ലുക്കാ. 9:51-62
പിന്നിട്ട വഴികളിലേക്കുള്ള തിരനോട്ടം, പിന്നിടാനുള്ള വഴികളെക്കുറിച്ചുള്ള ഭയത്താലാകരുത്… പിന്നെയൊ ആ വഴികളിൽ നമ്മോടൊപ്പം നടന്ന്, അനുഗ്രഹമഴയായി പെയിതിറങ്ങിയ ദൈവത്തെ നന്ദിപൂർവം സ്മരിക്കാനാവണം…
കലപ്പയിൽ കൈവെച്ചിട്ടു പിന്തിരിഞ്ഞുനോക്കുന്നൊരുവനും ദൈവരാജ്യത്തിനർഹനെല്ലന്ന നസ്രായൻറ്റെ മൊഴികൾ നമ്മെ ക്ഷണിക്കുന്നത് വിശ്വാസത്തിൻറെ ആഴങ്ങളിലേക്കാണ്… ഇന്നത്തെ ഒന്നാമത്തെ വായന നമ്മോട് പങ്കുവെയ്ക്കുന്നതും ഇതുപോലെ വിശ്വാസത്തിൻറ്റെ ആഴങ്ങളെ പുൽകിയ ഏലീശ്വാ പ്രവാചകൻറ്റെ കഥയാണ്… ദൈവസ്വരം എലിയാ പ്രവാചകനിലൂടെ ഏലീശ്വായെ തേടിയെത്തുമ്പോൾ തൻറ്റെ ജീവിതസമ്പാദ്യങ്ങളായ കാളയും കലപ്പയുമൊക്കെ വിടവാങ്ങൽ വിരുന്നിനുളള വിഭവങ്ങൾ ആവുകയാണ്… പിന്നെ താൻ പിന്നിട്ട വഴികളിലേക്ക് ഏലീശ്വാ തിരിഞ്ഞുനോക്കുന്നില്ല…
പിന്നിട്ട വഴികൾ ദൈവത്തോടൊപ്പം നടന്ന ഏലീശ്വാ ബൈബിളിലെ ഒരത്ഭുതം തന്നെയല്ലേ? മരിച്ചു മണ്ണടിഞ്ഞതിനുശേഷവും അവൻറ്റെ അസ്ഥികളിലൂടെ മൃതനായവനെ ദൈവം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു എന്ന് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കഥയാണല്ലേ… കലപ്പയും കാളയുമൊക്കെ നമ്മെ നോക്കി കൊഞ്ഞനം കുത്തുന്നുണ്ട്… തിരിഞ്ഞുനോക്കാതെ മുന്നിലുള്ള നസ്രായനെ മാത്രം നോക്കിനടക്കാൻ നമ്മൾ ഒരുക്കമാണോ? പ്രിയപ്പെട്ട സുഹൃത്തെ ആണിപ്പാടുള്ള ആ കരങ്ങൾ നെഞ്ചോട് ചേർത്ത് നമ്മുടെ യാത്ര തുടരാം…