യോഹ. 20: 19-31
“നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നത് പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ.” (ലൂക്കാ.6:36) കരുണയുടെ ആഘോഷമാണ് ക്രിസ്തീയത… മാനുഷികമായ തലത്തിൽ നിന്ന് അബ്ബായെ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് പഴയനിയം മുഴുവനും… അവിടെയും നാം കണ്ടെത്തുന്ന അബ്ബാ നമ്മുടെയൊക്കെ തെറ്റുകൾ നിരന്തരം കഷമിച്ചുകൊണ്ടു നമ്മിലേക്ക് കനിഞ്ഞിറങ്ങുന്ന കരുണയുടെ നീർച്ചാലാണ്… പരിധികളില്ലാത്ത ഈ സ്വർഗ്ഗീയ കരുണയുടെ അമൂർത്തഭാവമാണ് നസ്രായനിലൂടെ പുതിയനിയമത്തിൽ നാം കണ്ടുമുട്ടുന്നത്. ‘സർവ്വ കൃപകളും ധൂർത്തടിച്ചു മൃതപ്രാണനായി എത്തുന്ന തൻറ്റെ പ്രിയപുത്രൻറ്റെ ഇടർച്ചകൾക്കു കാതോർക്കാതെ, അവൻറ്റെ അടുക്കലേക്ക് ഓടി, അവനെ വാരിപുണർന്ന്, അവൻറ്റെ ശിരസ്സിനെ തൻറ്റെ ഹൃദയത്തോട് ചേർക്കുന്ന ഈ ഭൂലോകം കണ്ട ഏറ്റം മനോഹരമായ ചെറുകഥ…’ ഇത് കേവലമൊരു കഥമാത്രമല്ലെന്ന് നമുക്കറിയാം. നമ്മളൊക്കെയും നായകനും വില്ലനുമൊക്കെയായി ജീവിച്ചിട്ടുള്ളതോ, ജീവിക്കാനുള്ളതോ ആയ ജീവിത മുഹൂർത്തമാണ് വേദം നമ്മോട് പങ്കുവെയ്ക്കുന്നത്…
തുരുതുരാ പതിക്കാൻപോകുന്ന കല്ലേറുകൾക്കുമുന്നിൽ പകച്ചു അവൾ മരണത്തെ മുഖാഭിമുഖം കാണുമ്പോൾ അവൻ നിലത്തെഴുതുകയാണ്… അവൻ നിലത്തെഴുതിയത് എന്താണെന്ന് വ്യകതമല്ല പക്ഷെ അവളെ പിച്ചിച്ചീന്താൻ ഒത്തുകൂടിയവർക്കുമുന്നിൽ, കരുണയുടെ പുതപ്പായി, പുതുജീവിതത്തിലേക്ക് അവൻ അവളെ കൈപിടിച്ചു നടത്തുകയാണ്… ഓരോ തവണയും അനുരഞ്ജനകൂദാശയ്ക്കായി കുമ്പസാരക്കൂടിനെ സമീപിച്ചപ്പോൾ നാമറിയാതെ കരുണയുടെ ആ പുതപ്പ് നസ്രായൻ നമ്മെ പുതപ്പിച്ചിട്ടുണ്ട്… പിന്നെ ആരും നമ്മെ വിധിക്കുന്നില്ല. കരുണയുടെ ആ പുതപ്പ് കല്ലേറിൽനിന്നു നമ്മെ രക്ഷിക്കുന്ന പരിചയവുകയാണ്… ‘സമാധാനത്തിൽ പോവുക’ നസ്രായൻറ്റെ ആ വാക്കുകൾ അവിടെയും മന്ത്രിക്കപ്പെടുന്നുണ്ട്.
ഇന്നത്തെ സുവിശേഷം കരുണയുടെ ആ ആഘോഷത്തിലേക്കാണ് നമ്മെ കൂട്ടികൊണ്ടുപോവുന്നത്. ദുർബലരും ഒരുപാട് ഇടറിയവരുമായ തൻറ്റെ കൂട്ടുകാരെത്തേടി ആ പ്രിയതോഴൻ വീണ്ടുമെത്തുകയാണ്. ആ ദുർബലഹൃദയങ്ങളിലേക്കു അയാൾ തൻറ്റെ ആത്മാവിനെ നിശ്വസിക്കുകയാണ്. മറ്റുള്ളവരുടെ പാപങ്ങൾ ക്ഷമിക്കുക എന്ന ദൈവീകമായ അധികാരം അവർക്ക് പകർന്ന് നൽകുകയാണ്. പിന്നെ തൻറ്റെ സ്വന്തം തോമാശ്ലീഹായെ ഒത്തിരി സ്നേഹത്തോടും, തെല്ലും പരിഭവത്തോടും കൂടി ക്ഷണിക്കുകയാണ്… കരുണയുടെ കടലായ തൻറ്റെ തിരുവിലാവും, കൈകാലുകളിലെ ആണിപ്പാടുകളുമൊക്കെ സ്പർശിച്ചു തൻറ്റെ അസ്തിത്വത്തെ അനുഭവിക്കാൻ… ആ സ്വർഗ്ഗീയ കരുണയുടെ ആഴങ്ങളെ ദർശിച്ചു, ചങ്കു നിറഞ്ഞാണ് തോമശിഹാ ‘എൻറ്റെ കർത്താവെ… എൻറ്റെ ദൈവമേ…’ എന്ന് ഉദ്‌ഘോഷിക്കുന്നത്. അങ്ങനെ അവിടം സ്വർഗ്ഗീയ കരുണയാൽ നിറയുകയാണ്. ആ ദുർബലഹൃദയർക്കു പിന്നെ എങ്ങിനെയാണ് അവൻറ്റെ കരുണയുടെ സുവിശേഷം പ്രസംഗിക്കാതെ ഇരിക്കാനവുന്നത്.
എല്ലാ കാലങ്ങളിലും പ്രഘോഷിക്കപ്പെടേണ്ടത് കരുണയുടെ ഈ സുവിശേഷമാണ്. ഫൗസ്റ്റീനാമ്മയിലൂടെ നസ്രായൻ നമ്മോട് ആവശ്യപ്പെടുവന്നതും കരുണയുടെ സുവിശേഷമാകാനാണ്… ഈ സ്വർഗീയ കരുണ അനുഭവിക്കാനും, നമ്മുടെ ജീവിതംകൊണ്ട് പ്രഘോഷിക്കാനും നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായൻറ്റെ ചാരെ…