ആഗമനകാലം ഒന്നാം ഞായർ, Cycle B, ലൂക്കാ. 21:25-28,34-36

ലൂക്കാ. 21:25-28,34-36
നോവിഷിയേറ്റിൽ മാസ്റ്ററച്ചൻ പകർന്ന് തന്ന വലിയ സുകൃതങ്ങളിലൊന്ന് പരിപാടികളെക്കാൾ പ്രധാന്യം നൽകേണ്ടത് തയ്യാറെടുപ്പുകൾക്കാണെന്ന ബോധ്യമായിരുന്നു.. നസ്രായന്റെ അഗമനത്തിനായിയുള്ള തയ്യാറെടുപ്പുകളിലേക്ക് നാം പ്രവേശിക്കുകയാണ്. ആഗമന കാലത്തിലെ ആദ്യ ഞായർ നമ്മെ കൂട്ടി കൊണ്ട് പോവുന്നത് നസ്രായന്റെ ആദ്യവരവിന്റെ ഓർമ്മ അനുസ്മരിച്ച് കൊണ്ട് ജീവിതം പാകപ്പെടുത്താനല്ല മറിച്ച് അവന്റെ രണ്ടാം വരവിനെ മുന്നിൽ കണ്ട് കൊണ്ട് ജീവിതം പാകപ്പെടുത്താനാണ്. തന്റെ മഹത്വത്തിന്റെ അകമ്പടിയൊന്നുമില്ലാതെ അരോരുമറിയാതെ തണുത്തുറഞ്ഞ ഒരു പാതിരാവിൽ പാർശ്വവൽക്കരികപ്പെട്ടവന്റെ ഇടമായ ഒരു കുഞ്ഞു കാലിതൊഴുത്തിലാണ് നസ്രായൻ ഈ ഭൂവിലേക്ക് മനിഷ്യ ശരീരം സ്വീകരിച്ച് കടന്ന് വന്നതെങ്കിൽ രണ്ടാം വരവ് തന്റെ മഹത്വത്തോടും കുടിയാണെന്നാണ് വേദപുസ്തകത്തിൽ പറഞ്ഞ് വച്ചിട്ടുള്ളത്. എന്നാൽ ആദ്യത്തെ വരവിലും രണ്ടാമത്തെതിലും ഒരു കാര്യം മാത്രമാണ് പൊതുവായിട്ടുള്ളത്. അതായത് അവൻ കടന്നുവരുന്നത് ആരും നിനച്ചിരിക്കാത്ത സമയത്താണെന്നുള്ളതാണ്. ലൂക്കാ സുവിശേഷകൽ നമ്മോട് പറയുന്നത് പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ അതായത് സൂര്യന്റെയും, ചന്ദ്രന്റെയും, നക്ഷത്രങ്ങളുടെയും, ഭൂമിയുടെമൊക്കെ അവസ്ഥാന്തരങ്ങളിൽ നിന്ന് അവന്റെ വരവ് മനസ്സിലാക്കാമെന്നാണ്. സുനാമി ഉണ്ടായിട്ടും ആഗോള താപനത്തിന്റെ കെടുതികൾ അനുവദിച്ച് തുടങ്ങിയിട്ടും അടുത്തിടെ കാലാവസ്ഥ വ്യതിയാനത്തിന്റെ മാറ്റങ്ങളൊക്കെ ഉണ്ടയിട്ടും ലോകം അവസാനിക്കാൻ പോവുകയാണോ എന്ന ചെറിയ ആവലാതി അല്ലാതെ നസ്രായന്റെ രണ്ടാം വരവ് നമ്മുടെയൊക്കെ സ്വപ്നങ്ങളിലോ പ്രതീക്ഷകളിലൊ ഇല്ലെന്നുള്ളത് നഗ്നമായ യഥാർത്ഥ്യമല്ലെ …
ആ ആദിമ നൂറ്റാണ്ടിൽ ജീവിച്ച നസ്രായന്റെ അനുയായികൾ ഈ യാഥാർത്ഥ്യത്തെ മുന്നിൽ കണ്ട് കൊണ്ട് ജീവിതത്തെ പരുവപ്പടുത്തിയവരായിരുന്നു. പക്ഷെ നസ്രായൻ തന്നെ പറഞ്ഞു വെച്ചിട്ടുള്ള തന്റെ രണ്ടാം വരവിന്റെ ആ മുഹുർത്തം നമ്മുക്കൊക്കെ അപ്രാപ്യമാണ്…. ആദിമ ക്രൈസ്തവർ ആ ബോധ്യത്തിന്റെ തീവ്രതയിൽ ജീവിച്ചെങ്കിൽ നമ്മളൊക്കെ ആ ബോധ്യം തന്നെ മറന്ന് ആരാധക്രമാനുഷ്ഠാനങ്ങളിലെ കുറവുകളുടെയും ധാരാളിത്തത്തിന്റെയും പേരിൽ ഇണങ്ങിയും, പിണങ്ങിയുമൊക്ക നമ്മുടെ വിശ്വാസയാത്ര സംഭവ ബഹുലമാക്കുകയാണ് …. നസ്രായന്റെ രണ്ടാം വരവിനെക്കുറിച്ചുള്ള കൃത്യത നമ്മുക്ക് കണക്കാക്കാനാവില്ലെങ്കിലും സുവിശേഷ ഗ്രന്ഥകർത്താക്കളുടെ ഭാവന മാത്രമായി നാം ഈ യാഥാർത്ഥ്യത്തെ കരുത്തുന്നുണ്ടോ ? നസ്രായൻ തന്റെ പഠനങ്ങളിലൂടെയും ഉപമകളിലൂടെയുമൊക്കെ അടിവരയിട്ട് പറഞ്ഞുറപ്പിച്ച യാഥാർത്ഥ്യമാണ് അവന്റെ രണ്ടാം വരവ്. പത്ത് കന്യകമാരുടെ ഉപമയിലെ മണവാളൻ അവൻ അല്ലാതെ മറ്റാരാണ് ? മണവാളൻ വൈകി, പാതിരാത്രിക്കുമപ്പുറമാണ് എത്തുകയെന്നറിഞ്ഞിട്ടും തങ്ങളുടെ വിളക്കുകൾക്ക് വേണ്ട എണ്ണ കരുതാത്ത വിഡികളായ കന്യകമാർ നസ്രായന്റെ രണ്ടാം വരവിനെ നിസ്സാരമായി കണക്കാക്കി ഒരുങ്ങാതെ പോയവരുടെ പ്രതീകമല്ലേ …. വൈകിയ വേളയിൽ അവർ ചില തയ്യാറെടുപ്പുകളൊക്കെ നടത്തി തിരിച്ചെത്തുമ്പോഴേക്കും കതകുകൾ മണവാളൻ തന്നെ അവരുടെ മുന്നിൽ കൊട്ടിയടക്കുകയാണെന്ന യാഥാർത്ഥ്യം നാം വിസ്മരിക്കാതിരിക്കട്ടെ … ഈ വിശ്വാസ യാത്രയിലെ ഓരോ ദിനവും നിമിഷവും നിമിഷാർദ്ധങ്ങളുമൊക്കെ നമുകൊക്കെ നിർണയകമായ ഘടകങ്ങളാണ്.
ഉണർന്നിരുന്ന് പ്രാർത്ഥിക്കാൻ ഗത്സമന്നിൽ നസ്രായൻ തന്റെ അരുമ ശിഷ്യരോട് പറയുന്നത് നമ്മുടെയൊക്കെ ഇരുണ്ട രാത്രികളെ തരണം ചെയ്യാനുള്ള കൃപയ്ക്ക് വേണ്ടിയാണ് … നസ്രായന്റെ മാനവികരണത്തിന്റെ ഓർമ്മ നാം ആഘോഷിക്കാനൊരുങ്ങുമ്പോൾ കാലത്തിന്റെ അടയാളങ്ങൾ വിവേചിച്ച് പ്രാർത്ഥനയുടെ ജപമണികൾ കൂട്ട് പിടിച്ച് അപ്രതീക്ഷിതമായി എത്തുന്ന അവന്റെ രണ്ടാം വരവിന് ദൈവ കരുണ നമ്മെ ഒരുക്കട്ടെ എന്ന് പ്രാർത്ഥിക്കാം… ഹൃദയത്തിന്റെ അൾത്താരയിൽ ഉണ്ണിയേശുവിനെ ഒരുക്കത്തോടെ വരവേൽക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ ഹൃദയത്തിൻ ചാരെ …