ലുക്കാ. 16: 19-31
“അവൻ അപ്പമെടുത്തു, കൃതജ്ഞതാസ്തോത്രം ചെയ്ത്, മുറിച്, അവർക്ക് കൊടുത്തുകൊണ്ട് അരുൾ ചെയ്തു: ഇത് നിങ്ങൾക്കുവേണ്ടി നൽകപ്പെടുന്ന എൻറ്റെ ശരീരമാണ്. എൻറ്റെ ഓർമ്മയ്ക്കായി ഇതു ചെയ്യുവിൻ. ( ലുക്കാ.22 :19) നസ്രായൻറ്റെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂർത്തമായി തോന്നുന്നത് തന്നെത്തന്നെ ശിഷ്യന്മാർക്കായി പകുത്തുനൽകുന്ന ഈ അസുലഭനിമിഷമാണ്… ഇതെൻറ്റെ ഓർമയ്ക്കായി ചെയ്യുവിൻ എന്ന് മൊഴിഞ്ഞാണ് വാക്കുകളിൽ താൻ ഒളിപ്പിച്ച അമൂർത്തമായ ആ സ്നേഹഭാവത്തെ ചിന്തകൾക്കും ഭാവനകൾക്കൊക്കെ അതീതമായി മരക്കുരിശിലെ ആ സ്നേഹഗാഥയായി രൂപപ്പെടുത്താൻ അവൻ ഇറങ്ങി തിരിക്കുന്നത്… പങ്കുവെയ്ക്കലിൻറ്റെ ഈ ഓർമ്മ പുതുക്കുമ്പോഴെല്ലാം ആദൃശ്യനായ ഈ ആതമസുഹൃത്തിൻറ്റെ സാന്നിദ്ധ്യം നമ്മുടെ ചാരെയുണ്ട്. പങ്കുവെയ്ക്കലിൻറ്റെ ഈ ആത്മീയതയിലേക്ക് നാമൊക്കെ ആഴപ്പെട്ടിട്ടുണ്ടോ?
ഇന്നത്തെ സുവിശേഷം നമ്മെ സമീപിക്കുന്നത് ഇതേ ആഹ്വവാനവുമായാണ്. ലാസറും ധനവാനും നമുക്ക് അപരിചിതരല്ലല്ലോ! ഒരുപക്ഷെ നമ്മുടെ ജീവിത വീഥിയിൽ നാം കണ്ടുമുട്ടിയതും ജീവിച്ചതുമായ ചില മുഖങ്ങൾ… ദാനമായി കിട്ടിയ സുകൃതങ്ങളെയുo സർവോപരി എന്നെത്തന്നേയും പങ്കുവെയ്ക്കാൻ വിമുഖത കാണിച്ചപ്പോൾ ഞാൻ പ്രതിഫലിപ്പിച്ചത് ധനവനെത്തന്നെയാണെന്നു കൊഞ്ഞനംകാട്ടി ഉള്ളം മന്ത്രിക്കുന്നുണ്ട്… ലാസർമാരുടെ നോട്ടങ്ങളെ കണ്ടിട്ടും കണ്ടില്ലെന്ന് നടിച് കടന്ന് പോയ നിമിഷങ്ങൾ… ആരൊക്കെയോ നമ്മുടെ കാരുണ്യം പ്രതീക്ഷിച്ചു നമ്മെ കാത്തിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തലല്ലേ ഈ ഉപമ നമുക്ക് സമ്മാനിക്കുന്നത്… നാം കണ്ടുമുട്ടുന്ന ലാസർമാരിലേക്കു പങ്കുവെയ്ക്കലിൻറ്റെ കൃപയായി കനിഞ്ഞിറാങ്ങാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ…