മാർക്കോ. 12: 28b-34
നസ്രായന്റെ ഓരോ അനുയായിയും ഒരുപോലെ ആഴപ്പെടേണ്ട ബോധ്യമാണ് ദൈവസ്നേഹവും പരസ്നേഹവും. എല്ലാക്കാലത്തും ഈ ബോധ്യത്തിലേക്ക് വളരാനുള്ള ക്ഷണം നമുക്കൊക്കെ വമ്മാനിച്ചിട്ടുള്ളത് വെല്ലുവിളികളാണ്. കാണപ്പെടാത്ത ദൈവത്തെ തീവ്രമായി സ്നേഹിക്കുകയും എന്നാൽ കാണപ്പെടുന്ന സഹോദരങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്ന ആത്മീയത എല്ലാക്കാലത്തും നമ്മോടൊപ്പമുണ്ട്. നസ്രായന്റെ കാലത്തെ ഫരിസേയരും, നിയമജ്ഞരും, സദുക്കായരുമൊക്കെ കൽപനകൾ കർക്കശമായി പാലിച്ചവരാണ്, യാഹവേയോടുള്ള സ്നേഹത്താൽ തീക്ഷണമായ ജ്വലിച്ചവരാണ് ഇക്കൂട്ടർ. യാഹ്‌വേയെ പ്രാസാദിപ്പിക്കുന്നതിനായി ബലിയപ്പണവും, മറ്റ് നിയമാനുഷ്ഠാനങ്ങളുമൊക്കെ കണിശമായി പാലിച്ചവർ. പക്ഷെ താഴെ തട്ടിലുള്ള ദുർബലരും ആലംബരുമായ തങ്ങളുടെ സഹോദരങ്ങളെ സ്നേഹിക്കുന്നതിൽ അവർ അമ്പേ പരാജയപ്പെടുകയാണ്. യാഹ്‌വേയെ പ്രസാദിപ്പിക്കാൻ എന്തു ത്യാഗവും ചെയ്യാൻ തയ്യാറായ ഇക്കൂട്ടർ തങ്ങളുടെ കീഴിലുള്ള ദുർബലരെ എല്ലാ അർത്ഥത്തിലും കൊള്ളയടിക്കുന്ന കപടമായ ആത്മീയ ജീവിതമാണ് നയിച്ചിരുന്നത്. നിയമങ്ങളൊക്കെ കണിശമായി പാലിക്കുന്ന തങ്ങളാണ് ദൈവത്തിന് സ്വീകാര്യരായ വ്യക്തികളെന്ന അഹംഭാവമാണ് അവരിൽ നിഴലിച്ചിരുന്നത്.
ഏറ്റവും സുപ്രധാനമായ കൽപന ഏതാണെന്നുള്ള നിയമജ്ഞന്റെ ചോദ്യത്തിന് യേശു നൽകുന്ന ഉത്തരം അവർക്ക് അപരിചിതമായ ഒന്നല്ല. ‘ഷേമാ ഇസ്രായൽ ‘ (നിയമാവർത്തനം 6:4-9) എന്ന ഈ വചന ഭാഗം അവരുടെ അസ്ഥിത്വത്തിന്റെ തന്നെ ഭാഗമായിരുന്നു. കട്ടില പടികളിലും തങ്ങളുടെ വസ്ത്രത്തിന്റെ ഭാഗമായൊക്കെ ഈ കൽപന അവർ നെഞ്ചോട് ചേർത്ത് വച്ചിരുന്നു. യാഹ് വേയ്ക്ക് തങ്ങളുടെ ജീവിതത്തിലുള്ള സുപ്രധാനമായ സ്ഥാനവും യാഹ്‌വേയോട് തങ്ങൾ പുലർത്തേണ്ട വിശ്വസ്തതയുടെ ഓർമ്മപെടുത്തൽ കൂടിയായിരുന്നു ഇത്. നസ്രായൻ ഈ സുപ്രധാനമായ കൽപനയ്ക്ക് അടിവരയിടുന്നത് ദൈവത്തെ സ്നേഹിക്കുന്നതിനോടൊപ്പം തങ്ങളുടെ സഹോദരങ്ങൾക്ക് കൂടി അവരുടെ ഹൃദയത്തിൽ ഇടം കൊടുക്കണമെന്നുള്ള ശക്തമായ ഓർമ്മപെടുത്തൽ നൽകി കൊണ്ടാണ്. നസ്രായന്റെ ജീവിതത്തിൽ നാം ദർശിക്കുന്ന മനോഹാരിത ദൈവ സ്നേഹത്തിന്റെയും പരസ്നേഹത്തിന്റെയും ഈ കൂടിചേരലാണ്. നമ്മോടുള്ള സ്നേഹത്തെ പ്രതി നിത്യതയുടെ സുരക്ഷിതത്വങ്ങൾ ഉപേക്ഷിച്ച് നമ്മിലൊരുവനാകുന്ന നസ്രായൻ, നമ്മോടുള്ള സ്നേഹത്തെ പ്രതി കുരിശിൽ സ്വയം ബലിയാവുകയാണ്. നസ്രായനെപ്പോലെ ദൈവസ്നേഹവും പരസ്നേഹവും ഒരു പോലെ നമ്മുടെ ജീവിത ദർശനമാകുമ്പോൾ മാത്രമാണ് ദൈവരാജ്യം നമ്മിൽ രൂപപ്പെടുന്നതും, നസ്രായന്റെ സുവിശേഷമായി നാമൊക്കെ രൂപാന്തരപ്പെടുന്നതും.
ഫരിസേയരെയും, നിയമജ്ഞരെയുമൊക്കെ അങ്ങനെ നിശിതമായി വിമർശിച്ച് ഈ വിചിന്തനം അവസാനിപ്പിക്കാനാണ് പ്രലോഭനം. പക്ഷെ ഉള്ളിന്റെ ഉള്ളിലേക്ക് നോക്കുമ്പോൾ അവരെയൊക്കെയും എന്റെ ഉള്ളിലും ജീവിക്കുന്നില്ലേ? എന്ന ഭയപ്പെടുത്തുന്ന ചോദ്യമുയരുന്നുണ്ട്. ദൈവസ്നേഹത്താൽ കത്തി ജ്വലിക്കുന്ന ഹൃദയമാണ് നമ്മൂടേതെന്നൊക്കെ അവകാശപ്പെട്ടിട്ടും, ഭാഷയുടെ, നിറത്തിന്റെ, ജാതിയുടെയൊക്കെ പേരിൽ നമ്മുടെ ഹൃദയം വ്യക്തികൾക്ക് മുന്നിൽ കൊടിയടയ്ക്കപ്പെട്ടിട്ടില്ലേ? സമരിയാക്കാരന്റെ ഉപമയിൽ നാം കണ്ട് മുട്ടുന്ന പുരോഹിതനെയും ലേവായ നെയും പോലെ മൃതപ്രാണരായി വഴിയരികിൽ കിടക്കുന്ന സഹോദരങ്ങളെ ചിലപ്പോഴെങ്കിലും കണ്ടില്ലെന്ന് നടിച്ച് നാമൊക്കെ കടന്ന് പോയിട്ടില്ലേ? വ്യക്തികൾ മൃതപ്രാണരാകുന്നത് അക്രമികളുടെ ആക്രമണം നിമിത്തമാകണമെന്നില്ലല്ലോ… സാമ്പത്തിക ബാദ്ധ്യതകളും, കുടുംബ പ്രശ്നങ്ങളും, രോഗവസ്ഥകളും, മാനസിക സംഘർഷങ്ങളുമൊക്കെ ഈ അവസ്ഥയ്ക്ക് കാരണമായേക്കാം. നമ്മുടെ സഹോദരങ്ങളെ നെഞ്ചോട് ചേർക്കുന്ന നല്ല അയൽക്കാരനാവാൻ നമുക്ക് കഴിയുന്നുണ്ടൊ? നമ്മുടെ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളികളിലൂടെ കടന്ന് പോയി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ അയൽക്കാർക്ക് കൊറോണയുടെ ദുരിതങ്ങൾ നേരിട്ടപ്പോൾ അവർക്ക് തണലാവാൻ നമുക്ക് കഴിഞ്ഞൊ? ഇന്നത്തെ സുവിശേഷത്തോട് ചേർന്ന് നിന്ന് നമ്മുടെ ജീവിതത്തിലേക്ക് നാം നടത്തുന്ന ഈ തിരനോട്ടം നമ്മുടെ കുറവുകൾ തിരിച്ചറിഞ്ഞ് ദൈവസ്നേഹത്തെയും പരസ്നേഹത്തെയും ഒരു പോലെ സമന്വയിപ്പിച്ച് ജീവിതയാത്ര മുന്നോട്ട് കൊണ്ട് പോവാൻ നമ്മെ പ്രേരിപ്പിക്കട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ചാരെ…