മത്താ. 2:13-15, 19-23
ഇന്ന് നാം നസ്രസിലെ തിരുക്കുടുംബത്തിൻറ്റെ തിരുനാൾ ആഘോഷിക്കുകയാണല്ലോ… ഈ തിരുക്കുടുംബത്തിൻറ്റെ ജീവിതമാതൃക നമ്മോട് ആവശ്യപ്പെടുന്നതും നാം ആയിരിക്കുന്നിടങ്ങളെ തിരുക്കുടുംബത്തിൻറ്റെതുപോലെ കരുതലിൻറ്റെയും, സന്തോഷത്തിൻറ്റെയും, വിശുദ്ധിയുടെയും ഇടങ്ങളാക്കി മാറ്റാനാണ്. മംഗളവാർത്ത മുതൽ ഈ കുടുംബത്തിലെ ഓരോ അംഗങ്ങളെയും കാത്തിരുന്നത് വെല്ലുവിളികളാണ്.
ദൈവഹിതത്തിന് തന്നെത്തന്നെ സമർപ്പിച്ച, തന്നെ കാത്തിരിക്കുന്ന അപമാനത്തെയോ, ശിക്ഷാ വിധികളെയോ ഭയക്കാതെ, നിറവയറുമായി ജോസഫിനോടൊപ്പം ബെത്‌ലെഹെമിലേക്കും, പിന്നീട് ഈജിപ്തിലേക്കും പലായനം ചെയേണ്ടിവരുന്ന പരിശുദ്ധ കന്യകാമറിയം…
താനറിയാതെ ഗർഭിണിയായ പരിശുദ്ധ കന്യകാമറിയത്തെ , ദൈവവചനത്തിന് കാതോർത്തു ഇരു കയ്യും നീട്ടി തൻറ്റെ ഭവനത്തിലേക്ക് സ്വികരിക്കുന്ന ഔസേപ്പിതാവ്, ഹേറോദേസിൻറ്റെ സൈന്യത്തിനു മുന്നിൽ ഒറ്റയാനായി തിരുക്കുടുംബത്തെ നെഞ്ചോട് ചേർത്തു സംരക്ഷിക്കുന്ന ഈ മനുഷ്യൻ കടന്ന് പോയിട്ടുണ്ടാകാനിടയുള്ള മാനസിക സംഘർഷങ്ങൾ…
ആദിമുതലെ ദൈവത്തോടപ്പമുള്ള വചനം മാംസം ധരിച്ചു, നിസ്സഹായനായ കൈക്കുഞ്ഞായി, മനുഷ്യകരങ്ങളിൽ തന്നെത്തന്നെ ഭരമേൽപ്പിക്കുന്ന ദൈവപുത്രൻ…
വിനയത്തിൻറ്റെ മേലങ്കിയണിഞ്ഞ് നിസ്വാർത്ഥ സ്നേഹത്തിൽ ജീവിച്ച ഈ മൂന്നു ജന്മങ്ങളാണ്, നസ്രസിലെ അഭയാർത്ഥികളായ, ഒരിറ്റു ഭൂമി പോലും സ്വന്തമായി ഇല്ലാത്ത, നിരന്തരം വേട്ടയാടപ്പെട്ട ഈ കൊച്ചുകുടുംബത്തെ തിരുക്കുടുംബമാക്കുന്നത്. ദൈവസ്വരത്തിന് നിരന്തരം കാതോർക്കുന്നതും, ദൈവഹിതത്തോടു തങ്ങളുടെ ജീവിതങ്ങളെ ചേർത്തുവെയ്ക്കുന്ന ഇവരുടെ മനോഭാവത്തിലേക്ക് നാമൊക്കെ വളരുമ്പോൾ നമ്മുടെ കുടുംബങ്ങളും തിരുക്കുടുംബങ്ങളാവും അതിനുള്ള കൃപകൾ തിരുകുടുമ്ബത്തിൻറ്റെ മാദ്യസ്ഥതയിലൂടെ നമുക്ക് ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ…