യോഹ. 10.1-10
ഇന്നത്തെ സുവിശേഷം നമ്മോട് പങ്ക് വയ്ക്കുക നസ്രായന്റെ ഇടയ ഹൃദയത്തെക്കുറിച്ചാണ്. തന്റെ അജഗണത്തെ അറിയുന്നവനും, മുന്നിൽ നിന്ന് നയിക്കുന്നവനുമാണ് ഇടയൻ. അജഗണം ഇടയനെ അനുഗമിക്കുന്നത് തങ്ങളുടെ ഇടയനാണയാൾ എന്ന വ്യക്തമായ ബോധ്യമുള്ളതു കൊണ്ടാണ്. അപരിചിതനെ അനുഗമിക്കാത്തതിന് കാരണം ഇടയനും അജഗണവും തമ്മിൽ ആത്മബന്ധം ഇല്ലാത്തത് മൂലമാണ്. ഇടയന്റെ ജീവിതം തനിക്ക് വേണ്ടിയല്ല മറിച്ച് തന്നെ ഭരമൽപ്പിച്ച തന്റെ അജഗണത്തിന് വേണ്ടിയാണ്. നസ്രായൻ ജീവിച്ച് കാണിച്ച ഈ ഇടയ വഴി സാധാരണമായ ഇടയ സങ്കൽപ്പത്തെ ആത്മീയമായ തലത്തിലേക്കുയർത്തുന്നുണ്ട്. വഴി തെറ്റാത്ത തൊണ്ണൂറ്റി ഒൻപത് ആടുകളെയും ഉപേക്ഷിച്ച് വഴി തെറ്റിപ്പോയ ഒരാടിന് വേണ്ടി ഏതിടയനാണ് ഇറങ്ങിത്തിരിക്കുക? താൻ വന്നിരിക്കുന്നത് ജീവൻ ഉണ്ടാവാനും അത് സമൃദ്ധമായി ഉണ്ടാവാനുമാണെന്ന് നസ്രായൻ ആലങ്കാരികമായി പറയുകയായിരുന്നില്ല കുരിശിൽ തന്റെ അജഗണത്തിന് വേണ്ടി മരിച്ച്, ജീവന്റെ സമൃദ്ധിയിലേക്ക് അവരെ നയിക്കുന്ന ഒരേയൊരിടയൻ നസ്രായനാണ്.
ഇസ്രായൽ ജനതയുടെ രക്തത്തിലലിഞ്ഞ് ചേർന്ന വികാരമാണ് ഇടയഹൃദയത്തോടുള്ള അവരുടെ ഈഴയടുപ്പം. വാഗ്ദത്ത ഭൂവിൽ സ്ഥിര താമസമാവുന്നതിന് മുമ്പ് ഇടയ ജീവിതമായിരുന്നു ഓരോ ഇസ്രായലുകാരന്റെയും ജീവിത വഴി. പൂർവ്വ പിതാക്കൻമാരായ അബ്രഹാമും, ഇസഹാക്കും, യാക്കോബും, ജോസഫും, മോശയും, ദാവിദുമെല്ലാം ഈ ഇടയ തലമുറയുടെ ഭാഗമായിരുന്നല്ലോ. തച്ചനായിരുന്നെങ്കിലും ഇടയ ജീവിതം നസ്രായന്റെ ഹൃദയത്തോട് ചേർന്ന് നിന്നിരുന്നു. പെസഹാ തിരുനാളിൽ ലക്ഷക്കണക്കിന് കുഞ്ഞാടുകളെ ജറുസലെം ദേവാലയത്തിൽ ബലി കഴിക്കുമ്പോൾ ദേവാലയത്തിൽ നിന്ന് കുഞ്ഞാടിനെ മേടിച്ച്, എല്ലാവരും ബലിയർപ്പിക്കാനായി കുഞ്ഞാടുകളുമായി ദേവാലയത്തിനകത്തേക്ക് പോവുമ്പോൾ കുഞ്ഞാടിനെ തോളിലേറ്റി പുറത്തേക്ക് വരുന്ന നസ്രായനെ അപ്പോക്രിഫൽ പുസ്തകങ്ങൾ നമുക്ക് പരിചയപ്പെടുത്തുന്നുണ്ട്. അത് പോലെ മുടന്തുള്ളതും നടക്കാൻ ബുദ്ധിമുട്ടുള്ളതുമായ കുഞ്ഞാടിനെ നസ്രായന്റെ ഹൃദയത്തോട് ചേർത്ത് വരയ്ക്കുന്നത് കലാകാരന്റെ ഭാവനെ യെക്കാളുപരി നാസായന്റെ ഇടയ ഹൃദയത്തിന്റെ സ്നേഹവും കരുണയും വെളിവാക്കാനുള്ള എളിയ ശ്രമമാണ്.
ചുങ്കക്കാരനായ സക്കേവൂസിനെ തേടി പോവുന്നതും അവന്റെ വീട്ടിൽ മറ്റ് ചുങ്കക്കാരും ഗണികകളുമായി അത്താഴ മേശ പങ്കിടുന്നതും, ചുങ്കക്കാരനായ മത്തായിയെ തന്റെ ശിഷ്യഗണത്തിലേക്ക് ചേർക്കുന്നതും, മഗ്ദലേന മറിയത്തെ അരുമ ശിഷ്യയാക്കുന്നതും, വിധിക്കാനായി തന്റെ മുന്നിൽ വലിച്ചിഴയ്ക്കപ്പെടുന്ന സ്ത്രീക്ക് കാരുണ്യത്തിന്റെ പുതപ്പായി ധാർഷ്ട്യത്തിന്റെയും ആസക്തികളുടെയും കല്ലേറുകളിൽ നിന്ന് സംരക്ഷിക്കുന്നതൊക്കെ വഴി തെറ്റി പോയ ആടിനെ അന്വേഷിക്കുന്ന, മുടന്തുള്ള ആടിനെ നെഞ്ചോട് ചേർക്കുന്ന ഇടയ ഹൃദയത്തിന്റെ സ്നേഹ ഭാവങ്ങളാണ്. ജീവന്റെ സമൃദ്ധിയിലേക്ക് തന്നെ ഭരമേൽപ്പിക്കുന്നവരെ നയിക്കുന്ന ഈ ഇടയ ഹൃദയത്തെ നമുക്കും സ്വന്തമാക്കാം. നമ്മുടെ ജീവിത യാത്രയിലെ ഓരോ ദിനങ്ങളും ഈ ഇടയ ഹൃദയത്തിലേക്കുള്ള വളർച്ചയാവട്ടെ എന്ന് സ്നേഹപൂർവ്വം പ്രാർത്ഥിച്ച് കൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…