ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ, Cycle C, ലുക്കാ. 11: 1-13

ലുക്കാ. 11: 1-13
താങ്കളുടെ എല്ലാ പ്രാത്ഥനകൾക്കും ഉത്തരം കിട്ടിയിട്ടുണ്ടോ? പ്രാത്ഥനയിൽ ചോദിച്ച എല്ലാ അനുഗ്രഹങ്ങളും ലഭിച്ചിട്ടുണ്ടോ ? എല്ലാ പ്രാത്ഥനകൾക്കും ഉത്തരം കിട്ടിയിട്ടില്ലെങ്കിൽ, ചോദിച്ച എല്ലാ അനുഗ്രഹങ്ങളും ലഭിച്ചിട്ടില്ലെങ്കിൽ നമ്മുടെ പ്രാത്ഥനാ ജീവിതത്തിൻറ്റെ പ്രസക്തി എന്താണ്?
ചോദിക്കുവിൻ നൽകപ്പെടും, അന്വേഷിക്കുവിൻ കണ്ടെത്തും, മുട്ടുവിൻ തുറക്കപ്പെടും… ജീവിതത്തിൽ നിരാശയുടെ ഇരുളിൽ പെട്ടുപോകാതെ പ്രാത്ഥനയിൽ പ്രത്യാശയുടെ കരങ്ങൾ കൂപ്പാനാണ് നസ്രായൻ പറയുന്നത്… നമ്മുടെയൊക്കെ ഏറ്റവും നിസാരമായ ഹൃദയാഭിലാഷങ്ങൾ പോലും നസ്രായൻ തിരിച്ചറിയുന്നുണ്ട്… പിന്നെ എന്തുകൊണ്ട് ചോദിക്കുന്ന എല്ലാ അനുഗ്രഹങ്ങളും ലഭിക്കുന്നില്ല എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു – ക്ഷമയോടെ, അവൻറ്റെ സമയത്തിനായി കാത്തിരിക്കുക… ഇന്നലയുടെ ഇടർച്ചകളിലും, ഇന്നിൻറ്റെ വെല്ലുവിളികളിലും, നാളയുടെ ആകുലതകളിലും പെട്ട് വല്ലാതെ വലയുമ്പോൾ നസ്രായൻ സമയത്തിനതീതനാണെന്ന ചിന്ത നമ്മെ പ്രകാശിപ്പിക്കണം. നമ്മുടെ ജീവിതത്തിൻറ്റെ ഓരോ നാഴികകളും, വിനാഴികകളും തൊട്ടറിയുന്ന നസ്രായന് ഏതനുഗ്രഹം, ഏതുസമയത്തു നൽകണമെന്ന ബോധ്യമുണ്ട്… സമയത്തിൻറ്റെ ഉടയോൻ നമ്മോടൊപ്പമുണ്ടെന്ന പ്രതീക്ഷയോടെ, നമുക്ക് പ്രാർത്ഥിക്കാം … സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ…