Lk. 12:13-21
മനുഷ്യരുടെ ജീവിതം എല്ലാക്കാലങ്ങളിലും അളക്കപ്പെട്ടത് ആ വ്യക്തി എത്രമാത്രം സമ്പത്ത് നേടി, നേട്ടങ്ങൾ കൈവരിച്ചു എന്നതിനെ ആധാരമാക്കിയാണ്. ജീവിത യാത്രകൾ മുഴുവൻ ഈ സമ്പത്ത് നേടാനുള്ള പരക്കം പാച്ചിലാണ്. പല സമൂഹ ങ്ങളിലും സമ്പത്താണ് നിയമങ്ങളെപ്പോലും നിർവചിക്കുന്നത്. സമ്പത്തുള്ള വ്യക്തിക്ക് തന്റെ ഇഷ്ടാനുഷ്ഠങ്ങൾക്കനുസരിച്ച് നിയമങ്ങൾ ലംഘിക്കുകയൊ, പാലിക്കുകയൊ ഒക്കെ ചെയ്യാം. പണത്തിന് മീതെ പരുന്തും പറക്കില്ല എന്ന ചൊല്ല് സമ്പത്തിനോടുള്ള മനുഷ്യ മനസ്സിന്റെ അഭിനിവേശത്തെയും അതിന് വേണ്ടി തന്റെ ഏത് മൂല്യങ്ങളെയും പാരമ്പര്യങ്ങളെയുമൊക്കെ ബലി കഴിക്കാനുള്ള അവന്റെ മനസ്സിനെയുമാണ് നമുക്ക് മുന്നിൽ തുറന്ന് കാട്ടുന്നത്. സമ്പത്തിനോടുള്ള നമ്മുടെയൊക്കെ അമിതമായ ആസക്തിയെ തിരുത്തി, നാമൊക്കെ സമ്പാദിക്കേണ്ട യഥാർത്ഥ സമ്പത്ത് എന്താണെന്നതാണ് ഇന്നത്തെ സുവിശേഷത്തിൽ നസ്രായൻ ചൂണ്ടിക്കാട്ടുന്നത്.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ടാണ് ആ മനുഷ്യൻ നസ്രായനെ തേടിയെത്തുന്നത്. തന്റെ സഹോദരനോട് പിതൃസ്വത്ത് താനുമായി പങ്ക് വയ്ക്കാൻ അയാൾക്ക് നസ്രായന്റെ മാദ്ധ്യസ്ഥം വേണം. അവരുടെ സ്വത്ത് തർക്കം പരിഹരിക്കുന്ന മദ്ധ്യസ്ഥാനവനല്ല നസ്രായൻ ശ്രമിക്കുന്നത്. മറിച്ച് ഇരുവരെയും ഒരേ പോലെ തിരുത്തി ഇരുവരും അന്വേഷിക്കേണ്ട സമ്പത്ത് ദൈവമാണെന്ന ബോധ്യമാണ് അവൻ പകർന്ന് നൽകുന്നത്.
മനുഷ്യ ജീവിതം സമ്പന്നമാകുന്നത് സമ്പത്ത് കൊണ്ടല്ല എന്ന് നസ്രായൻ ഓർമിപ്പിക്കുന്നുണ്ട്. എത്രയൊ പരമാർത്ഥമാണിത്. പണത്തിന് മീതെ കിടന്നുറങ്ങാൻ പറ്റും വിധം സമ്പത്ത് ഉണ്ടായിട്ടും മന:സമാധാനമില്ലാതെ ഉറങ്ങാൻ പറ്റാത്ത ഒരുപാട് പേർ നമ്മുടെ ഇടയിലില്ലേ… നേടുന്ന സമ്പത്ത് ഒരുക്കലും അവർക്ക് അത്മ സംതൃപ്തി നൽകുന്നില്ല എന്നതാണ് യാഥാർത്യം. പിന്നെയും പിന്നെയും സസാദിക്കണമെന്ന അവരുടെ ചിന്ത, എന്തിന് വേണ്ടിയാണൊ ഈ സമ്പത്തൊക്കെയും സമ്പാദിക്കുന്നത് ആ സന്തോഷത്തെ, മന: സമാധാനത്തെ തന്നെ ഇല്ലാതാക്കുകയാണ്.
നസ്രായൻ നമുക്ക് പരിചയപ്പെടുത്തുന്നത് ഇത്തരുണത്തിലുള്ള ഒരു വ്യക്തിയെയാണ്. ഒരുപാട് സമ്പാദിച്ച് തന്റെ കളപുരയൊക്കെ നിറച്ച്, ഇനിയുള്ള കാലമെല്ലാം തിന്നും കുടിച്ചും ആസ്വദിക്കുമെന്ന് അഹങ്കാരം പറയുന്ന ആ വ്യക്തിയെ ദൈവം ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നുണ്ട്. ശരിയാണ് പണം കൊണ്ട് പലതും നേടാനും, വാങ്ങാനും, സ്വന്തമാക്കാനുമൊക്കെ സാധ്യമാണ്. എന്നാൽ ജീവന്റെ പുസ്തകത്തിൽ സ്വന്തം പേര് എഴുതിച്ചേർക്കാനൊ, ഒരു ദിനം കൂട്ടാനൊ, കുറയ്ക്കാനുമൊക്കെ നമ്മുടെ സമ്പത്തിനൊ, നേട്ടങ്ങൾക്കൊ സാധിക്കുകയില്ല. ‘ ഇന്ന് രാത്രി നിന്റെ ആത്മാവിനെ ഞാൻ തിരികെ വിളിച്ചാൽ നീ എന്ത് ചെയ്യുമെന്നുള്ള ചോദ്യം എല്ലാ കാലങ്ങളിലും പ്രസക്തമാണ്.
ജീവിത യാത്രയിൽ നാമൊക്കെ നേടേണ്ട ഏറ്റവും വലിയ സമ്പത്ത് നമ്മുടെ നിത്യതയാണ്. ദൈവത്തെ മുഖാമുഖം കാണുന്ന ആനന്ദ നിർവ്വതിയടയുന്ന നിമിഷങ്ങൾ. നമ്മുടെ സമ്പത്തിനൊ, നേട്ടങ്ങൾക്കൊ ഈ ആനന്ദ നിർവൃതി നേടിത്തരാനാവില്ല. സമ്പത്ത് പൂർണ്ണമായി ഉപേഷിക്കണമെന്നല്ല ഇതിനർത്ഥം. ജീവിക്കാൻ വേണ്ടിയാവണം സമ്പത്തൊക്കെയും, സമ്പത്തിന് വേണ്ടിയാവരുത് നമ്മുടെ ഈ ജീവിതം. ഒരു പാട് സമ്പത്തിനാൽ ദൈവം നമ്മുടെ ജീവതത്തെ അനുഗ്രഹിച്ചിട്ടുണ്ടെങ്കിൽ ഒരുക്കലും അത് നമുക്ക് മാത്രമായിട്ടുള്ളതല്ല. നമുക്ക് വേണ്ടി വിയർപ്പൊഴുക്കുകയും നമ്മുടെ കാരുണ്യം ഉറ്റുനോക്കുകയും ചെയ്യുന്ന സഹോദരങ്ങൾ നമുക്ക് ചുറ്റിലുമുണ്ട് അവർക്ക് വേണ്ടി കുടിയാണത്. എല്ലാറ്റിലുമുപരിയായി ദൈവത്തെ അന്വേഷിക്കാനും, അവനെ സമ്പാദിക്കാനും, അങ്ങനെ നിത്യതയുടെ അവകാശികളായിത്തീരുവാനുമാവട്ടെ നമുടെ അദ്ധാനങ്ങളാക്കെയും എന്ന പ്രാർത്ഥനയോട… നസ്രായന്റെ തിരു ഹൃദയത്തിൽ ചാരെ…