തപസ്സുകാലം നാലാം ഞായർ, Cycle C, ലുക്കാ. 15: 1-3, 11-32

ലുക്കാ. 15: 1-3, 11-32
കഥകൾ പറയുന്ന കഥകളാണ് നാമോരോരുത്തരും… ഒരു പാട്‌ കഥകൾ കേട്ടും പറഞ്ഞുകൊടുത്തുമൊക്കെയാണ് നാമൊക്കെ വളരുന്നത്. എന്നിട്ടും ഈ കഥ മാത്രം എല്ലാ പ്രായത്തിലും നമ്മെ വിസ്മയിപ്പിക്കുന്നു. അതെ ധൂർത്തപുത്രൻറ്റെ കഥ തന്നെ… അറിഞ്ഞോ അറിയാതെയോ ഈ കഥാപാത്രങ്ങളെ ജീവിച്ചവരാണ് നാമൊക്കെ. ധൂർത്തപുത്രൻറെ ഉപമ ധ്യാനിക്കാതെയുള്ള നൊയമ്പുകാലം എത്ര അപൂർണ്ണമാണ്‌. ഈ ധൂർത്ത പുത്രനല്ലേ പന്നികൂടിൻറ്റെ അരക്ഷിതയിൽനിന്ന് പിതാവിൻറെ സ്നേഹഭാവനത്തെക്കുറിച്ചു നമ്മെ ഓർമിപ്പിക്കുന്നത്.
ഈ കഥയിലെ യഥാത്ഥ നായകൻ സ്നേഹം ധൂർത്തടിക്കുന്ന ഈ അപ്പച്ചൻ തന്നെയാണ്. ക്രിസ്തു എത്ര തെളിമയോടെയാണ് ഈ പിതാവിനെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്… കാരണമെന്താണ് ? കഥാകൃത്ത് ഓരോ കഥാപാത്രത്തെയും രൂപപ്പെടുത്തുന്നത് തൻറ്റെ ജീവിതാനുഭവങ്ങൾക്കും ഭാവനകൾക്കും അനുസൃതമായിട്ടാണ്. ക്രിസ്തു ഈ കഥാപാത്രത്തെ രൂപപ്പെടുത്തുന്നത് അനാദി മുതലെ തനിക്കു ചുറ്റും സ്‌നേഹോത്സവം തീർക്കുന്ന തൻറ്റെ അബ്ബായെ നോക്കിയാണ്…
തന്നെ മൃതനോളം താഴ്ത്തിയാണ് തൻറെ പ്രിയപ്പെട്ടവൻ വീട്‌ വിടുന്നത്… എന്നിട്ടും കണ്ണെത്താ ദൂരത്തേക്ക്… കണ്ണുംനട്ട്… കണ്ണിലെണ്ണയൊഴിച്ചു… കാത്തിരിക്കുന്ന സ്‌നേഹം… ദൈവത്തിനല്ലാതെ ആർക്കാ ഈ പിതൃസങ്കലപ്പത്തിന് ഇത്ര മിഴിവുനല്കാനാവുക? ഈ കഥയിലെ മുന്ന് കഥാപാത്രങ്ങളെയും നമ്മുടെയൊക്കെ ജീവിതത്തിൽ വായിച്ചെടുക്കാം… സ്‌നേഹോത്സവം സമ്മാനിക്കുന്ന പിതാവാകാനായില്ലെങ്കിലും അവൻറ്റെ സ്‌നേഹത്തിൻറ്റെ ആഴങ്ങളെ ധ്യാനിക്കുന്ന ധൂർത്തപുത്രനായാൽ മതി. നിൻറ്റെ ഭവനത്തിൽ ജീവിച്ചിട്ടും നിൻറ്റെ സ്നേഹമേശാത്ത കാരുണ്യം വറ്റിയ മൂത്തമകനാകുന്നതിൽ നിന്ന് കൃപയുടെ നീർച്ചാലൊഴുക്കി ഞങ്ങളെ കാക്കേണേ…