ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷം സൃഷ്ടിക്കുന്ന രക്തച്ചൊരിച്ചിലുകളുടെ നടുക്കുന്ന വാർത്തകളാണ് അനുദിനം നമ്മെ തേടിയെത്തുന്നത്. ഇസ്രായേലിലേക്കുള്ള ഹമാസിന്റെ കടന്ന് കയറ്റവും, ഇസ്രായേൽ വംശജരെ മനുഷ്യത്വത്തിന്റെ പരിഗണന പോലുമില്ലാതെ കൊന്ന് തള്ളുകയും ഇരുന്നൂറിൽ പരം ഇസ്രായേൽ വംശജരെ ബന്ദികളാക്കി തുടങ്ങിയ രക്ത ചൊരിച്ചിലിന് ഇസ്രായേൽ മറുപടി നൽകിയതും മറ്റൊരു രക്ത ചൊരിച്ചിലിലൂടെയാണ്. ഏഴായിരത്തിൽപരം ആളുകൾ ഇതിനോടകം ഗാസയിൽ മരിച്ചിട്ടുണ്ട്. ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിൽ പകുതിയലധികം തങ്ങൾക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് പോലും തിരിച്ചറിയാനാവാത്ത കുട്ടികളായിരുന്നു. ഹമാസ് എന്ന തീവ്രവാദ സംഘടനയെ വേട്ടയാടുമ്പോൾ പൊലിയുന്ന നിഷ്ക്കളങ്ക രക്തത്തിന് എന്ത് സമാധാനമാണ് ഇസ്രായേൽ പറയുക? വൈദ്യുതിയും, ജലവും, മരുന്നുകളും, നിത്യോപയോഗ സാധങ്ങളും പോലും കടത്തിവിടാതെ ഇസ്രായേൽ പ്രതികാരം ചെയ്യുമ്പോൾ അവർ നെഞ്ചോട് ചേർക്കുന്ന തോറ (പഴയ നിയമം) കാലഹരണപ്പെടുകയാണൊ?
സുവിശേഷത്തിൽ നാം ധ്യാനിക്കുക യേശു നാഥനോട് എറ്റവും സുപ്രധാനമായ കൽപന ഏതാണെന്ന് ആരായുന്ന നിയമജ്ഞനെയാണ്. ഉത്തരം അറിയാഞ്ഞട്ടല്ല ഈ ചോദ്യം അദ്ദ്ദേഹം ചോദിക്കുക മറിച്ച് നസ്രായന്റെ അറിവിനെ പരീക്ഷിക്കാനും, അവന്റെ ഉത്തരത്തിലെ കുറവുകൾ അപഗ്രഥിച്ച് അവനെ ചെറുതാക്കാനും വേണ്ടി തന്നെയാണ്. ഒരു പക്ഷെ നിയമജ്ഞൻ വിചാരിച്ചിരിക്കുക മോശവഴി നൽകപ്പെട്ട പത്ത് കൽപനകളിൽ ഏതെങ്കിലുമൊരു കൽപന ഈ ചോദ്യത്തിനുള്ള ഉത്തരമായി നസ്രായൻ ചൂണ്ടികാട്ടും. അങ്ങനെയെങ്കിൽ എന്തുകൊണ്ട് മറ്റ് ഒമ്പത് കൽപനകൾ പ്രധാനപ്പെട്ടതല്ല എന്ന മറുചോദ്യം മനസ്സിൽ കണ്ട് കൊണ്ടാണ് നസ്രായനോട് ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഏതാണെന്ന ചോദ്യശരം നിയമജ്ഞൻ തൊടുക്കുക.
നസ്രായൻ നൽകുന്ന ഉത്തരം എല്ലാ പ്രാർത്ഥനാ വേളകളിലും ഇസ്രായേൽ ജനം ഉരു വിടുന്ന ക്ഷേമാ ഇസ്രായേൽ: ‘നിന്റെ ദൈവമായ കർത്താവിനെ പൂർണ്ണ ഹൃദയത്തോടും, പൂർണ്ണ മനസ്സോടും, പൂർണ്ണ ശക്തിയോടും കൂടി സ്നേഹിക്കുക.’ അതോടൊപ്പം നസ്രായൻ ഒരു കാര്യം കൂടി ചേർക്കുന്നുണ്ട് നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക. പത്ത് കൽപനകളെ നമുക്ക് രണ്ടായി തിരിക്കാം. ആദ്യത്തെ മൂന്ന് കൽപനകൾ ദൈവത്തോടുള്ള നമ്മുടെ ഉത്തരവാദിത്വമാണങ്കിൽ തുടർന്നുള്ള ഏഴ് കൽപനകൾ നമ്മുടെ സഹോദരങ്ങളോട്, അയൽക്കാരോടുള്ള നമ്മുടെ ഉത്തരവാദിത്വമാണ്. തന്റെ ഉത്തരത്തിലൂടെ ഈ പത്ത് കൽപനകളുടെയും രത്നചുരുക്കമാണ് യേശുനാഥൻ ആ നിയമജ്ഞനോട് പങ്ക് വയ്ക്കുക. എല്ലാ നിയമങ്ങളും പ്രവചനങ്ങളും ഈ രണ്ട് നിയമത്തിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നാണ് നസ്രായൻ പഠിപ്പിക്കുക. തന്നെപ്പോല തന്റെ അയൽക്കാരെയും സ്നേഹിക്കേണ്ടത് എങ്ങിനെയാണെന്ന് പുറപ്പാട് പുസ്തകത്തിൽ നാം വായച്ചറിയുന്നുണ്ട്. ദൈവം ഇസായേൽ ജനത്തോട് പറയുന്നുണ്ട്. “നിങ്ങൾ പരദേശിയെ ദ്രോഹിയുകയൊ, ഞെരുക്കുകയൊ അരുത്. നിങ്ങൾ ഈജിപ്തിൽ പരദേശികളായിരുന്നല്ലൊ. വിധവയെയൊ, അനാഥനെയൊ നിങ്ങൾ പീഡിപ്പിക്കരുത്. നിങ്ങൾ അവരെ ഉപദ്രവിക്കുകയും, അവർ എന്നെ വിളിച്ച് കരയുകയും ചെയ്താൽ ഞാൻ നിശ്ചയമായും അവരുടെ നിലവിളി കേൾക്കും.” തന്റെ സ്വന്തം ജനമായ ഇസ്രായേലിന്റെ നിലവിളി മാത്രമല്ല. ക്ഷമയുടെ മാതൃക ഉൾകൊള്ളാതെ അവരാൽ ഞെരുക്കപ്പെടുന്ന നിരപരാധികളുടെ നിലവിളിയും ദൈവം കേൾക്കുക തന്നെ ചെയ്യും. നാസായന്റെ ക്ഷമിക്കുന്ന സ്നേഹം നമ്മുടെ ഹൃദയത്തിൽ നിറയട്ടെ… ഇസ്രായേലിനും പാലസ്തീനുമിടയിൽ വീണ്ടും സമാധാനം പുലരട്ടെ എന്ന് പ്രാർത്ഥിച്ച് കൊണ്ട്… നാസായന്റെ തിരുഹൃദയത്തിൻ ചാരെ…