ആഗമനകാലം ഒന്നാം ഞായർ, Cycle B, മാർക്കോ. 13:33-37

മാർക്കോ. 13:33-37
പ്രതീക്ഷകളുടെ കുളിരണിഞ്ഞ ആഗമനകാലത്തിലേക്ക് നാം ഇന്ന് പ്രവേശിക്കുകയാണ്… കാലങ്ങളുടെ കാത്തിരിപ്പ് നസ്രായൻറ്റെ ജനനത്തിന് പിന്നിലുണ്ടായിരുന്നു. ഒരുപാട് പ്രവചനങ്ങളും അവൻറ്റെ ജനനവുമായി ബന്ധപ്പെട്ടുണ്ടായിരുന്നു. എന്നിട്ടും ചുരുക്കം ചിലർ മാത്രമാണ് അവൻറ്റെ വരവിനായി ഒരുങ്ങിയത്… സ്നാപകൻ അനുതാപത്തിൻറ്റെ ജ്ഞാനസ്നാനമൊക്കെ പ്രസംഗിച്ചിട്ടും, അതിനൊന്നും ചെവികൊടുക്കാതെ ഹൃദയം കഠിനമാക്കിയ ഒരുപാട്‌ പേർ ഉണ്ടായിരുന്നു… അതുകൊണ്ടാവണം അവൻ ചെയ്ത അടയാളങ്ങളൊക്കെ കണ്ടിട്ടും, അവനെ ഉൾകൊള്ളാൻ കഴിയാത്ത വ്യകതികളെ സുവിശേഷങ്ങളിൽ നാം കണ്ടുമുട്ടുന്നത്…
ഇന്നത്തെ സുവിശേഷം നമ്മോട് ആവശ്യപ്പെടുന്നത് നസ്രായൻറ്റെ രണ്ടാം വരവിനായി ഉണർന്നിരുന്ന് കാത്തിരിക്കാനാണ്… എങ്ങിനെയാണ് നാം ഉണർന്നിരിക്കേണ്ടത്? നസ്രായൻറ്റെ സുവിശേഷം നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കപ്പെടുന്നുണ്ടോ? അവൻറ്റെ വചനത്തെ നമ്മുടെ ജീവിതത്തിൽ മാംസം ധരിക്കാൻ നാം അനുവദിക്കുന്നുണ്ടോ ? നമ്മുടെ ഹൃദയ വയലിനെ മുപ്പതും, അറുപതും, നൂറ് മേനി ഫലം പുറപ്പെടുവിക്കാനായുള്ള നല്ല നിലമാക്കി ഒരുക്കിയിട്ടുണ്ടോ?
സ്നാപകൻ ഇത്തരത്തിലുള്ള ആത്മീയ ഒരുക്കത്തിൻറ്റെ ആവശ്യകഥയെക്കുറിച്ചാണ് പഠിപ്പിച്ചത്. ആത്മീയ ഒരുക്കത്തിൻറ്റെ സാന്നിദ്ധ്യമില്ലാതെ അവനെ സ്വീകരിക്കാൻ നമുക്കാവില്ല…നസ്രായൻ പുറത്തുനിന്ന് വാതിലിൽ മുട്ടുന്ന ചിത്രം നമുക്കൊക്കെ സുപരിചിതമാണല്ലൊ… സുവിശേഷങ്ങളിൽ ഉയർപ്പിന്‌ശേഷം സ്ഥലകാല പരിമിതികളില്ലാതെ പ്രത്യക്ഷപ്പെടുന്ന നസ്രായന് വാതിലിൻറ്റെ പുറത്തു കാത്തുനില്ക്കണമെന്നു തോന്നുന്നുണ്ടോ? ആ വാതിൽ നമ്മുടെ ഹൃദയവാതിലാണ്… കതകിൽ മുട്ടുന്ന ആ അപരിചിതൻ നസ്രായനാണെന്ന് തിരിച്ചറിയുന്നത് അവനെ സ്വീകരിക്കാൻ ആത്മീയമായി നാം ഒരുങ്ങുമ്പോൾ മാത്രമാണ്… ഹൃദയനിലമൊരുക്കി നസ്രായനെ സ്വീകരിക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായൻറ്റെ ചാരെ…