ്റെ അധികാരത്തിൻ്റെ ആഴവും, വ്യാപ്തിയും കൂടി നസ്രായൻ മനസ്സിലാക്കി കൊടുക്കുന്നുണ്ട്. നസ്രായൻ്റെ ഈ അധികാരം തന്നെയാണ് നമ്മുടെ ശക്തിയും പ്രത്യാശയും. നമ്മെ തകർക്കാൻ ശ്രമിക്കുന്ന ഏതൊരു ബന്ധനമാവട്ടെ ഒരു പക്ഷെ നമ്മുടെ അമിതമായ കോപമാവാം, നിരാശയാവാം, ദുഃശീലങ്ങളാവാം, തെറ്റായ കൂട്ടുകെട്ടുകളൊ, ബന്ധങ്ങളൊ എന്തുമാവട്ടെ അവൻ്റെ അധികാരത്തിന് മോചിപ്പിക്കാനാവാത്തതായി ഒന്നുമില്ല. എല്ലാ നാമങ്ങളെക്കാളും ഉപരിയായ നാമമാണ് നസ്രായൻ്റെത്. അവൻ്റെ അധികാരത്തിൽ പ്രത്യാശയർപ്പിച്ച്, അവൻ്റെ കൃപയുടെ തണലിൽ നമ്മുടെ വിശ്വാസയാത്ര തുടരാം. നസ്രായൻ്റെ തിരുഹൃദയത്തിൻ ചാരെ…