ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ, Cycle B, മാർക്കോ. 4:35-41

മാർക്കോ. 4:35-41
ദൈവശാസ്ത്ര ക്ലാസുകളുടെ ഇടയിൽ ഒരച്ചൻ കൂടെക്കൂടെ ഓർമിപ്പിക്കുന്ന ഒരു കാരുമുണ്ട് – ‘ഭയപ്പെടേണ്ട’ എന്ന വാക്ക് 365 തവണ ബൈബിളിൽ എഴുതപ്പെട്ടിട്ടുണ്ടെന്നുള്ള വസ്തുതയാണ്. ഒരാണ്ടിലെ ഓരോ ദിനത്തിലും പിന്നെ നമ്മുടെ ജീവിതയാത്രയിലൊക്കെയും നമുക്കൊക്കെ ഇല്ലാതിരിക്കേണ്ട നിർഗുണം തന്നെയാണ് ‘ഭയം .’ എന്നിട്ടും എത്രയെത്ര ഭയങ്ങൾ? ജീവിതത്തിനും മരണത്തിനുമിടയിലെ നൂൽപ്പാലത്തിൽ കൊറോണ വൈറസ് തന്നെയാണ് നമ്മുടയൊക്കെ ഇപ്പോഴത്തെ വലിയ ഭയം … കാരണം മനുഷ്യന്റ ഏറ്റവും വലിയ ഭയമായി മന:ശാസ്ത്രമൊക്കെ ഗണിക്കുന്നത് മരിക്കാനുള്ള ഭയമാണല്ലൊ…
ഇന്നത്തെ സുവിശേഷം നമ്മെ കൂട്ടികൊണ്ട് പോവുന്നത് പ്രക്ഷുബ്ദ്ധമായ അഴിയിലേക്കാണ്. അടിതിമർക്കുന്ന തിരമാലയിൽ ഇളകി മറിയുന്ന വള്ളത്തിലാണ് നമ്മുടെ നാസ്രായനും അവന്റെ തോഴരും. നസ്രായൻ ശാന്തമായി വള്ളത്തിന്റെ അമരത്ത് കിടന്ന് ഉറങ്ങി എന്നാണ് വേദം രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വേനലവധിക്ക് കടലിന്റെ നാഡി സപ്ന്തനങ്ങളെ അടുത്തറിയാവുന്നരോട് ഇടപെഴുകാനുള്ള അവസരം കിട്ടി. അവരിൽ നിന്ന് മനസ്സിലാക്കിയ ഒരു ഉള്ളറിവ് ഇപ്രകാരമായിരുന്നു: കടലിന്റെ ചുറ്റുപാടുകൾ അപരിചിതമായ ഒരാൾക്ക് തിരകളെ മുറിച്ചുള്ള വള്ളത്തിന്റ യാത്ര അത്ര സുഖകരമായ അനുഭവമായിരിക്കുകയില്ല. മനം മറിച്ചിൽ എന്ന അനിവാര്യമായ അനുഭവം അവരെ കാത്തിരിപ്പുണ്ട്. ഗലീലിയ കടൽ ഭൂമിശാസ്ത്രപരായി ഒരു കടലെല്ലെങ്കിലും അതിലെ മർദ്ധ വ്യതിയാനങ്ങൾ കടലിനോളം രൗദ്രമായ തിരമാലകൾ സൃഷ്ടിച്ചിരുന്നു. പക്ഷെ കടലിനെ അത്ര പരിചയമില്ലാത്ത നസ്രായൻ വഞ്ചിയുടെ അമരത്ത് സുഖമായി ഉറങ്ങി എന്നാണ് വേദത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. മാനുഷികമായി ചിന്തിച്ചാൽ അത്തരമൊരു സന്ദർഭത്തിൽ ഉറങ്ങുക അസംഭവ്യമാണ്. പിന്നെ എങ്ങിനെ?
കടലിനെയും കരയെയുമൊക്കെ സൃഷ്ടിച്ചവന് തന്റെ സൃഷ്ടവസ്തുക്കളുടെ മേൽ സമ്പൂർണ്ണമായ അധികാരമുണ്ട്. താൻ കേവലമൊരു യഹുദ റാബ്ബി മാത്രമല്ല മറിച്ച് രൗദ്ര സാന്ദ്രമായ പ്രകൃതിയെപ്പോലും നിയന്ത്രിക്കാൻ കഴിയുന്ന അവയുടെ ഉടയോനാണ് താനെന്ന യാഥാർത്ഥ്യമാണ് നാസായൻ തന്റെ തോഴർക്ക് മനസ്സാക്കി കൊടുക്കാൻ ശ്രമിക്കുന്നത്. നമ്മുടെയൊക്കെ ഭയത്തിന്റെ നിമിഷങ്ങൾ ഇപ്രകാരുള്ള രൗദ്രഭാവം നിറഞ്ഞ ജീവിത മുഹൂർത്തങ്ങളുമായുള്ള സംഘർഷത്തിന്റെ നിമിഷങ്ങളല്ലേ? അവിടെ ‘ഭയപ്പെടേണ്ട ‘ എന്ന് പറയുന്ന നസ്രായനെ കേൾക്കാനൊ കാണാനൊ കഴിയുന്ന വിശ്വാസ ജീവിതം നമുക്കുണ്ടാ? വിശ്വാസം ദൈവത്തിന്റെ ദാനം തന്നെയാണ്. പക്ഷെ വിശ്വസ ജീവിതത്തിനുള്ള ആഴപ്പെടലിന് നമ്മുടെ ശ്രമങ്ങളും അനിവാര്യമാണ്. ഈ ആഴപ്പെടലിന് നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ … നസ്രായന്റെ ചാരെ…