ആണ്ടുവട്ടത്തിലെ പതിനേഴാം ഞായർ, Cycle A, മത്തായി 13:44-52

മത്താ. 13:44-52

നസ്രായന്റെ പ്രഭാഷണങ്ങളിലും പഠനങ്ങളിലുമൊക്കെ നിറഞ്ഞ് നിന്ന യാഥാർത്യമാണ് സ്വർഗരാജ്യം. നസ്രായൻ തന്റെ പരസ്യ ജീവിതം ആരംഭിച്ചത് തന്നെ ഇപ്രകാരം പ്രഘോഷിച്ച് കൊണ്ടാണ്: ” മാനസാന്തരപ്പെടുവിൻ സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.” പിന്നീട് തന്റെ ഗിരിപ്രഭാഷണത്തിലുമൊക്കെ നസ്രായൻ ഊന്നിപറഞ്ഞത് സ്വർഗരാജ്യം സ്വന്തമാക്കുന്നതിന് അനുയോജ്യമാംവിധം നമ്മുടെ ഈ ഭൂവിലെ ഈ വിശ്വാസ യാത്രയെ ക്രമീകരിക്കാനാണ് . പാപം നിമിത്തം നമുക്ക് നഷ്ടമായ ത്രിത്വത്തോടുള്ള സഹജീവിതം നസ്രായൻ നമുക്കായ് തിരികെ നേടിത്തരുക തന്റെ ജീവൻ ബലികഴിച്ചു കൊണ്ടാണ്. അങ്ങനെ ഈ സ്വർഗരാജ്യം സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നുണ്ട്. പക്ഷെ ആരാണ് ഈ സ്വർഗരാജ്യം സ്വന്തമാക്കുക? ഈ സ്വർഗരാജ്യം സൗജന്യമായി നമുക്കെല്ലാവർക്കും ലഭിക്കുമൊ?

നസ്രായൻ ഈ സ്വർഗരാജ്യത്തെ ഉപമിക്കുക വയലിൽ കണ്ടെത്തുന്ന നിധിയോടും, നല്ല രത്നങ്ങൾ തേടുന്ന വ്യാപരിയോടും, എല്ലാത്തരം മത്സ്യങ്ങളെയും, ശേഖരിക്കാൻ കടലിൽ എറിയപ്പെടുന്ന വലയോടുമാണ്. വയലിലെ നിധി അപ്രതീക്ഷിതമായിട്ടാണ് ഒരുവനെ തേടിയെത്തുക. നിധി കണ്ടെത്തുന്ന മാത്രയിൽ തന്നെ ആ വയൽ സ്വന്തമാക്കാനാണ് അയാളുടെ ശ്രമം. എന്നാൽ മാത്രമെ ആ വയലിൽ നിന്ന് കിട്ടുന്ന ആ നിധിക്ക് അവകാശവാദം ഉന്നയിക്കാൻ അയാൾക്ക് സാധിക്കുകയുള്ളു. സ്വർഗരാജ്യം എന്ന നിധിയെ തിരിച്ചറിയുന്ന വ്യക്തിയുടെ ജീവിതത്തിലും ഇത് തന്നെയാണ് സംഭവിക്കുക, ഈ ലോകവും അതിന്റെ നേട്ടങ്ങളെയും സുഖങ്ങളെക്കാളുപരി ചിതലരിക്കാത്തതും ആർക്കും മോഷ്ടിച്ച് കൊണ്ട് പോവാൻ കഴിയാത്തതുമായ സ്വർഗരാജ്യത്തെ സ്വന്തമാക്കാനായിരിക്കും അയാളുടെ ശ്രമം.

ഏറ്റവും മികച്ച രത്നം കണ്ടെത്തുന്ന വ്യാപാരി തന്റെ കയ്യിലുള്ള മറ്റെല്ലാ രത്നങ്ങളും വിറ്റ്, ഏറ്റവും വിലപിടിപ്പുള്ള രത്നം സ്വന്തമാക്കാനാവും ശ്രമിക്കുക. തന്റെ കയ്യിലുള്ളതെല്ലാം വിറ്റാൽ മാത്രമേ ഈ വിലപിടിപ്പുള്ള രത്നം സ്വന്തമാക്കാൻ തനിക്ക് കഴിയുകയുള്ളു എന്ന വ്യക്തമായ ബോധ്യം അയാൾക്കുണ്ട്. സ്വർഗരാജ്യം സ്വന്തമാക്കണമെങ്കിൽ ഈ ലോകത്തിന് മുന്നിൽ നമ്മെ സമ്പന്നരാക്കുന്ന രത്നങ്ങളെയെല്ലാം വിറ്റ് ഉപേക്ഷിക്കേണ്ടി വരും അതിന് നാം തയ്യാറാവുമ്പോഴാണ് നിത്യതയെന്ന ഒരിക്കലും ശോഭ മങ്ങാത്ത ആ രത്നം നമ്മുടെ ഭാഗമാവുകയുള്ളു.
കടലിലേക്ക് എറിയപ്പെടുന്ന വല എല്ലാത്തരം മത്സ്യങ്ങളെയും ഉൾക്കൊള്ളുന്നുണ്ട് എന്നാൽ പിന്നീടൊരു തെരെഞ്ഞെടുപ്പിലൂടെ ഏറ്റവും മികച്ചത് മാത്രമാണ് ആ വലയിൽ നിന്ന് ഉടമസ്ഥൻസ്വന്തമാക്കുക. സ്വർഗരാജ്യമെന്ന വലയിൽ നാമൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പിച്ചേക്കാം എന്നാൽ സമയത്തിന്റെ അന്ത്യത്തിൽ നടക്കുന്ന തെറെഞ്ഞെടുപ്പാണ് സ്വർഗരാജ്യമാണൊ നമ്മുടെ നിത്യതയെന്ന് തീരുമാനിക്കുക.
മരണാനന്തര ജീവിതം, സ്വർഗരാജ്യം ഇവയൊക്കെ ചിന്തകളിൽ നിന്ന് പോലും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാമൊക്കെ… അങ്ങനെ യെങ്കിൽ ഈ നിധിയെ, രത്നത്തെ അല്ലെങ്കിൽ ഈ വലയിൽ ഉൾപ്പെടേണ്ട ആവശ്യമുണ്ടൊ? സ്വർഗരാജ്യം നമുക്കായ് തുറന്ന് നൽകപ്പെട്ടിട്ടുണ്ടെങ്കിലും സൗജന്യമായി നമുക്കത് നേടാനാവില്ല. ആ ദൈവരാജ്യത്തെ അന്വേഷിക്കാനും, തെരെഞ്ഞെടുക്കാനും നാം തയ്യാറായാൽ മാത്രമെ ആ നിധി നാമൊക്കെ സ്വന്തമാക്കുകയുള്ളു. ദൈവരാജ്യമെന്ന ആ നിധി സ്വന്തമാക്കാൻ നമുക്കാവട്ടെ എന്ന ആത്മാർത്ഥമായ പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…