തിരുക്കുടുംബത്തിന്റെ തിരുനാൾ, Cycle B, ലൂക്കാ. 2:22-40

ഇന്ന് തിരുക്കുടുംബത്തിന്റെ തിരുനാളാണ് നാം സ്മരിക്കുക. ക്രിസ്തുമസിന് ശേഷം വരുന്ന ആദ്യ ഞായറാഴ്ച്ച വചനം നമ്മെ ക്ഷണിക്കുക ഈ തിരുക്കുടുംബത്തെ ധ്യാനിച്ച് നമ്മുടെ കുടുംബളെ പ്രതി അബ്ബായക്ക് നന്ദി പറയാനും, നമ്മുടെ സാന്നിദ്ധ്യം വഴി നമ്മുടെ കുടുംബങ്ങളെ തിരുക്കുടുംബങ്ങളാക്കുവാനുമാണ്. നസ്രത്തിലെ തിരുക്കുടുംബം നമുക്ക് മാതൃകയാകുന്നത് അവരുടെ നിർമലമായ സ്നേഹവും, അവരുടെ ഇടയിലെ നിസ്വാർത്ഥതയും നിമിത്തമാണ്. സാധാരണ ഗതിയിൽ നാം ചിന്തിക്കുകയാണെങ്കിൽ പരസ്പരം വഴക്കിട്ട് ഉപേക്ഷിച്ച് പോവാൻ ഒരുപാട് കാരണങ്ങൾ ഉള്ള ഒരിടമായിരുന്നു നസ്രത്തിലെ ഈ തിരുക്കുംബം. മേരിയമ്മയുടെ കന്യകാ ഗർഭധാരണം വിവാഹ ഉടമ്പടിക്ക് പുറത്താണ് സംഭവിക്കുക. അത് പോലെ ഗർഭിണിയായ മേരിയമ്മയെയും, തന്റെതല്ലാത്ത കുഞ്ഞിനെയും ഏറ്റെടുക്കേണ്ടി വരുന്ന ഔസേപ്പിതാവ്, ചെറുപ്പം മുതലെ ദാരിദ്രവും, പ്രവാസവും, ആവോളം അനുഭവിക്കേണ്ടി വരുന്ന കുഞ്ഞു നസ്രായൻ. പന്ത്രണ്ടാം വയസ്സിൽ മാതാപിതാക്കളെ ഉപേക്ഷിക്കാനുള്ള ശ്രമങ്ങളൊക്കെ അവൻ നടത്തുന്നുണ്ട്. അങ്ങനെ പരസ്പരം പിരിയാനും, തമ്മിലടിക്കാനുമൊക്കെ ഒരുപാട് കാരണങ്ങൾ ഇവരുടെ ഇടയിലുണ്ടായിരുന്നു. പക്ഷെ ഒരു നാളും പരസ്പരം പിരിയാനല്ല, പരസ്പരം ചേർത്ത് പിടിക്കാനും, കരുതാലാവാനുമാണ് ഈ മൂന്ന് പേരും ശ്രമിക്കുക.

മേരിയമ്മ നസ്രായനെ ഗർഭം ധരിച്ചതിന് ശേഷം ആവശ്യമായ എല്ലാ ശിശ്രൂഷകളും നൽകുന്നത് ഔസേപ്പിതാവാണ്. ജെറുസലേമിലേക്കുള്ള ക്ലേശപൂർണ്ണമായ യാത്രയിൽ പരിശുദ്ധ അമ്മയെ കഴുതപ്പുറത്തിരത്തി, നടന്ന് പോവുന്ന ഔസേപ്പിതാവിനെയല്ലാതെ ആരെയാണ് നിസ്വാർത്ഥ സ്നേഹത്തിന് മാതൃകയാവുക? കാലിതൊഴുത്തിൽ മേരിയമ്മയ്ക്ക് പ്രസവാനന്തര ശിശ്രുഷ ചെയ്യുന്നതും ഇദ്ദേഹമാണ്. ഈജിപ്തിലേയ്ക്ക് പാലായനം ചെയ്യുമ്പോഴും പിന്നീട് നസ്രത്തിലേക്ക് തിരികെ വന്ന് താമസമാക്കുമ്പോഴുമെല്ലാം തിരുക്കുടുംബത്തിന് അത്താണിയാവുന്നത് ഈ മനുഷ്യന്റെ നിർമലസ്നേഹവും, ചോര നീരാക്കുന്ന അദ്ധ്വാനവുമാണ്.

മേരിയമ്മയെ മാതൃകാ വീട്ടമയാക്കുന്നത് കുടുംബത്തിന് വേണ്ടി ത്യാഗങ്ങൾ ഏറ്റെടുക്കാനുള്ള അവളുടെ വലിയ മനസ്സാണ്. കാലിതൊഴുത്തിൽ ഒരു സഹായി പോലുമില്ലാതെ ദൈവപുത്രന് ജൻമം കൊടുക്കേണ്ടി വരിക, ഏത് സ്ത്രീക്കാണ് അതൊക്കെ സ്വീകരിക്കാനാവുക? വന്ദ്യനായ ശിമയോൻ ഈ ശിശുമൂലം ഒരു വാൾ നിന്റെ ഹൃദയത്തെ ഭേദിക്കുമെന്ന പ്രവചനം നടത്തുന്നുണ്ട്. അത് കേൾക്കുമ്പോഴെ ആ ദുരന്തം തന്റെ ജീവിതത്തിൽ സംഭവിക്കാതിരിക്കാൻ തിരുക്കുടുംബത്തെ അവൾക്ക് ഉപേക്ഷിക്കാമായിരുന്നു. പന്ത്രണ്ടാം വയസ്സിൽ തങ്ങളെ ഉപേക്ഷിച്ച് പോവുന്ന പെന്നോമനയെ ദേവാലയത്തിൽ കണ്ടെത്തുമ്പോൾ അവൻ ചോദിക്കുക: ‘നിങ്ങൾ എന്തിനാണ് എന്നെ അന്വേഷിക്കുന്നത്? ഞാനന്റെ പിതാവിന്റെ കാര്യങ്ങളിൽ വ്യാപൃതനായിരിക്കേണ്ടതല്ലെ…’ ഏതൊരു സ്ത്രീയും ഉലഞ്ഞ് പോവുന്ന ജീവിത മുഹൂർത്തമായിരുന്നു ഇവയൊക്കെയും. പക്ഷെ മേരിയമ്മയൊരിക്കലും പരാതിയുടെ പാനപാത്രം ഉയർത്തുന്നില്ല. നസ്രായനെയും, ഔസേപ്പിതാവിനെയും ഏറ്റവും സ്നേഹത്തോടെ ശിശ്രൂഷിക്കാനും കരുതാനുമാണ് അവൾ നിരന്തരം ശ്രമിച്ചത്.

തിരുക്കുടുംബത്തിലെ ഏറ്റവും വലിയ വിസ്മയം ഏതൊരു കുടുംബത്തിലെയും പോലെ, തിരുക്കുടുംബത്തിന്റെ കുറവുകൾ സ്വീകരിക്കുകയും, അതിനോട് പൊരുത്തപ്പെടുകയും, തന്റെ സാന്നിദ്ധ്യം കൊണ്ട് ആ കുറവുകളെ നിറവുകളാക്കുകയും ചെയ്യുന്ന നസ്രായനാണ്. പന്ത്രണ്ടാം വയസ്സിൽ തന്റെ പിതാവിന്റെ ഭവനമായ ജെറുസലെം ദേവാലയത്തിൽ ആയിരിക്കാൻ ശ്രമിക്കുന്ന നസ്രായന് മേരിയമ്മയുടെയും, ഔസേപ്പിതാവിന്റെയും, നൊമ്പരങ്ങളെയും സ്നേഹത്തെയും, കരുതലിനെയും കണ്ടില്ലെന്ന് നടിച്ച് അവിടെത്തന്നെ തുടരാമായിരുന്നു. പക്ഷെ നസ്രായൻ തിരികെ വന്ന് അവർക്ക് വിധേയനായി ജീവിക്കുകയാണ്. അങ്ങനെ പരസ്പരം ഉപേക്ഷിക്കാതെ, നെഞ്ചോട് ചേർക്കാനും, സ്നേഹിക്കാനും, ഈ മൂന്ന് പേരെയും പ്രേരിപ്പിക്കുക അബ്ബായായോടുള്ള അവരുടെ ആത്മബന്ധമായിരുന്നു. യാദ്യശ്ചികതകളല്ല മറിച്ച് അബ്ബയുടെ പരിപാലനയും, പദ്ധതിയും, സ്നേഹവുമാണ് തങ്ങളെ മൂവരെയും ഒരു കുരക്കീഴിൽ ഒരുമിപ്പിച്ചതെന്ന് അവർക്ക് വ്യക്തമായി അറിയാമായിരുന്നു. ഇവരെപ്പോലെ പരസ്പരം നിർമലമായും, നിസ്വാർത്ഥമായും, സ്നേഹിക്കാൻ, കുറവുകളിൽ നിറവാകുവാൻ നമുക്കേവർക്കും ആവട്ടെ അങ്ങനെ നാം ആയിരിക്കുന്ന ഇടങ്ങളെ തിരിക്കുടുംബങ്ങളാക്കാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയുടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…