ഉയർപ്പുഞായർ, Cycle B, യോഹ. 20:1-9

സ്നേഹം മരണത്തെ കീഴടക്കിയതിൻ്റെ ഓർമ്മയാണ് ഈസ്റ്റർ. ഈ സ്നേഹത്തെക്കുറിച്ച് സങ്കീർത്തകൻ നൂറ്റാണ്ടുകൾക്ക് മുമ്പേ പ്രവചിച്ചിരുന്നു. “അവിടുന്ന് എന്നെ പാതാളത്തിൽ തള്ളുകയില്ല. അങ്ങയുടെ പരിശുദ്ധൻ ജീർണ്ണിക്കാൻ അനുവദിക്കുകയില്ല.” ദൈവപുത്രനായിരുന്നിട്ടും, തന്നോടുള്ള സ്നേഹത്തെ പ്രതി മരണത്താൽ കീഴടക്കപ്പെടാൻ അനുവദിക്കുന്ന നസ്രായനെ, മരണത്തെ കീഴടക്കി സ്വയം ഉയർക്കാൻ അബ്ബാ തിരുവുള്ളമാവുകയാണ്… നസ്രായൻ്റെ ഉയർപ്പ് അബ്ബായുടെ അനന്തമായ സ്നേഹത്തിൻ്റെ സാക്ഷ്യമാവുകയാണ്… മനുഷ്യ ജീവിതത്തിൻ്റെ അനിവാര്യതയായ മരണത്തിലൂടെ നസ്രായന് കടന്ന് പോവേണ്ടി വന്നെങ്കിലും അവൻ്റെ ഉയർപ്പ് നമ്മുടെ പ്രത്യാശയാവുകയാണ്… നസ്രായനെ ഉയർപ്പിച്ച അബ്ബാ, നമ്മുടെ കുരിശിൻ്റെ വഴികളിൽ നമ്മോടൊപ്പമുണ്ടെന്നും, മരണത്തെ കീഴടക്കി നമ്മെയും ഉയർപ്പിക്കുമെന്നുള്ള പ്രത്യാശയാണ്, ധൈര്യമാണ് ഈസ്റ്റർ നമ്മോട് പങ്ക് വയ്ക്കുക.

ദൈവവും മനുഷ്യനും തമ്മിലുള്ള സ്നേഹത്തിൻ്റെ ആഘോഷം കൂടിയാണ് ഈസ്റ്റർ. “സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന് പഠിപ്പിച്ച് കുരിശിൽ ആ നിസ്വാർത്ഥ സ്നേഹത്തെ ജീവിച്ചവൻ… അതോടൊപ്പം ദൈവപുത്രനെ തങ്ങളുടെ ഉയിരിനെക്കാളും സ്നേഹിക്കാൻ ശ്രമിച്ച കുറച്ച് മനുഷ്യർ… മൂന്ന് ദിവസങ്ങൾക്കുമപ്പുറം അതിരാവിലെ കബറിടത്തിലെത്തുന്ന മഗ്ദലേന മറിയത്തിൻ്റെ സ്നേഹത്തെ എന്തിനോടാണ് നമ്മുക്ക് ഉപമിക്കാനാവുക… കൂരിരിട്ടും, കല്ലറ മൂടിയടച്ച വലിയ കല്ലൊന്നും നസ്രായനോടള്ള അവളുടെ സ്നേഹത്തിന് പ്രതിബന്ധമല്ലായിരുന്നു. കല്ലറയുടെ കല്ല് മാറ്റിയിരിക്കുന്നതായും, നസ്രായൻ്റെ ശരീരം കല്ലറയിൽ ഇല്ലെന്നും തിരിച്ചറിയുമ്പോൾ ഭാരിച്ച ഹൃദയത്തോടെ പത്രോസ് പാപ്പയുടെയും, വത്സല ശിഷ്യൻ്റെയും അടുത്തേക്ക് അവൾ ഓടുകയാണ്… നസ്രായൻ്റെ ശരീരം അവർ എടുത്ത് മാറ്റിയിരിക്കുന്നു എന്ന് അവരെ അറിയിക്കുമ്പോൾ അവൾ വിങ്ങിപൊട്ടുന്നുണ്ടായിരിക്കണം. മരണത്തിന് പോലും വേർപെടുത്താനാവാത്ത ആത്മബന്ധം അവൾക്ക് നസ്രായനോടുണ്ടായിരുന്നു… കാലമെന്നും മാനുഷികമായ വികാരങ്ങളുടെ ചട്ടക്കുടിൽ ആ
അത്മബന്ധത്തെ വികലമായി കാണാനാണ് ശ്രമിച്ചിട്ടുള്ളത്… ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും എന്ന നസ്രായൻ്റെ വാക്കുകൾ അന്വർത്ഥമാക്കുമാറ് അവൾക്കാണ് ഉത്ഥിതനായ നസ്രായൻ്റെ ആദ്യ ദർശനം ലഭിക്കുക…

പത്രോസ് പാപ്പയും, വത്സല ശിഷ്യനു മറിയത്തിൻ്റെ വാക്കു കേട്ട് കല്ലറയിലേക്ക് ഓടിയെത്തുന്നുണ്ട്… ചെറുപ്പത്തിൻ്റെ ചുറുക്കിൽ ആദ്യമെത്തുന്ന വത്സല ശിഷ്യൻ, പത്രോസിനായി കാത്ത് നിൽക്കുകയാണ്… കല്ലറയിൽ കയറാൻ ഭയമായിട്ടൊന്നുമല്ല, നസ്രായൻ്റെ ഇടത്തും വലത്തുമിരിക്കാൻ തുനിഞ്ഞിറങ്ങിയ ആളായിരുന്നെന്ന് മറക്കരുത്. പക്ഷേ അന്ത്യാത്താഴ വേളയിൽ നസ്രായൻ്റെ മാറിൽ ചാഞ്ഞ അയാളുടെ ജീവിതം അടിമുടി മാറി എന്ന് തന്നെ പറയാം… അയാൾക്കിനി ഒന്നാമനോ, പ്രമുഖസ്ഥാനങ്ങളോ വേണ്ട…നസ്രായൻ്റെ ഹൃദയത്തിലൊരിടം… നസ്രായൻ്റെ മുഖം മൂടിയ തുണി കൃത്യമായി മടക്കി വച്ചിരിക്കുന്നത് കാണുമ്പോൾ ഉത്ഥാനത്തിൻ്റെ പ്രകാശം അയാളിൽ ഉദിക്കുന്നുണ്ട്…

കല്ലറയിലേക്ക് ഓടുമ്പോൾ എനിക്ക് അവനെ അറിയില്ല എന്ന് മൂന്ന് തവണ തള്ളിപറഞ്ഞ ഓർമകളായിക്കാം പത്രോസ് പാപ്പയുടെ മനസ്സിൽ എന്നിട്ടും നസ്രായൻ അയാളെ കൈവെടിയുന്നില്ല… നസ്രായൻ്റെ കൃപയിൽ അയാളും
അള്ളിപിടിക്കുകയാണ്…. ഒരു നിമിഷത്തിൽ തള്ളി പറഞ്ഞെങ്കിലും, വീണെടുത്തു നിന്നെഴുന്നേറ്റ്… കല്ലറയിങ്കലേക്ക് ഓടുന്ന പത്രോസ് പാപ്പയുടെ സ്നേഹം, ഇടറിപ്പോയവർക്കുള്ള സുവിശേഷമാണ്… മഗ്ദലേന മറിയത്തിൻ്റെയും, പത്രോസ് പാപ്പയുടെയും, വത്സല ശിഷ്യൻ്റെയും നസ്രായനോടുള്ള സ്നേഹം നമ്മിലും നിറഞ്ഞ്, അവനെ നിരന്തരം അന്വേഷിക്കാൻ നമുക്കുമാവട്ടെ… നസ്രായൻ്റെ തിരുഹൃദയത്തിൻ ചാരെ…