പന്തക്കുസ്താ തിരുനാൾ, Cycle -A, യോഹ. 20: 19-23

യോഹ. 20: 19-23
അവൻ നിങ്ങളെ പരിശുദ്ധാതമാവിനാലും അഗ്നിയാലും സ്നാനപ്പെടുത്തും. നസ്രായനെക്കുറിച്ചു സ്നാപകൻ നൽകിയ സാക്ഷ്യമാണിത്. താൻ നൽകിയത് അനുതാപത്തിൻറ്റെ സ്നാനമാണെങ്കിൽ ഇവൻ നൽകുന്നത് ആത്മാവിൻറ്റെ നിറവാണ്. പന്തക്കുസ്താതിരുനാൾ അവൻ നൽകിയ ഈ സ്നാനത്തിൻറ്റെ സ്‌മരണയാണ്. അപ്പോസ്‌തലന്മാരുടെ ജീവിതത്തെ പെന്തക്കോസ്തയ്ക്കു മുൻപും പിൻപുമായി രണ്ടായി തിരിക്കാം. ഉത്ഥിതനായ നസ്രായനെ ദർശിച്ചിട്ടും ശിഷ്യന്മാരുടെ ഭയത്തിന് യാതൊരു കുറവമുണ്ടായില്ല. നസ്രായൻറ്റെ മൃതശരീരം കാണാതായതിന് അധികാരികൾ ഏതു സമയത്തും തങ്ങളെ പിടികൂടിയേക്കാമെന്ന ചിന്തയായിരുന്നു അവരെ നയിച്ചത്. അതുകൊണ്ടു തന്നെയാവണം ഉത്ഥിതനായ നസ്രായൻ ഓരോതവണയും അസ്വസ്ഥമായ അവരുടെ ഹൃദയങ്ങൾക്ക് സമാധാനം ആശംസിക്കുന്നത്…
തൻറ്റെ സ്വർഗ്ഗാരോപണത്തിന് മുൻപായി ആത്മാവിനെ അവരിലേക്ക്‌ നിശ്വസിച്ചുകൊണ്ട് ഈ ദിനത്തിനായി അപ്പോസ്തലന്മാരെ നസ്രായൻ ഒരുക്കുന്നുണ്ട്. ഒരുപാട് ഇടർച്ചകൾക്കു ശേഷം ശിഷ്യന്മാർ മനസ്സിലാക്കുന്ന ഏറ്റവും വലിയ തിരിച്ചറിവും അത് തന്നെയായിരുന്നു , തങ്ങളുടെ കഴിവിലും ശക്തിയിലും ആശ്രയിച്ചുകൊണ്ടു നസ്രായനുവേണ്ടി നിലകൊളളുക സാദ്ധ്യമല്ല. തങ്ങളിൽ ആരാണ്‌ വലിയവനെന്നൊക്കെ കണ്ടുപിടിക്കാൻ തല്ലുകൂടിയവരൊക്കെ പ്രാർത്ഥനയുടെ കാര്യങ്ങളുമായി ഒത്തു കൂടുകയാണ്… അങ്ങനെ പന്തക്കുസ്താദിനം നാവിൻറ്റെ രൂപത്തിലുള്ള അഗ്‌നിനാളമായി ആത്മാവ് ഇവരിൽ നിറയുകയാണ്… ആ നിമിഷം മുതൽ അവർ പഴയ മീൻപിടുത്തക്കാരല്ല, വചനമാകുന്ന വലയെറിഞ്ഞു മനുഷ്യരെ പിടിക്കുന്ന നസ്രായൻറ്റെ മുക്കുവരവുകയാണ്…
ആത്മാവിൽ നിറഞ്ഞു വചനവും പേറി തങ്ങളുടെ ജീവിതത്തിൻറ്റെ മദ്ധ്യാനത്തിൽ നസ്രായൻ അവരെ ഏൽപിച്ച ദൗത്യം അവർ ആരംഭിക്കുകയാണ്… നസ്രായനെ മുന്ന് തവണ പരസ്യമായി തള്ളിപ്പറഞ്ഞ പത്രോസ് അവൻ നൽകിയ പേരിന് സാമാനം അവൻറ്റെ പാറയായി രൂപാന്തരപ്പെടുകയാണ്…
ആദ്യപ്രഘോഷണത്തിൽ തന്നെ മൂവായിരത്തോളം പേരെയാണ് അവൻ ജ്ഞാനസ്നാനപ്പെടുത്തുന്നത്… പിന്നെ എല്ലാം ചരിത്രം… ലോകത്തിൻറ്റെ അതിർത്തികൾവരെയും അവൻറ്റെ സുവിശേഷം പ്രഘോഷിക്കപ്പെടുകയാണ്… ഇപ്പോഴും പ്രഘോഷിക്കപ്പെടുന്നു… ഇനിയും പ്രഘോഷിക്കപ്പെടും… ആത്മാവിൻറ്റെ നിറവിൽ വചനവും പേറി സർവസൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവാൻ പരിശുദ്ധത്മാവ് നമ്മെ ഓരോരുത്തരെയും ശക്തിപ്പെടുത്തട്ടെ എന്ന പ്രാർത്ഥനയോടെ…