ആണ്ടുവട്ടത്തിലെ നാലാം ഞായർ, Cycle B, മാർക്കോ. 1: 21-28

മാർക്കോ. 1: 21-28
അനുകമ്പയുടെയും ആർദ്രതയുടെയുമൊക്കെ ഉത്സവമായിരുന്നു നസ്രായൻ… തന്നെകുറിച്ചായിരുന്നില്ല, തൻറ്റെ ചുറ്റുപാടുമുള്ള ആലംബരെകുറിച്ചായിരുന്നു അവൻറ്റെ ചിന്തകൾ മുഴുവൻ… കാലം അവനെതിരെ ആരോപിച്ച പ്രധാനപ്പെട്ട ആരോപണങ്ങളിലൊന്ന് സാമ്പത്തിൻറ്റെ വിശുദ്ധി കളഞ്ഞുപുളിച്ചു എന്നതായിരുന്നു… സാമ്പത്തിൻറ്റെ നിയമങ്ങളൊക്കെ പാലിച്ചു, രോഗശാന്തിയൊക്കെ മറ്റുവസരങ്ങളിലേക്കു മാറ്റിവച്ചു അവന് മുന്നോട്ട് പോകാമായിരുന്നു… എന്നിട്ടും ആലിവേറുന്ന അവൻറ്റെ ഇടയഹൃദയം സാബത്തിൻറ്റെ സീമകളൊക്കെ ലംഘിച്ചു, നോവുന്ന ഹൃദയങ്ങൾക്കൊക്കെ തണലാവുകയാണ്… തൻറ്റെ കാലത്തിന് അവൻ നൽകിയ വലിയ ബോദ്ധ്യം നിയമങ്ങളൊക്കെയും മനുഷ്യന് വേണ്ടിയാണെന്നും, മനുഷ്യൻ നിയമത്തിന് വേണ്ടിയല്ല എന്നുമായിരുന്നു. നമ്മുടെ കാലമെങ്കിലും ഈ സത്യത്തെ തിരിച്ചറിഞ്ഞെങ്കിലെന്നു വിചാരിക്കുന്നു… ഉവ്വ്, നമ്മുടെ നേതാക്കന്മാർ കർഷകർക്ക് വേണ്ടാത്ത നിയമങ്ങൾ അകാരണമായി അടിച്ചേൽപ്പിക്കാതിരുനെങ്കിൽ എന്ന് വിചാരിക്കുന്നു…
സാബത്തിൻറ്റെ പശ്ചാത്തലത്തിലാണ് സുവിശേഷത്തിൽ നാമിന്ന് നസ്രായനെ കണ്ടുമുട്ടുന്നത്… പിശാച് നസ്രായൻറ്റെ യഥാർത്ഥ സത്വമൊക്കെ വെളുപ്പെടുത്തി, തൻറ്റെ വഴിയിൽ തടസ്സമാകരുതെന്നൊക്കെ നസ്രായനോട് അപേക്ഷിക്കുന്നുണ്ട്. പിശാച് ബാധിതനിൽ നസ്രായൻ ദർശിക്കുന്നത് പിശാചിനെയല്ല, മറിച്ചു തച്ചുടയ്ക്കപ്പെട്ട പച്ചമനുഷ്യനെയാണ്…അവിടെ പിന്നെ സാബത്തിൻറ്റെ നിയമങ്ങളൊ, പിശാചിൻറ്റെ തന്ത്രങ്ങളോ നസ്രായന് തടസ്സമാകുന്നില്ല. ദുഷ്‌ടാരൂപിയിൽനിന്നുള്ള ആ മനുഷ്യൻറ്റെ ശാരീരികവും വൈകാരികപരവുമായ പരിപൂർണ വിടുതലിലാണ് നസ്രായൻറ്റെ ശ്രദ്ധ മുഴുവൻ…
അങ്ങനെ തകർക്കപ്പെട്ട ആ ജീവിതത്തിന് പ്രതീക്ഷയുടെ പുതുകിരണങ്ങൾ നൽകുകയാണ് നസ്രായൻ… ഉവ്വ്, നാമെല്ലാവരും തകർക്കപ്പെട്ട മനുഷ്യരെ അഭിമുഖീകരിച്ചിട്ടുണ്ട്…പ്രതീക്ഷയുടെ ഒരു നറങ്ങുവെട്ടമെങ്കിലും പകരാൻ നമുക്കായിട്ടുണ്ടോ? മറ്റുള്ളവർ എന്തുവിചാരിക്കും, അല്ലെങ്കിൽ നിയങ്ങളൊക്കെ തെറ്റിക്കേണ്ടിവരുമോ, എന്നിങ്ങനെയുള്ള ചിന്തകളായൊരുന്നൊ നമ്മെ വഴിനടത്തിയത്? നമ്മുടെയൊക്കെ സമഗ്ര വളർച്ചയ്ക്കുതകുന്നതാകണം നിയമങ്ങൾ… അല്ലാത്ത നിയമങ്ങൾ നസ്രായൻറ്റെ ചങ്കുറപ്പോടെ ലംഘിക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടു കൂടി… യുവജനങ്ങളുടെ നന്മയ്ക്കായി കാലഹരണപ്പെട്ട നിയമങ്ങളൊക്കെയും പൊളിച്ചെഴുതിയ ഡോൺ ബോസ്‌ക്കോയുടെ ദീപ്തസ്മരണയിൽ… നസ്രായൻറ്റെ ചാരെ…