ലൂക്കാ. 14:1,7-14
നസ്രായൻ തന്റെ ശിഷ്യരെ കൂടെക്കൂടെ ക്ഷണിച്ചിരുന്നത് തന്നിൽ നിന്ന് പടിക്കാനാണ്. ദൈവ പുത്രനായിരുന്നിട്ട് കൂടി, ദൈവവുമായുള്ള സമാനത നിലനിറുത്തേണ്ട കാര്യമായി പരിഗണിക്കാതെ, തന്നെത്തന്നെ സ്വയം ശൂന്യനാക്കി, നമ്മിലൊരുവനായ് വിനയത്തിന്റെ മാതൃക നമുക്ക് കാട്ടി തന്ന അവന്റെ സ്വയം ശൂന്യവത്ക്കരണത്തിലേക്ക് ഒരിക്കല്ലെങ്കിലും നാമൊക്കെ വളരേണ്ടെ? ഒന്നും സ്വന്തമായി ഇല്ലാത്ത ഒരു അവസ്ഥയിൽ എല്ലാം ഉപക്ഷിച്ചു എന്ന് പറയുന്നതിൽ യാതൊരു അർത്ഥവുമില്ല. പുണ്യസ്മരണാർഹനായ മാമ്പറ അച്ചൻ ഞങ്ങളെ കൂടെക്കൂടെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്ന ഒരു സംഭവമുണ്ട്: ഒരിക്കൽ ഒരു പത്രപ്രവർത്തകൻ ഒരു കർമ്മലീത്താ മിണ്ടാമഠത്തെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കാനായ് മിണ്ടാമഠത്തിൽ വന്നതാണ്. ഒഴിവ് വേളയിൽ മഠത്തിലെ ആശ്രമ ശ്രേഷഠയോട് അദ്ദേഹം കാര്യങ്ങളൊക്കെ ചോദിച്ച് മനസ്സിലാക്കുകയാണ്. സംസാരത്തിനിടെ ഈ പത്രപ്രവർത്തകൻ ജനലിലൂടെ കാണാമായിരുന്ന ദൂരെയുള്ള ആ കമനീയമായ കൊട്ടാരത്തെ ചൂണ്ടിക്കാട്ടികൊണ്ട് ആശ്രമ ശ്രേഷ്ഠനോട് ചോദിക്കുന്നുണ്ട്: ” നിങ്ങൾ ആ കൊട്ടാരത്തിലെ രാജകുമാരി ആയിരുന്നെങ്കിൽ യേശുവിനെ അനുഗമിക്കാനായ് ഈ മിണ്ടാമഠത്തിലേക്ക് വരുമായിരുന്നൊ? ” ‘ഇല്ല,’ എന്ന മറുപടി നൂറ് ശതമാനം മനസ്സിൽ ഉറപ്പിച്ച് ആശ്രമ ശ്രേഷ്ഠയുടെ മുഖത്തേക്ക് നോക്കുന്ന ആ പത്രാധിപന് നേരെ മന്ദഹസിച്ചുകൊണ്ട് സിസ്റ്റർ ഇപ്രകാരം പറയുന്നുണ്ട്: ” ഉവ്വ്… ഒരിക്കൽ ഞാൻ അവിടത്തെ രാജകുമാരിയായിരുന്നു…”
എല്ലാവരും ഒരേ തരത്തിലുള്ള ഉപക്ഷിക്കലുകൾ നടത്തണമെന്നല്ല പറഞ്ഞ് വരുന്നത്. നമുക്ക് ലഭിച്ചിട്ടുള്ള വിളികൾക്കനുസ്യതമായിട്ടായിരിക്കണമിത്. കുടുംബ ജീവിതം നയിക്കാൻ വിളിക്കപ്പെട്ട അൽമായ സഹോദരർ സന്യാസിയുടേത് പോലെ സർവ്വസംഗ പരിത്യാഗിയാവേണ്ടതില്ലല്ലോ… എന്നാൽ എല്ലാ ക്രിസ്തു ശിഷ്യർക്കും ഒരു പോലെ ഉപേക്ഷിക്കാവുന്ന ഒന്നുണ്ട് നമ്മുടെയൊക്കെ അഹങ്കാരത്തിന്റെ തലങ്ങൾ. ക്ഷണിക്കപ്പെട്ട വിരുന്നിന്റെ മദ്ധ്യേ വിവാഹ വിരുന്നിന്റെ ഉപമ നസ്രായൻ പങ്ക് വയ്ക്കുന്നത് ഈ ഒരു ഓർമ്മപ്പെടുത്തലിന് വേണ്ടിയാണ്. വിവാഹ വിരുന്നിന് ക്ഷണിക്കപ്പെടുമ്പോൾ പ്രമുഖ സ്ഥാനങ്ങളല്ല, അത്രയൊന്നും ശ്രദ്ധ കിട്ടാത്ത പിറകിലെ ഇരിപ്പിടങ്ങൾ തെരെഞ്ഞെടുക്കാൻ നസ്രായൻ നമ്മോട് പറയുന്നുണ്ട്. താൻ മണവാളനാകുന്ന, തന്റെ ശിഷ്യർ മണവറ തോഴരാകുന്ന ആ സ്വർഗ്ഗീയ വിരുന്ന് തന്നെയാണ് അവന്റെ മനസ്സിൽ… നിത്യതയിലെ ആ സ്വർഗ്ഗീയ വിരുന്നിലേക്ക് പ്രമുഖ സ്ഥാനം ലഭിക്കണമെങ്കിൽ ബോധപൂർവ്വമുള്ള ചില എളിമപ്പെടുത്തലുകൾ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടായേ മതിയാവൂ… അപ്പോൾ മാത്രമാണ് അതിഥേയനായ നമ്മുടെ അബ്ബാ പിറകിൽ നിന്ന് മുന്നിലേക്ക് , മണവാളനായ നാസായന്റെ ചാരത്തെ ഇരിപ്പിടം നമുക്ക് തരുകയുള്ളു…
ആദിയിലെ പിതാവിനോടൊപ്പമുണ്ടായിരുന്ന നസ്രായൻ തന്റെ നിത്യതയെ പരിത്യജിച്ചാണ് നമ്മുടെ സമയത്തിലേക്ക്, കാലത്തിലേക്കൊക്കെ കടന്ന് വരുന്നത്. നിത്യതയുടെ സുഷുപ്തിയിൽ ജീവിക്കാമായിരുന്ന അവന്റെ അനുസരണം ഈ സ്വയം ചെറുതാവലിന്റെ, എളിമയുടെ, ശ്രേഷ്ഠ മാതൃകയാണ്. നാസായന്റെ ഈ എളിമയെ അനുകരിച്ച് ജീവിക്കാനാണ് നാമൊക്കെയും വിളിക്കപ്പെട്ടിരിക്കുന്നത്… നസ്രായന്റെ ഈ സ്വയം ശൂന്യമാക്കലിന്റെ മനോഭാവം നമ്മിലും നിരന്തരം നിറയേണ്ടി യിരിക്കുന്നു. ഫരിസേയരും, നിയമജ്ഞരുമൊക്കെ വിവാഹ വിരുന്നുകൾക്കും, ദേവാലയങ്ങളിലുമൊക്കെ പ്രമുഖ സ്ഥാനം ലഭിക്കാൻ വാശി പിടിക്കുന്നവരായിരുന്നു. പ്രമുഖ സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് തങ്ങൾ മറ്റുള്ളവരെക്കാൾ ശ്രേഷ്ഠരാണെന്ന് കാണിക്കാനുള്ള ആത്മീയ അഹങ്കാരത്തിന്റെ തലം അവരിൽ ഉണ്ടായിരുന്നു. ഇവരിൽ നിന്ന് വ്യതസ്തരായ ഒരു ഇടയ നേതൃത്വത്തെയാണ് തന്റെ വാക്കുകളിലൂടെ, മാതൃകയിലൂടെ നസ്രായൻ പടുത്തയർത്താൻ ശ്രമിക്കുന്നത്.
വിവാഹ വിരുന്ന് നടത്തുമ്പോൾ തിരിച്ച് ഒന്നും തരാനില്ലാത്തവരെ ക്ഷണിക്കണമെന്ന നസ്രായന്റെ വാക്കുകൾ അവനെപ്പോലെ പരിധികളും, വ്യവസ്ഥകളും, നിബന്ധനകളുമില്ലാത്ത നിർമല സ്നേഹത്തിലേക്ക് വളരാനുള്ള ക്ഷണമാണ്. നമ്മുടെയൊക്കെ ചെറുതും വലുതുമായ വിരുന്നുകളിലൊക്കെ ഈ മനോഭാവം നിഴലിക്കണം. ആരുംപോരുമില്ലാത്തവരെക്കൂടി കരുതുന്നതാവണം നമ്മുടെ വിരുന്നുകൾ… ഒരു പക്ഷെ മറ്റൊരു വിരുന്ന് നടത്തി നമ്മെ ആ വിരുന്നിലേക്ക് ക്ഷണിക്കാൻ ഇവർക്ക് ആവണമെന്നില്ല, എന്നാൽ നിത്യതയിലേക്കുള്ള ആ വിരുന്നിൽ നമ്മുടെ ഇടം ഉറപ്പാക്കുന്നത് ഈ നിസ്വാർത്ഥ സ്നേഹത്തിലുള്ള നമ്മുടെ വളർച്ചയും അതിൽ നിന്ന് നിർഗളിക്കുന്ന കരുതലുമാണ്… നസ്രായന്റെ എളിമയിലേക്കും, നിസ്വാർത്ഥ സ്നേഹത്തിലേക്കും നമുക്കും വരാനാവട്ടെ എന്ന പ്രാർത്ഥനയോടെ… നാസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…