ആഗമനകാലം നാലാം ഞായർ, Cycle B, Lk 1:26-38

ലുക്കാ.2:1-14
“സന്തോഷം നിറഞ്ഞ ക്രിസ്തുമസ് മംഗളങ്ങൾ,” ഈ ക്രിസ്തുമസ് ദിനത്തിൻറ്റെ പതിവായ ആശംസയാണല്ലോ… പക്ഷെ ഇത്തവണ ‘സന്തോഷം നിറഞ്ഞ ക്രിസ്തുമസ്’ മംഗളാശംസകൾ നേരാൻ നമുക്കാവുമോ? ക്രിസ്തുമസ്സാരവിനെ ധ്യാനിച്ചു ഈ വിചിന്തനം കുറിക്കുമ്പോൾ കോവിഡ് മഹാമാരിയോട് പടവെട്ടി അതിജീവനത്തിന് വേണ്ടി അശ്രാന്തം പരിശ്രമിക്കുന്ന ചില ജീവിതങ്ങൾ അടുത്തുകാണുന്നുണ്ട്… പാതിരാകുർബാനയ്ക്ക് ശേഷം അവരോട് എന്താശംസകളാണ് പറയേണ്ടത്?
ഈ ക്രിസ്തുമസ് നമ്മളൊക്കെ നോക്കികാണേണ്ടത് നീതിമാനായ ആ തച്ചൻറ്റെ കണ്ണുകളിലൂടെയാണെന്ന് കരുതുന്നു… ഒരു സുപ്രഭാതത്തിൽ പൊടുന്നനെ അയാളുടെ ജീവിതം മാറിമറിയുകയാണ്… ഹൃദയത്തോട് ചേർത്തുവെച്ചു താൻ സ്വപനം കണ്ട തൻറ്റെ കുടുംബജീവിതം തകർന്നിരിക്കുകയാണ്… താനറിയാതെയാണ് തൻറ്റെ പ്രതിശ്രുത വധു ഗർഭം ധരിച്ചിരിക്കുന്നത്… തനിക്ക് വന്നു ചേർന്നിരിക്കുന്ന ഈ അപമാനം സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി, യഹൂദനിയമത്തിൻറ്റെ കിരാതമായ ശിക്ഷകൾക്കു അവളെ അയാൾക്ക്‌ വിട്ടുകൊടുക്കാമായിരുന്നു. എന്നിട്ടും എല്ലാ പേരുദോഷവും സ്വയം ഏറ്റെടുത്തു അവളെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ അയാൾ തീരുമാനിക്കുകയാണ്… പക്ഷെ സ്വപ്നത്തിലൂടെ തൻറെ ജീവിതത്തിലേക്ക് കടന്ന് വരുന്ന ദൈവസ്വരത്തിന് തൻറ്റെ ജീവിതം അയാൾ അടിയറ വയ്ക്കുകയാണ്. അതത്ര വലിയ കാര്യമാണോ? മേരിയമ്മും സഖറിയായുമൊക്കെ ദൈവഹിതമറിയുന്നത് ദർശനങ്ങളിലൂടെയാണ്…
അവരെക്കാളൊക്കെ വലിയ വിശ്വാസമാണ് ഔസേപ്പിതാവിൻറ്റെതെന്ന് സ്ഥാപിക്കാനുള്ള ശ്രമായി കരുതല്ലേ… സ്വപ്നത്തെ വിശ്വസിച്ചു മേരിയമ്മയെ നെഞ്ചോട് ചേർത്തുപിടിക്കുന്ന ഈ തച്ചൻറ്റെ വിശ്വാസ ജീവിതത്തിൻറ്റെ ആഴങ്ങളെ നാം കാണാതെ പോവരുത്…
പിന്നെ ബെത്ലഹ്മിലേക്കുള്ള യാത്രയാണ്… നസ്രായൻറ്റെ ജനനം ആധാരമാക്കിയ സിനിമയിൽ ഹൃദയത്തെ തൊടുന്ന ഒരു രംഗമുണ്ട്. കയ്യിൽ അവശേഷിക്കുന്ന അപ്പത്തിൻറ്റെ മുക്കാൽഭാഗവും ഗർഭിണിയായ മേരിയമ്മയ്ക്ക് കൊടുത്തു, കാൽഭാഗം ഭക്ഷിക്കുന്നത് പോലെ, ഞടിച്ചു, ആരുംകാണാതെ മേരിയമ്മയെ വഹിക്കുന്ന കഴുതയ്ക്കും കൊടുത്തു, പട്ടിണിയിരിക്കുന്ന മനുഷ്യൻ നിസാർത്ഥ സ്നേഹത്തിൻറ്റെയും കരുതലിൻറ്റെയുമൊക്കെ നിലവായി മനസ്സിൽ നിയറുകയാണ്… ഒരുപക്ഷെ കഥാകൃത്തിൻറ്റെ ഭാവനയാവാം. നസ്രസിൽനിന്നും ബെത്ലെഹ്മിലേക്കുള്ള യാത്രയൂടെ ക്ലേശങ്ങൾ കനലായി എരിഞ്ഞിറങ്ങുന്നത് ഈ മനുഷ്യൻറ്റെ നെഞ്ചിലാണ്… കാലം അയാളോട് കാണിച്ച വലിയ അനീതി പ്രായമേറിയ മനുഷ്യനായി അയാളുടെ ചരിത്രത്തെ വളച്ചൊടിച്ചു എന്നതാണ്. വായിച്ചുകെട്ടൊരു വണക്കമാസക്കാലോർമ്മ അധ്വാനശീലനായ ഒരു ചെറുപ്പക്കാരനായിരുന്നു അദ്ദേഹമെന്നാണ്…
സത്രത്തിൽ ഇടമില്ലാതിരുന്നിട്ടും കാലിത്തൊഴുത്തിനെ രക്ഷകൻറ്റെ ജനനത്തിനായി ഒരുക്കുന്നതും മേരിയമ്മയുടെ പ്രസവാനന്തര ശിശ്രുഷകളേറ്റെടുക്കുന്നതുമൊക്കെ നിസ്സാരനായ ഈ മനുഷ്യനാണ്… നാടടക്കി വാണിരുന്ന ഹേറോദേസ് രാജാവിൻറ്റെ സൈന്യത്തിൽനിന്നും മേരിയമ്മക്കും, നസ്രായനും താങ്ങാവുന്നത് ഈ ഒറ്റയാൾ പട്ടാളത്തിൻറ്റെ ചങ്കുറപ്പാണ്…
ഈ ക്രിസ്തുമസ് നാമൊക്കെ നോക്കികാണേണ്ടതു ഈ മനുഷ്യൻറ്റെ കണ്ണുകളിലൂടെയാണ്… പ്രതിസന്ധികളുടെ മധ്യത്തിലും ദൈവസ്വരത്തിനു കാതോർത്തുകൊണ്ട് അയാൾ ആ സദ്വാർത്ത ജീവിക്കുകയാണ് – ‘നമുക്കായി ഒരു രക്ഷകൻ ജനിച്ചിട്ടുണ്ട്.’ കോവിഡ് കാലത്തെ വ്യക്തിപരമായ ദൗർഭാഗ്യങ്ങളും നഷ്ടങ്ങളുമൊക്കെ യാഥാർഥ്യം തന്നെയെന്ന് തുറന്ന് സമ്മതിക്കുന്നു… നമ്മുടെ ചരിത്രത്തെ തൻറ്റെ നിത്യതയുടെ ഭാഗമാക്കിയവനാണ് നസ്രായനെന്ന തിരിച്ചറിവിൽ പ്രതീക്ഷയുടെയും സന്തോഷത്തിൻറ്റെയും ക്രിസ്തുമസ് മംഗളങ്ങൾ…