ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ, Cycle A, മത്താ. 16:21-27

മത്താ. 16:21-27
കുരിശിൻറ്റെ നിഴലിയായിരുന്നു നസ്രായൻറ്റെ ജീവിതമുഹൂർത്തങ്ങളൊക്കെയും… കാലിത്തൊഴുത്തിൻറ്റെ അരക്ഷിതാവസ്ഥയിൽ നിന്ന് തുടങ്ങുന്ന കുരിശിൻറ്റെ ഈ അനുധാവനം പൂർണതയിലെത്തുന്നത് കാൽവരിയിലാണ് . നസ്രായനെ സംബന്ധിച്ചടുത്തോളം കുരിശ് കേവലമൊരു മരക്കഷണമായിരുന്നില്ല; മനുഷ്യ മനസ്സുകൾക്ക് ഒരിക്കലും ഗ്രഹിക്കാനാവാത്ത അവൻറ്റെ രാജത്വത്തിൻറ്റെ അടയാളമായിരുന്നു അത്. നമ്മെയൊക്കെ സംബന്ധിച്ചടുത്തോളം അപമാനത്തിൻറ്റെയും ശാപത്തിൻറ്റെയുമൊക്കെ അടയാളമായ കുരിശിനെ രക്ഷയുടെ അടയാളമായി അവൻ രൂപാന്തരപ്പെടുത്തുകയാണ്…
കുരിശിൻറ്റെ ആത്മീയതയെകുറിച്ചു നസ്രായൻ വാചാലനാവുമ്പോൾ വത്സലശിഷ്യർ അന്ധാളിക്കുന്നുണ്ട്.
നസ്രായൻ ദൈവപുത്രനായ മിശിഹയാണെന്ന് പറഞ്ഞുവെയ്ക്കുന്ന പത്രോസിൻറ്റെ മനമിടറുന്നുണ്ട്… കുരിശിൽ പരാജിതനായി മരിക്കാൻ പോവുന്ന മിശിഹാ അദ്ദേഹത്തിന് ഉൾകൊള്ളാവുന്നതിലുമധികമായിരുന്നു… ‘ഇത് നിനക്ക് സംഭവിക്കാതിരിക്കട്ടെ’ എന്ന പ്രത്യാശ പത്രോസ് പങ്കുവയ്ക്കുമ്പോൾ, ആകാശത്തോളം പത്രോസിനെ ഉയർത്തിയ നസ്രായൻ ശകാരിക്കുന്നത് പാതാളത്തിലേക്കെറിയപ്പെട്ടവൻറ്റെ പേരുവിളിച്ചാണെന്നത് അതിശയിപ്പിക്കുന്നു…
കുരിശിനെ ഭോഷത്തമായി കാണുന്നവർക്കുള്ള നസ്രായൻറ്റെ മറുപടിയാണിത്. കുരുശുകളിൽ നിന്ന് ഓടിയൊളിക്കാനുള്ള പാഥേയമല്ല ക്രിസ്തീയത, മറിച്ചു കുരിശും ചുമന്ന് അവനെ അനുഗമിക്കാനുള്ള വിളിയാണെന്ന് തിരിച്ചറിവിൽ… കുരിശുവഹിക്കാനുള്ള ആത്മീയശക്തി നമുക്ക് ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ… സ്നേഹപൂർവ്വം…