തപസ്സുകാലം രണ്ടാം ഞായർ, Cycle B, മാർക്കോ. 9:2-10

മാർക്കോ. 9:2-10
ജീവിതമെന്ന യാഥാർഥ്യം നമുക്കെല്ലാർക്കും ചില വെല്ലുവിളികൾ സമ്മാനിക്കുന്നുണ്ട്. ചിലപ്പോഴൊക്കെ നാമൊക്കെ ചിന്തിക്കാറുണ്ട് സമ്പല്സമൃദ്ധിയുടെ നെറുകയിൽ ജീവിക്കുന്നവർക്ക് ജീവിതമെത്ര സുഖകരമായ അനുഭവമാണെന്ന്… പക്ഷെ അങ്ങനെ ജീവിച്ച പലരും പൊടുന്നനെ തങ്ങളുടെ ജീവിതയാത്ര അവസാനിപ്പിച്ചു എന്നുള്ള വാർത്തകൾ നമുക്കൊക്കെ സുപരിചിതമാണ്. പാവപ്പെട്ടവനെന്നൊ, പണക്കാരനെന്നൊ, ആരോഗ്യവാനെന്നൊ, രോഗിയെന്നൊ, അഭ്യസ്തവിദ്യനെന്നോ, നിരക്ഷരനെന്നൊ വ്യത്യാസമില്ലാതെ, ജീവിതം നമുക്കൊക്കെ സമ്മാനിക്കുന്നത് വെല്ലുവിളികളാണ്… നൊയമ്പുകാലം നമുക്കൊക്കെ പകർന്നുതരുന്ന വലിയൊരുള്ളറിവും ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണെന്ന യാഥാർഥ്യം തന്നെയാണ്.
ഇന്നത്തെ വചനഭാഗം നമ്മെ കൂട്ടികൊണ്ടുപോകുന്നത് താബോറിലേക്കാണ്. നിഴൽ പോലെ നസ്രായനെ അനുഗമിച്ച പത്രോസിൻറ്റെയും, യാക്കോബിൻറ്റെയും, യോഹന്നാനിൻറ്റെയും സാന്നിദ്ധ്യത്തിൽ നസ്രായൻ തൻറ്റെ സ്വർഗഗീയ മഹത്വത്തിലേക്ക് രൂപാന്തരപ്പെടുകയാണ്… പൂർണ്ണ മനുഷ്യനും, പൂർണ്ണ ദൈവമായിരുന്നെങ്കിലും, തൻറ്റെ ദൈവീക സത്വത്തെക്കുറിച്ചുള്ള പൂർണ്ണ അവബോധത്തിലേക്ക് നസ്രായൻ പ്രവേശിക്കുന്നത് ഘട്ടം ഘട്ടമായിട്ടാണ്.
നിയമങ്ങളുടെയും, പ്രവചങ്ങളുടെയുമൊക്കെ പ്രതിനിധികളായ മോശയും, ഏലിയായും താബോറിൽ നസ്രായനോട് സംവദിക്കുന്നതും എല്ലാ പ്രവചനകളും, നിയമങ്ങളും, എങ്ങനെയാണ് അവനിൽ പൂർത്തീകരിക്കപ്പെടുന്നത് എന്നതിനെകുറിച്ചായിരിക്കണം. അതിലുപരി നസ്രായൻ തിരിച്ചറിയുന്നത് തന്നെ കാത്തിരിക്കുന്ന വെല്ലുവിളികളുടെ കാഠിന്യത്തെകുറിച്ചാണ്… യാതൊരുവിധ പാപത്തിൻറ്റെ കറപുരളാതിരുന്നിട്ടും, ഇതുവരെ ചെയ്യപ്പെട്ട എല്ലാ പാപങ്ങളുടെയും, ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന പാപങ്ങളുടെയും, ചെയ്യാനിരിക്കുന്ന പാപങ്ങളുടെയും ഭാരം പേറുന്ന പെസഹകുഞ്ഞാടായി, അബ്ബായുടെ പ്രിയൻ, അവൻറ്റെ സഹന ദാസനായി മാറേണ്ട ആ നിമിഷങ്ങൾ… ഈ ഭൂവിലൊരു മനുഷ്യ ജന്മവും ഇതുപോലൊരു വെല്ലുവിളി അഭിമുഖീകരിച്ചുട്ടുണ്ടാവില്ല. ഈ വെല്ലുവിളി നിറഞ്ഞ തൻറ്റെ കുരിശുമെടുത്തു താബോറിൻറ്റെ മഹത്വത്തിൽ നിന്ന് ഗത്സമെനിൻറ്റെ യാഥാർഥ്യത്തിലേക്ക് അവൻ നടക്കുകയാണ്… അരുമശിഷ്യരുടെ വാക്കുകേട്ട് താബോറിൻറ്റെ സുഖസുഷുപ്തിയിൽ അവന് കുറച്ചുകൂടി സമയം ചെലവഴിക്കാമായിരുന്നു പക്ഷെ പിതാവിൻറ്റെ ഇഷ്ടം തിരിച്ചറിയുന്ന നസ്രായന് പിന്നെ മറ്റൊരു ചിന്തയില്ല…
ഈ വെല്ലുവിളി ഏറ്റെടുത്തു പൂർത്തീകരിക്കാനായി തന്നെയും സുഹൃത്തുക്കളെയുമൊക്കെ അവൻ ഒരുക്കുകയാണ്… ജെറുസലെമിൽ തന്നെ കാത്തിരിക്കുന്നതെന്താണെന്നും ഏതുവിധേനയുള്ള മരണത്തിലൂടെയാണ് തൻറ്റെ അബ്ബായെ താൻ മഹത്വപ്പെടുത്താൻ പോവുന്നതൊക്കെ പല ആവർത്തി അവൻ പറഞ്ഞുവെയ്ക്കുന്നത് ഈ ഒരുക്കത്തിൻറ്റെ ഭാഗമാണ്… നമ്മെപ്പോലെ വെല്ലുവിളികൾ നൽകുന്ന ആത്മസംഘർഷത്തിൽ അവനും പതറുന്നുണ്ട്…” പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽനിന്ന് അകന്നുപോവട്ടെ.” ജീവിതവീഥിയിൽ തളരുന്നവൻറ്റെ നൊമ്പരമാണിത്… കാൽവരിയിൽ ഉയർത്തപ്പെടാതെ താബോറിൻറ്റെ മഹത്വത്തിലേക്കില്ല എന്ന് തീരുമാനിക്കുന്ന നസ്രായൻ ” എൻറ്റെ ഇഷ്ടമല്ല, നിൻറ്റെ ഇഷ്ടം നിറവേറട്ടെ എന്ന് പറഞ്ഞു വെല്ലുവിളികളുടെ പാനപാത്രം സന്തോഷത്തോടെ ഏറ്റെടുക്കുകയാണ്.
വെല്ലുവിളികളിൽ പതറുമ്പോൾ നാമൊക്കെ എത്തിപ്പെടേണ്ടത് അവൻറ്റെ സാന്നിധ്യത്തിലേക്കാണ്… അവിടെ പൊടിയുന്ന കണ്ണുനീരിനുമപ്പുറം അവിടെ നിന്ന് നാമൊക്കെ വിടവാങ്ങുന്നത് നമ്മുടെ കുരിശിൻറ്റെ വഴിയിൽ തോളോടുതോൾ ചേർന്ന് നസ്രായൻ ഒപ്പമുണ്ടെന്ന തിരിച്ചറിവിലാണ്… ഈ തിരിച്ചറിവിലേക്ക് അനുദിനം വളരാൻ എനിക്കും പ്രിയപ്പെട്ട സുഹൃത്തെ താങ്കൾക്കുമാവട്ടെ എന്ന പ്രാത്ഥനയോടെ… നസ്രായൻറ്റെ ചാരെ…