ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ, Cycle B, മാർക്കോ. 7:1-8, 14-15, 21-23

മാർക്കോ. 7:1-8, 14-15, 21-23
ശുദ്ധീകരണ കർമ്മങ്ങൾക്ക് വളരെ അധികം പ്രാധാന്യം നൽകുന്ന ജീവിത രീതിയാണ് യഹൂദ സമൂഹത്തിൽ നിലനിന്നിരുന്നത്. എല്ലാ മതവിഭാഗങ്ങളിലും ബാഹ്യവും ആന്തരികവുമായ ശുദ്ധിയുമായി ബന്ധപ്പെട്ട ആചാരനുഷ്ഠാനങ്ങൾ നമുക്ക് ദർശിക്കാവുന്നതാണ്. ഈ ആചാരാനുഷ്ഠാനങ്ങളുടെയൊക്കെ പിന്നിൽ ശുദ്ധതയുടെ ഉറവിടമായ ദൈവത്തിന്റെ സന്നിധിയിൽ ആയിരിക്കാൻ യോഗ്യതയില്ലാത്ത മനുഷ്യ ജൻമങ്ങളുടെ എളിമപ്പെടാനുള്ള ശ്രമങ്ങളാണ് . പക്ഷെ താൻ മറ്റുള്ളവരെക്കാൾ ദൈവസനിധിയിൽ യോഗ്യനും, ശുദ്ധി നിറഞ്ഞവനുമാണെന്ന ചിന്ത പല ആചാരങ്ങളുടെയും ആന്തരികസത്ത തന്നെ നശിപ്പിച്ചു കളയാറുണ്ട്. ദൈവസന്നിധിയിലെ നമ്മുടെ യോഗ്യത എന്നത് കേവലം ബാഹ്യമായ ശുദ്ധി മാത്രമല്ല മറിച്ച് ഓരോ വ്യക്തിയും ദൈവത്തിന്റെ ഛായയിലും സാദ്യശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരാണ് എന്നുള്ള യാഥാർത്ഥ്യമാണ്. നസ്രായന്റെ സമൂഹത്തിനുണ്ടായ ഏറ്റവും വലിയ അപചയമെന്നത് തങ്ങൾ മറ്റുള്ളവരെക്കാൾ യോഗ്യരാണെന്നുള്ള മതനേതാക്കളുടെ ചിന്തയായിരുന്നു. ബാഹ്യമായ വിശുദ്ധിയെ സംബന്ധിച്ചുള്ള ആചാരഅനുഷ്ഠാനങ്ങളൊക്കെ കിറുകൃത്യമായി ഇവർ ആചരിച്ച് പോന്നിരുന്നു. പക്ഷെ ആന്തരികമായ വിശുദ്ധിക്കൊ, സഹോദര സ്നേഹത്തിനൊ അവർ തെല്ലും പ്രാമുഖ്യം നൽകിയിരുന്നില്ല. ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടി കൊണ്ട് പോകുന്നത് അത്തരമൊരു മുഹൂർത്തത്തിലേക്കാണ്.
തങ്ങളുടെ കരങ്ങൾ വൃത്തിയാക്കാതെ ഭക്ഷിക്കുന്ന ശിഷ്യൻമാരെ കഠോര പാപികളായിട്ടാണ് ഫരിസേയർ ചിത്രീകരിക്കുന്നത്. ബാഹ്യമായ ശുദ്ധി ആന്തരികമായ ശുദ്ധിയുടെ പ്രതീകം തന്നെയാണ്. പക്ഷെ ഫരിസേയരുടെ പരാജയമെന്നത് ബാഹ്യമായ ശുദ്ധിയിൽ മാത്രമായി അവരുടെ ശ്രദ്ധ ഒതുങ്ങി പോയി എന്നതാണ്. നസ്രായൻ തന്റെ പരസ്യ ജീവിതത്തിൽ ഏറ്റവുമധികം കലഹിച്ചത് ഫരിസേയരുടെ കാപട്യ മനോഭാവത്തോടായിരുന്നു. സമൂഹം ഇടറിയവരെന്ന് മുദ്രകുത്തിയ ചുങ്കകാരെയും, ഗർഭണികളെയുമെല്ലാം നാസ്രായൻ തന്റെ ഹൃദയത്തോട് ചേർത്ത് നിറുത്തുന്നതിന്റെ അസുലഭ മുഹൂർത്തങ്ങാണ് സുവിശേഷം നമുക്ക് സമ്മാനിക്കുന്നത്.
കാലം ദർശിച്ച ഏറ്റവും മൂർച്ചയേറിയ വിമർശന ശരങ്ങൾ നസ്രായന്റെതായിരിക്കണം. തീക്ഷണത നിറഞ്ഞ മതനേതാക്കളായി അവരോധിക്കപ്പെട്ട ഫരിസേയരെയും, സദുക്കേയരെയും, നിയമഞ്ജരെയുമൊക്ക വെള്ളയടിച്ച കുഴിമാടങ്ങളെന്നും, അണലി സന്തതികളെന്നുമൊക്കെ വിശേഷിപ്പിച്ചത് അവരുടെ ആന്തരിക ജീർണ്ണതയെ തുറന്ന് കാട്ടാനായിരുന്നു. ബാഹ്യമായ ശുദ്ധിയിൽ മാത്രം ശ്രദ്ധിച്ച് തങ്ങളുടെ ആന്തരിക മനുഷ്യനിലേക്ക് നോക്കാൻ മറന്ന് പോയവരായിരുന്നു ഇക്കൂട്ടർ. ആരെയെക്കെയൊ കാണിക്കുന്നതിനുള്ള ആത്മീയജൽപ്പന്നങ്ങളായി അവരുടെ ആത്മീയത അധ:പതിച്ചു. സുവിശേഷത്തിന്റെ അകത്തളങ്ങളിലേക്ക് കണ്ണോടിക്കുമ്പോൾ നാം തിരിച്ചറിയുന്ന യാഥാർത്ഥ്യം നസ്രായൻ ഒരു പുതിയ മതം സ്ഥാപിക്കാനൊന്നുമല്ല ശ്രമിച്ചത് മറിച്ച് ബാഹ്യമായ ആചാരനുഷ്ഠാനങ്ങളുടെ അകത്തളങ്ങളിൽ ഒതുങ്ങിപ്പോയ യഹൂദതയെ അതിന്റെ ആന്തരിക സത്തയിലേക്ക്, നവീകരണന്നിലേക്ക് നയിക്കാനുള്ള ശ്രമങ്ങളായിരുന്നു നസ്രായന്റേത്. പ്രാർത്ഥനാ നിമിഷങ്ങളെ സ്വന്തം മുറിയുടെ ആവൃതിയിലൊതുക്കാനും, ഉപാസ ദിനങ്ങളെ ആത്മീയതയുടെ ആഘോഷമാക്കാനും, ദാനദർമ്മങ്ങൾക്ക് രഹസ്യത്തിന്റെ മറ നൽകാനുമൊക്കെയുള്ള അവന്റെ പ്രചോദനം ആന്തരികതയിൽ അധിഷ്ഠിതമായ ആത്മീയതയിലേക്ക് വളരാനുള്ള ക്ഷണമായിരുന്നു.
പുറമെ നിന്ന വരുന്ന ഒന്നും നമ്മുടെ ജീവിതന്നെ അശുദ്ധമാക്കുന്നില്ല എന്ന നാസായന്റെ വാക്കുകൾ നമ്മെ നയിക്കേണ്ടത് എല്ലാ പ്രവർത്തികർക്കും ആധാരം നമ്മുടെ ആന്തരിക ജീവിതമാണെന്ന യാഥാർത്യത്തിലേക്കാണ്. കപടതകളില്ലാത്ത ആത്മീയ ജീവിതം രൂപപ്പെടുത്താൻ നസ്രായന്റെ വാക്കുകൾ നമ്മെ പ്രചോദിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ചാരെ …