ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ഞായർ, Cycle C, ലുക്കാ. 19: 1-10

ലുക്കാ. 19: 1-10
നസ്രായനിലേക്ക് വളരാനുള്ള, അവന്റെ സ്നേഹത്തെ അനുഭവിക്കാനുള്ള നമ്മുടെ ഓരോ ശ്രമങ്ങളും അവൻ കണ്ടിട്ടുണ്ട്. ആ ശ്രമങ്ങളൊക്കെയും ഒരിക്കലും വെറുതെയാവുകയില്ല. ഒരു പക്ഷെ നമ്മുടെ ശ്രമങ്ങൾ കൊണ്ട് ഉടനടി അവനെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് വരാം. എന്നാൽ തീർച്ചയായും അവൻ നമ്മെ കണ്ടെത്തുക തന്നെ ചെയ്യും. വഴിതെറ്റി പോവുന്ന ആടിനെ കണ്ടെത്തുന്ന നല്ലിടയന്റെ കഥയാണ് സത്യവേദം മുഴുവനും… ഏദൻ തോട്ടത്തിൽ തുടങ്ങി പുതിയ ആകാശത്തിലും, പുതിയ ഭൂമിയിലും സത്യവേദം അവസാനിക്കുമ്പോൾ ഈ ഇടയന്റെ അന്വേഷണം പൂർത്തികരിക്കപ്പെടുകയാണ്. തനിക്ക് നഷ്ടമായ മാനവരാശിയെ എന്നെന്നേക്കുമായി വീണ്ടെടുക്കുന്ന നിത്യതയോളം നീണ്ട് നിൽക്കുന്ന ആ സ്നേഹ വായ്പിലേക്ക്, നമ്മെ ചേർത്ത് പിടിക്കാൻ വെമ്പുന്ന ആ നല്ലിടയന്റെ ഉറപ്പോട് കൂടിയാണ് വേദ പുസ്തകത്തിന് പൂർണ്ണവിരാമമാവുന്നത്.
ഇന്നത്തെ സുവിശേഷവും സക്കേവൂസിന്റെ ജീവിത താളിലൂടെ നമ്മെ കൂട്ടി കൊണ്ട് പോവുന്നതും നമ്മെ തേടി വരുന്ന ആ നല്ലയിടയന്റെ കരുതലിലേക്ക് ആഴപ്പെടനാണ്. സക്കേവൂസ് സമൂഹത്തിന്റെ നല്ല പുസ്തകത്തിൽ പേരുള്ള ആളൊന്നുമായിരുന്നില്ല. ചുങ്കക്കാരിൽ പ്രധാനി എന്ന് പറഞ്ഞ് സുവിശേഷം പരിചയപ്പെടുത്തുമ്പോൾ ചുങ്കം പിരിച്ച് തഴക്കം വന്ന ഒരാൾ, ഒരുപാട് പേരുടെ കണ്ണീരും, ശാപവാക്കുകളുമൊക്കെ ഏറ്റ് വാങ്ങേണ്ടി വന്നിട്ടുള്ളയാളാണ്. സ്ഥലത്തെ പ്രധാന പാപി എന്നൊക്കെ പറയാവുന്നയാൾ…
തന്റെ സമ്പൽ സമൃദ്ധിയുടെ മദ്ധ്യത്തിൽ ജീവിക്കുമ്പോഴും, തന്റെ തെറ്റുകളെ പ്രതി പശ്ചാത്താപവും പേറി, വിങ്ങുന്ന ഹൃദയവുമായിട്ടായിരുന്നു അയാളുടെ ജീവിതം. മത നേതാക്കൻമാരൊക്കെ കാർക്കശ്യത്തോടെ അയാളെ പാപി എന്ന് മുദ്രകുത്തി തങ്ങളുടെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമ്പോഴൊക്കെ പാപപങ്കിലമായ ഈ ജീവിതമൊക്കെ ഉപേക്ഷിച്ച് തനിക്ക് നഷ്ടപ്പെട്ട തന്റെ ദൈവത്തിങ്കലേക്ക്, കൃപയിലേക്ക് തിരികെ നടക്കണമെന്ന് അയാൾ ആഗ്രഹിച്ചിരുന്നു. കരുണയോടെ, മാനസാന്തരത്തിലേക്ക് തന്നെ ക്ഷണിക്കുന്ന കരുണ നിറഞ്ഞ മിഴികളെയാണ് അയാൾ കാത്തിരുന്നതും അന്വേഷിച്ചതും…
ഈ ഒരു കാത്തിരിപ്പാണ് നസ്രായനെ കാണാൻ അയാളെ പ്രേരിപ്പിക്കുന്നത്. തന്റെ അയോഗ്യതകളെ, ഇടർച്ചകളെ, വ്യക്തമായി അറിയാവുന്ന സക്കേവൂസ് കൂടുതലായി ഒന്നും നസ്രായനിൽ നിന്ന് പ്രതീക്ഷിക്കയൊ, ആഗ്രഹിക്കുകയൊ ചെയ്തിരുന്നില്ല. അതുകൊണ്ടാവണം അയാൾ സിക്കമൂർ മരത്തിന്റെ മുകളിൽ കയറുന്നത്. പൊക്കമില്ലായ്മയാണ് മരത്തിൽ കയറാൻ അയാളെ പ്രേരിപ്പിക്കുന്നതെങ്കിലും തന്റെ ജീവിതത്തിന് പുതിയൊരു തുടക്കം ഉണ്ടാവു മെന്ന പ്രതീക്ഷ അയാളുടെ വന്യമായ സ്വപ്നങ്ങളിൽപ്പോലും ഉണ്ടായിരുന്നില്ല എന്ന് തീർച്ചയാണ്. എന്നാൽ നസ്രായൻ സിക്കമൂർ മരത്തിന്റെ ചുവട്ടിലെത്തുമ്പോൾ സക്കേവൂസ് അഗ്രഹിച്ചത് നിറവേറപ്പെടുകയാണ്. അവന്റെ കുറവുകളിൽ നിന്ന് ഇടർച്ചകളിൽ നിന്ന് താഴെയിറങ്ങാനുള്ള ക്ഷണം. താൻ ദൈവത്തെ അന്വേഷിച്ചു എന്നതിലുപരിയായി ദൈവം തന്നെത്തേടി തന്റെ വീട്ടിലെത്തുന്ന അനുഭവം. ഉത്പത്തിയുടെ പുസ്തകത്തിൽ വിരുന്നുകാരനായെത്തുന്ന ദൈവത്തിന് നല്ല ആതിഥേയനായി അബ്രഹാം മാറുന്നത് പോലെ ഇയാളും നല്ല അതേത്ഥിയനാവുകയാണ്. അവന്റെ വീട്ടിലെ നസ്രായന്റെ സാന്നിദ്ധ്യം എല്ലാം മാറ്റിമറിക്കുകയാണ്. പാപിയെന്ന് മുദ്രകുത്തി, സമൂഹത്തിൽ നിന്ന് ഭ്രഷ്ട് കൽപിച്ച അയാളുടെ ഭവനത്തെ, ജീവിതത്തെ നസ്രായൻ തന്റെ സാന്നിദ്ധ്യം കൊണ്ട്, അളവുകളും, പരിധികളുമില്ലാത്ത തന്റെ സ്നേഹം കൊണ്ട് നവീകരിക്കുകയാണ്. ഇനി ആ സ്നേഹ ത്തോളം വലുതായി അയാളുടെ ജീവിതത്തിലൊന്നുമില്ല. തന്റെ സമ്പത്തിന്റെ പകുതിയും, താൻ വഞ്ചിച്ചെടുത്തതിന്റെ നാലിരട്ടി തിരിച്ച് കൊടുക്കുന്നതുമൊക്കെ നസ്രായനെന്ന വിലയേറിയ നിധി കണ്ടെത്തിയവന്റെ സന്തോഷ പ്രകടനത്തിന്റെ ഭാഗമാണ്. യഥാർത്ഥ നിധിയായ ക്രിസ്തുവിനെ തിരിച്ചറിയുമ്പോൾ, ലോകത്തിന്റെ മുന്നിൽ അവനെ ഏറ്റ് പറയുമ്പോൾ നസ്രായനാകുന്ന രക്ഷയുടെ ഭാഗമായി അയാൾ മാറുകയാണ്. നാമൊക്കെ അവസാനിച്ചു എന്ന് വിചാരിച്ചിടത്തു നിന്ന് നമ്മുടെ ജീവിത കഥ എഴുതി തുടങ്ങുനവനാണ് നസ്രായൻ. എന്താണിത്ര ഉറപ്പന്നല്ലേ… എന്റെ ഉറപ്പ്, എന്റെ ജീവിതാനുഭവമാണ്… ഇതേ ദൈവാനുഭവം ആശംസിച്ചുകൊണ്ട്… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…