ആഗമനകാലം മൂന്നാം ഞായർ, Cycle B, Jn 1:6-8, 19-28

ലുക്കാ.1:26-38
എല്ലാ ക്രിസ്തുമസ് കാലത്തും വചനം നമ്മെ നസ്രസിലെ ഒരു കൊച്ചുഭവനത്തിലേക്ക് നയിക്കുന്നുണ്ട്. ആ കൊച്ചു ഭവനത്തിലാണ് സർവ്വ പ്രപചനത്തിൻറ്റെയും രക്ഷണീയ കർമത്തിനുള്ള മണി മുഴങ്ങുന്നത്… മേരിയമ്മയുടെ ” ഇതാ, കർത്താവിൻറ്റെ ദാസി, നിൻറ്റെ വാക്ക് എന്നിൽ നിറവേറട്ടെ!…” എന്ന വാക്കുകൾ ലോക ചരിത്രത്തെ തന്നെ രൂപാന്തരപ്പെടുത്തുകയാണ്… അങ്ങനെ നമ്മുടെയൊക്കെ സമയം പോലും രക്ഷിക്കപ്പെടുകയാണ്…മേരിയമ്മയുടെ ഈ സമ്പൂർണ്ണ സമർപ്പണമാണ് ക്രിസ്തുമസ് കാലത്തു നാമൊക്കെ ആഴത്തിൽ ധ്യാനിക്കേണ്ട വചനഭാഗം…
അറിയാൻ ശ്രമിക്കുംതോറും, ഈ ‘കർത്താവിൻറ്റെ ദാസി’ ചക്രവാളത്തിൻറ്റെ സീമകൾ പോലെ അനന്തമായി നിൽക്കുന്ന വിസ്മയമാണ്… മേരിയമ്മയുടെ വ്യക്തിത്വത്തിൻറ്റെ ഈ ലാവണ്യം തൊട്ടറിയുന്നത് കെ.പി. അപ്പൻറ്റെ തൂലികയിലൂടെയാണ്… ആ പ്രായത്തിൽ അദ്ദേഹത്തിൻറ്റെ സാഹിത്യശൈലിയുടെ സർഗാത്മകത ഉൾക്കൊള്ളാനായില്ലെങ്കിലും അദ്ദേഹം വരച്ചുകാട്ടിയ മേരിയമ്മയുടെ വ്യക്തിത്വം മനസ്സിൽ ആഴത്തിൽ പതിഞ്ഞിരുന്നു… ഭാവിയും, ഭൂതവും, വർത്തമാനവുമൊന്നും കാര്യമാക്കാതെ ദൈവഹിതത്തിനുമുന്നിൽ മേരിയമ്മ തൻറ്റെ ജീവിതം അടിയറവയ്ക്കുകുയാണ്… നാമൊക്കെ പലപ്പോഴും നമ്മുടെ വ്യക്തിപരമായ ആഗ്രഹസാഫല്യത്തിലായിരിക്കാം ദൈവത്തെ സമീപിക്കുന്നത്… ദൈനംദിന ജീവിതത്തിൽ ദൈവഹിതം എന്താണെന്ന് തിരിച്ചറിയാൻ നാമൊക്കെ ശ്രമിക്കുന്നുണ്ടോ? തിരിച്ചറിഞ്ഞാൽ ആ ദൈവഹിതം ‘എൻറ്റെ ജീവിതത്തിൽ നിറവേറപ്പെടട്ടെ എന്ന് പറയാൻ നമുക്കായിട്ടുണ്ടോ?
മേരിയമ്മക്ക് പര്യമായി ഉപയോഗിക്കാവുന്ന പദം ‘വിശ്വാസം’ ആണെന്ന് കരുതുന്നു… യഹൂദ സമൂഹത്തിൽ പുരുഷനെ അറിയാത്ത കന്യക ഗർഭം ധരിച്ചാൽ അവളെ കല്ലെറിഞ്ഞു കൊല്ലാൻ നിയമം അനുശാസിക്കുന്നുണ്ട് . അത്തരമൊരു യാഥാസ്ഥിക സമൂഹത്തിൻറ്റെ ഭാഗമായി നിലകൊണ്ട്, അതും രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ഇത്തരമൊരു സമർപ്പണമെന്നത് മേരിയമ്മയുടെ വിശ്വാസത്തിൻറ്റെ ആഴങ്ങളിലേക്കാണ് നമ്മെ നയിക്കുന്നത്… അതോടൊപ്പം ഗബ്രിയേൽ ദൈവദൂതൻറ്റെ വാക്കുകളിൽ നിഴലിക്കുന്നത് അവളോടൊപ്പമുള്ള ത്രിത്വയിക ദൈവത്തിൻറ്റെ സാന്നിധ്യമാണ്. ” പരിശുദ്ധാത്മാവ് നിൻറ്റെമേൽ വരും, അത്യുന്നതൻറ്റെ ശക്തി നിൻറ്റെമേൽ ആവസിക്കും…”യാഹ്‌വെ എന്ന പേര് പോലും ഉച്ചരിക്കാതെ, ഭയഭക്തി ബഹുമാനം നിറഞ്ഞ യഹൂദ മനസ്സിന് ഉൾകൊള്ളാവുന്നതിലും പതിന്മടങ്ങു ഉപരിയായിരുന്നു, ‘ഏകമായി നിലകൊള്ളുന്ന പരിശുദ്ധ ത്രിത്വത്തെക്കുറിച്ചുള്ള വെളിപ്പെടുത്തൽ…’ എന്നിട്ടും അവൾ വിശ്വസിക്കുകയാണ്… മേരിയമ്മയോളം വിശ്വാസത്തിൻറ്റെ ആഴങ്ങളിലേക്ക് വളർന്നവരായി ആരെങ്കിലുമുണ്ടോ? സ്ത്രീത്വത്തിൻറ്റെ അല്ല മാനവരാശിയുടെ മുഴുവൻ തിലകകുറിയാണിവൾ… മേരിയമ്മയുടെ കൈപിടിച്ചു വിശ്വാസത്തിൻറ്റെ ആഴങ്ങളിലേക്ക് നമുക്കും വളരാം… എൻറ്റെയും നിങ്ങളുടെയും ഹൃദയത്തിൽ നസ്രായൻ പൂജാതനാകട്ടെ എന്ന പ്രാത്ഥനയോടെ… ഹൃദയപൂർവം നസ്രായൻറ്റെ ചാരെ…