മാർക്കോ. 14:1-15:47
കയ്യിൽ കുരുത്തോലയുമേന്തി വിശുദ്ധവാരത്തിൻറ്റെ അനുഗ്രഹനിമിഷങ്ങളിലേക്ക് നാം പ്രവേശിക്കുകയാണ്. കയ്യിൽ കുരുത്തോലയുമേന്തി നസ്രായനെ സ്വീകരിക്കുന്ന നാം അവനോടൊപ്പമാണോ? കഴുതക്കുട്ടിയുടെ പുറത്തുകയറി രാജകീയമായി ജെറുസലെമിൽ പ്രവേശിക്കുന്ന നസ്രായൻ സ്വയം മതിമറക്കുന്നില്ല. കാരണം തന്നെ കാത്തിരിക്കുന്ന രാജകീയസിംഹാസനം കാൽവരിയിലെ കുരിശുമരമാണെന്ന് അവന് നല്ല ബോധ്യമുണ്ടായിരുന്നു. തൻറ്റെ പിതാവിൻറ്റെ ഇഷ്ടം നിറവേറ്റുക എന്നല്ലാതെ മറ്റൊരു ചിന്തയും അവനുണ്ടായിരുന്നില്ല. തൻറ്റെ മാനുഷികമനസ്സിന് താങ്ങാവുന്നതിലും പതിന്മടങ്ങു ഉപരിയാണ് തന്നെ കാത്തിരിക്കുന്ന ‘കുരിശിൻറ്റെ ഭാരമെന്നറിഞ്ഞിട്ടും’ പിതാവ് നൽകിയ കയ്പ്പേറിയ പാനപാത്രം പൂർണ്ണമനസ്സോടെ അവനെറ്റെടുക്കുകയാണ്. ദൈവഹിതത്തിന് തന്നെത്തന്നെ അടിയറവയ്ക്കുന്ന നസ്രായനൊപ്പമാണോ നമ്മൾ?
അതോ നിരയുദ്ധനായി അവൻ തന്നെത്തന്നെ സൈനികർക്ക് ഏല്പിച്ചുകൊടുക്കുന്നത് കാണുമ്പോൾ, രാജകീയ സിംഹാസനമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു ജീവനൊകൊണ്ടു ചിതറിയോടുന്ന അപ്പോസ്തലമാരോടൊപ്പമാണോ നമ്മൾ? അല്ലെങ്കിൽ പിന്നെ തൻറ്റെ ഗവർണ്ണർ സ്ഥാനം സംരക്ഷിക്കാൻ, നീതിമാൻറ്റെ രക്തത്തിൽ പങ്കില്ലെന്ന് പറഞ്ഞു, തൻറ്റെ ജീവിതവും, അധികാരവും, ചുറ്റുപാടുകളുമൊക്കെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പീലാത്തോസിനോപ്പമാണോ? അതുമല്ലെങ്കിൽ തങ്ങൾ കാത്തിരുന്ന ദൈവപുത്രനെ തിരിച്ചറിയാതെ, അവൻ പറഞ്ഞ നന്മയുടെ വചനങ്ങൾ ഉൾക്കൊള്ളാനാവാതെ , തങ്ങളുടെ പൊള്ളത്തരങ്ങൾക്കു അവൻ ഭീഷണിയാകുമെന്ന ഭയത്തിൽ അവനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന മതനേതാക്കളോടൊപ്പമാണൊ നാം? അതൊ ജയ് വിളികളുടെയും സൈത്തിൻകൊമ്പുകളുടെയും അകമ്പടിയോടെ അവനെ സ്വീകരിച്ചിട്ടും, ആരുടെയൊക്കെയോ വാക്കുകേട്ട് അവനെ ക്രൂശിക്കാൻ ആക്രോശിക്കുന്ന, നസ്രായൻറ്റെ ദൈവത്വത്തിൽ വിശ്വാസമില്ലാത്ത ജനക്കൂട്ടത്തിനൊപ്പമാണോ നാം?
പ്രിയപ്പെട്ട സുഹൃത്തേ ഓരോ വിശുദ്ധവാരവും നസ്രായനോടൊപ്പമാകാനുള്ള ക്ഷണമാണ് നമുക്ക് നൽകുന്നത്. സ്വർഗ്ഗസ്ഥനായ അബ്ബായുടെ തിരുഹിതത്തെ തിരിച്ചറിഞ്ഞു, അവൻറ്റെ കൃപയിൽ വിശ്വാസമർപ്പിച്ചു നമ്മുടെ അനുദിന ജീവിതത്തിലെ കുരിശുമെടുത്തു കാൽവരിയിലേക്ക് നടക്കാൻ നമുക്കാവണം. ലോകത്തിന് ഒരിക്കലും ഉൾക്കൊള്ളാനാവാത്ത വലിയ ഭോഷത്തമാണ് കുരിശിൻറ്റെ ഈ വഴി. ലോകത്തെ ഒരിക്കലും പറഞ്ഞു ബോധ്യപ്പെടുത്താൻ നമുക്ക് കഴിഞ്ഞെന്നും വരില്ല. പിതാവിൻറ്റെ ഇഷ്ടത്തിന് സ്വയം കീഴ്പ്പെട്ടു കാൽവരിയിലെ കുരിശിൽ നിസ്‌സഹായനായി ഉയർത്തപ്പെട്ടവനിലൂടെയാണ് നാമൊക്കെ ജീവിക്കാൻ പോവുന്നത്. തൻറ്റെ കുരിശിൽ തന്നെ കാത്തിരിക്കുന്ന മഹത്വം നസ്രായൻ തിരിച്ചറിഞ്ഞതുപോലെ കുരിശിൻറ്റെ വഴിൽ നമ്മെ കാത്തിരിക്കുന്ന രക്ഷയുടെ സുവിശേഷം തിരിച്ചറിയാൻ എനിക്കും നിങ്ങൾക്കുമാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായനെ ചാരെ…