ലൂക്കാ. 24:46-53
നസ്രായന്റെ സ്വർഗ്ഗാരോപണ തിരുനാൾ… നിത്യതയിലെ അബ്ബായൊടൊപ്പമായവൻ, അബ്ബായുടെ സന്നിധിയിലേക്ക്, നിത്യതയിലേക്ക് മടങ്ങുകയാണ്. ഒറ്റയ്ക്കാണ് വചനമായവൻ തന്റെ നിത്യതയിൽ നിന്ന് നമ്മുടെ സമയത്തിലേക്ക്, മാംസം ധരിച്ച് കടന്ന് വരുന്നത്. എന്നാൽ മടക്ക യാത്ര ഒറ്റയ്ക്കല്ല. രക്തം ചിന്തി താൻ സ്വന്തമാക്കിയ എല്ലാവരുമായിട്ടാണ് അവന്റെ മടക്കയാത്ര. സ്വർഗ്ഗാരോപണ തിരുനാൾ നൽകുന്ന പ്രത്യാശ ഇത് തന്നെയാണ്, നസ്രായനെപ്പോലെ അബ്ബായുടെ അടുത്തേക്ക് ഒരു നാൾ നമുക്കം മടങ്ങാനാവും. നസ്രായനാകുന്ന വഴിയിലൂടെ, സത്യത്തിലൂടെ, ജീവന്റെ നിറവിലൂടെ കടന്നായിരിക്കും നാം അബ്ബായുടെ അടുത്തെത്തുക. സാധാരണ വിട പറയലുകളൊക്കെ ദു:ഖസാന്ദ്രമാണ്. ഒരിടത്തും കെട്ടി കെടുക്കാതെ ശാന്തമായി ഒഴുകുന്ന പുഴയാണ് സന്യാസമെന്നൊക്കെ വാതോരാതെ പറഞ്ഞിട്ടും, എഴുതിയിട്ടുമൊക്കെ, ആയിരുന്ന ഇടങ്ങളോട് വിടപറയുമ്പോഴുള്ള വേദന അത്ര നിസ്സാരമല്ലട്ടോ…
നസ്രായന്റെ ഈ വിടവാങ്ങൽ മനസ്സിനെ വല്ലാതെ അതിശയിപ്പിക്കുന്നുണ്ട്. തന്റെ മരണത്തിന് മുമ്പ് വിടവാങ്ങലിനെക്കുറിച്ച് അവൻ സംസാരിക്കുമ്പോൾ അവന്റെ തോഴരുടെ ഹൃദയം ദുഃഖഭാരത്താൽ വിങ്ങിയിരുന്നു. നസ്രായനും വേദനയുണ്ടായിട്ടുണ്ടാവുമൊ?എന്നാൽ തന്റെ പിതാവിന്റെ പക്കലേക്കുള്ള മടക്കയാത്രയിൽ – അവന്റെ സ്വർഗ്ഗാരോപണം, നമ്മുടെയൊക്കെ കണക്കുട്ടലുകൾ തെറ്റിക്കുകയാണ്. അവിടെ ശിഷ്യരെ വേർപിരിയുന്നതിന്റെ വേദന നസ്രായനൊ, തങ്ങളുടെ പ്രിയനെ ഇനി കാണാനാവില്ലെന്ന നൊമ്പരം ശിഷ്യരെയൊ അട്ടുന്നില്ല. ശാരികമായ അവന്റെ സാന്നിദ്ധ്യം ഈ ഭൂവിൽ ഇനി തങ്ങൾ അനുഭവിക്കില്ലെങ്കിലും ആത്മീയമായി, കൗദാശികമായി നിഴൽ പോലെ അവൻ കൂടെയുണ്ടാകുമെന്ന ഉപ്പ് അവർക്കുണ്ട്. ‘ഇതന്റെ ഓർമ്മയ്ക്കായ് ചെയ്യുവിൻ,’ എന്ന് പറഞ്ഞ് അവന്റെ അന്ത്യത്താഴത്തിന്റെ സ്മരണ പുതുക്കുമ്പോഴെല്ലാം അവൻ സ്നേഹമായി മാറിയ ആ നിമിഷത്തെ പുനരാവിഷ്ക്കരിച്ച് കൊണ്ട് തന്റെ തിരുശരീര രക്തങ്ങൾ പങ്ക് വെച്ച് നൽകാനായ്, തന്റെ ശിഷ്യരുടെ ചാരത്തേക്ക് ഓരോ നിമിഷവും അവൻ കടന്ന് വരുന്നുണ്ട്. അങ്ങനെയെങ്കിൽ പിന്നെന്തിനാണ് സങ്കടപ്പെടുന്നത്? പ്രതീക്ഷകളാണ് വിടപറയുന്ന ഈ വേളയിൽ നാസായനിലും അവന്റെ തോഴരിലും നിറയുന്നത്. താൻ മൂന്ന് വർഷം കൊണ്ട് സമാരംഭിച്ച ദൈവരാജ്യം ഇനി ലോകത്തിന്റെ അതിർത്തികളിലേക്ക്, എല്ലാ സംസ്ക്കാരത്തിലും പെട്ട ജനസഞ്ചയങ്ങളുടെ ഇടയിലേക്ക് കൊണ്ട് പോവാൻ പോകുന്നത് സാധരണക്കാരും ബലഹീനരുമായ തന്റെ ഈ തോഴരാണ്. താൻ ഇനി ശാരിരിക സാന്നിദ്ധ്യമായി ഒപ്പമില്ലെന്നറിയുമ്പോഴും, കൂട്ടായ് അവർക്ക് അവൻ നൽകുന്നത് തന്റെ പരിശുദ്ധാത്മാവിനെയാണ്. അവരോട് ആത്മാവിന്റെ ആഗമനം വരെ നഗരത്തിൽ തന്നെ വസിക്കാൻ പറയുന്നത് എത്രമാത്രം ആത്മാവിന്റെ സഹായത്താൽ, നിറവിനാൽ നാമൊക്കെ ജീവിക്കേണ്ടവരാണെന്ന ഓർമ്മപ്പെടുത്തലല്ലേ… സംതൃപ്തിയോടെ, സമാധാനത്തോടെ അവൻ വിടവാങ്ങുകയാണ്. വിടവാങ്ങുന്നത് എന്നേക്കുമായി വിട പറയാനല്ല… വീണ്ടും വരാനാണ്.
ലോകചരിത്രം ഏറ്റവും വലിയ പരാജയമായ് എഴുതിതള്ളിയ ജീവിതം പ്രപഞ്ചം കണ്ട ഏറ്റവും വലിയ വിജയമായ് മാറുന്നത് ചരിത്രത്തിൽ രേഖപ്പെടുത്താത്ത അവന്റെ ഉത്ഥാനത്തെയും, സ്വർഗ്ഗാരോപണത്തെയും, ചേർത്ത് വായിക്കുമ്പോൾ മാത്രമാണ്. നസ്രായനോടുള്ള സ്നേഹത്തിൽ, അവന്റെ വ്യക്തിത്യത്തെക്കുറിച്ചുള്ള അറിവിൽ നാൾക്ക് നാൾ അഴപ്പെടാനാവട്ടെ എന്ന പ്രാർത്ഥനയോടെ… സ്വർഗ്ഗാരോപണ തിരുനാളിന്റെ മംഗളങ്ങൾ നേർന്നുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…