മത്താ. 8: 1-4
നമ്മുടെയൊക്കെ ജീവിതത്തിൽ പ്രഥമസ്ഥാനം ആർക്കാണ് നാം നൽകുന്നത്? നസ്രായനെ അനുഗമിക്കുന്നത് കേവലം ഒരു നേതാവിനെ അനുധാവനം ചെയൂന്നതിൽ നിന്ന് വ്യത്യസ്തമാണ്. ഒരു നേതാവും തങ്ങളുടെ അനുയായികളോട് തങ്ങളുടെ കുരിശുമെടുത്തു തങ്ങളെ അനുഗമിക്കാൻ പറഞ്ഞട്ടില്ലലോ… ഒരു പക്ഷെ അവരെയൊക്കെ നാം അനുഗമിക്കുന്നത് നമ്മുടെ കുരിശുകളെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. പക്ഷെ നസ്രായനെ അനുഗമിക്കാനുള്ള സുപ്രധാനമായ നിബന്ധന ഈ കുരിശു വഹിക്കാനുള്ള സന്നദ്ധതയാണ്. അതോടൊപ്പം തന്നെത്തന്നെ വിസ്മരിച്ചു, മറ്റേത് ബന്ധങ്ങളേക്കാളുപരി നസ്രായനെ സ്നേഹിക്കാനും നമുക്ക് കഴിയണം.
സുവിശേഷങ്ങളിൽ വല്ലാതെ ചിന്തിപ്പിച്ച ഭാഗം തൻറ്റെ ഉയർപ്പിന്ശേഷം, പത്രോസിനെ യേശു അഭിമുഖീകരിക്കുന്ന ഭാഗമാണ്. അവനോട് മൂന്ന് തവണ നസ്രായൻ ചോദിക്കുന്നുണ്ട്, “യോനായുടെ പുത്രനായ ശിമയോനെ നീ എന്നെ സ്നേഹിക്കുന്നുവോ”? കുറച്ചു ദിവസങ്ങൾക്ക് മുൻപ് അയാൾ മറ്റെന്തിനെക്കെയോ പ്രഥമ സ്ഥാനം നൽകി അവനെ അറിയില്ല എന്ന് മൂന്ന് പ്രാവശ്യം പരസ്യമായി പറഞ്ഞിരുന്നു. ഇപ്പോൾ വിട്ടുകൊടുക്കാൻ നസ്രായനും തയ്യാറല്ല, പരസ്യമായി തന്നെ അവനും മൂന്നു തവണ ചോദിക്കുകയാണ് ‘നീ എന്നെ സ്നേഹിക്കുന്നുവോ?’ തൻറ്റെ വ്യക്തിപരമായ താത്പര്യങ്ങളെക്കാളുപരി നസ്രായനോടുള്ള സ്നേഹം അതു മാത്രമായിരിക്കണം ഇനി അയാളെ നയിക്കേണ്ടത്.
പിന്നിട്ട വഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, മറ്റാർക്കൊക്കെയോ പ്രഥമസ്ഥാനം കൊടുത്ത നാളുകൾ, പിന്നെ അവൻ തന്നെ അവയെ ഹൃദയത്തിൽ നിന്ന് അടർത്തി മാറ്റിയപ്പോളുള്ള നൊമ്പരം… എന്തിനായിരുന്നു അതൊക്കെ? ഇപ്പോളും ഈ വരികൾ കോറിയിടാൻ കഴിയുന്നത് അവൻറ്റെ ആസ്നേഹത്തിൻറ്റെ വെളിച്ചത്തിലാണെന്ന് തിരിച്ചറിയുന്നു…. “ഇവയെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നൊ?” ഒരു പക്ഷെ അത് നമ്മുടെ പേര്, പ്രശസ്തി, സ്നേഹബന്ധങ്ങൾ, സമ്പത്ത്, ആരോഗ്യം, ഇവയൊക്കെ ആയിരിക്കാം. “ഇതിനൊക്കെ മുകളിലായി അവനെ സ്നേഹിക്കുന്നുണ്ടോ?” എന്നാണ് അവൻറ്റെ ചോദ്യം? എന്തൊരു ഭാരിച്ച ചോദ്യമാണല്ലേ? നിറ മിഴികളോടെ അവൻറ്റെ മിഴികളിലേക്കു നോക്കി ഉത്തരം പറയാൻ എനിക്കും താങ്കൾക്കുമാവട്ടെ എന്ന പ്രാർത്ഥനയോടെ…