തപസ്സുകാലം അഞ്ചാം ഞായർ, Cycle C, യോഹ. 8: 1-11

യോഹ. 8: 1-11
മരണത്തെ മുഖാമുഖം കണ്ടാണ് അവളെ നസ്രായന്റെ മുന്നിലേക്ക് വലിച്ചിഴക്കുന്നത്. അവളുടെ ശാരിരിക സാന്നിദ്ധ്യത്തെ ഇരുട്ടിന്റെ മറവിൽ ആഘോഷമാക്കിയവർ തന്നെയാണ് ഇപ്പോൾ പകൽവെളിച്ചത്തിൽ ഒരു വേട്ടപ്പട്ടിയെന്നപോലെ അവളെ വേട്ടയാടുന്നത്. വ്യഭിചാരത്തിൽ പിടിക്കപ്പെടുന്ന സ്ത്രീയും പുരുഷനും ഒരു പോലെ കുറ്റക്കാരായിട്ടും അവൾ മാത്രമാണ് നിസ്സഹായായി വേട്ടയാടപ്പെടുന്നത്. ഇവരുടെ തെറ്റിന് സാക്ഷികളായ രണ്ട് സാക്ഷികൾ വേണമെന്നുള്ള ഉറപ്പുകളൊക്കെ കാറ്റിൽ പറത്തപ്പെടുകയാണ്. ഇഞ്ചിഞ്ചായുള്ള അവളുടെ സഹനവും, മരണവും അതുമാത്രമാണ് അവളെ ചുറ്റിപ്പറ്റി നിൽക്കുന്ന കഴുകൻമാരുടെ ലക്ഷ്യം. നസ്രായനെ ഏത് വിധേയനയും കുരുക്കാനുള്ള ഫരിസേയരുടെയും നിയമജ്ഞരുടെയും ശ്രമങ്ങളിൽ പെട്ട് പോയതാണൊ ഈ സ്ത്രീ? അല്ലെങ്കിൽ ഇവളുടെ ഇടർച്ചയെ നസ്രായനെയെ ഏത് വിധേനയും അപായപ്പെടുത്താനുള്ള അവരുടെ ഗൂഡാലോചനയുടെ ഭാഗമാക്കിയതാണൊ? എന്തായാലും അവർ ഇവളെ നസ്രായന്റെ അടുത്തേക്ക് കൊണ്ടുവരുന്നതിന്റെ ഉദ്ദേശ്യം നസ്രായന്റെ കാരുണ്യം നിറഞ്ഞ മൊഴികൾ കേട്ട് മാനസാന്തരപ്പെടാനൊന്നുമായിരുന്നില്ലെന്നുറപ്പാണ്. കല്ലേറിൽ നിന്ന് നസ്രായൻ അവളെ രക്ഷിച്ചാൽ മോശയുടെ നിയമത്തെ ധിക്കരിച്ചുവെന്ന് ആരോപിക്കാം. കല്ലെറിയണമെന്ന മോശയുടെ നിയമത്തെ ശരിവെച്ചാൽ റോമക്കാരുടെ നിയമങ്ങൾക്ക് എതിര് നിന്നുവെന്ന് ആരോപിക്കാം. നസ്രായന് ഇത്തരത്തിലുള്ള ഒരുപാട് ജീവിത സന്ദർഭങ്ങൾ സമ്മാനിച്ച വരാണല്ലൊ ഫരിസേയരും കൂട്ടരും.
നസ്രായൻ നിലത്തെഴുതി കൊണ്ടിരുന്നെന്നാണ് വേദം പറയുന്നത്. അവൻ എന്താണ് നിലത്തെഴുതിയതെന്ന് വേദം പറയുന്നില്ല. ദൈവം പത്ത് കൽപനകൾ മോശയ്ക്ക് കൽപ്പകയിൽ എഴുതിയാണ് നൽകിയത്. വ്യഭിചാരം ചെയ്യരുതെന്ന ആറാമത്തെ കൽപന മാത്രമല്ല പത്ത് കൽപനകളും ഒരു പോലെ പ്രധാനപ്പെട്ടതാണെന്ന ഭാവം നസ്രായന്റെ മൗനത്തിനുണ്ട്. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കന്നമെന്ന കൽപനകളുടെ സാരാംശം കല്ലെറിയാൻ വെമ്പുന്ന ഈ മനുഷ്യരെ തൊട്ട് തീണ്ടിയിട്ടില്ലുന്നറപ്പാണ്. മുന്നിൽ കരുണ യാചിച്ച് നിൽക്കുന്ന സ്ത്രീയെ വലിയൊരു പാപിയെ കണ്ട് കൊണ്ട് തങ്ങളെ നീതിമാൻമാരും വിശുദ്ധരുമായി പരിഗണിക്കുന്ന പകൽ മാന്യൻമാരിൽ നസ്രായൻ ദർശിക്കുന്നത് അവരുടെ സുകൃതങ്ങളല്ല മറിച്ച് അവരുടെ വ്യക്തി ജീവിതത്തിലെ ഇടർച്ചകളാണ്.’നിങ്ങളിൽ പാപം ചെയ്യാത്തവൻ ആദ്യം ഇവളെ കല്ലെറിയട്ടെ, എന്ന വാക്കുകൾ ഒരാളെയും അകാരണമായി വിധിച്ചു കൊണ്ട് കല്ലെറിയാനുള്ള അധികാരമൊ, അവകാശമൊ നമുക്കില്ല എന്ന നസ്രായന്റെ ഓർമ്മപ്പെടുത്താണ്. നാസായന്റെ മുന്നിൽ അവൾ മാത്രമല്ല എല്ലാവരും അവന്റെ കാരുണ്യം യാചിക്കേണ്ടവരാണ്. അവളെ എറിയാൻ എടുത്ത കല്ലുകൾ നിലത്തിട്ട് മുതിർന്നവർ മുതൽ അവിടെ നിന്ന് പോയി എന്ന വചനം, മുന്നിൽ നിസ്സഹയായി നിൽക്കുന്ന സ്ത്രീ മാത്രമല്ല തങ്ങളും പാപികളാണെന്ന ബോധ്യത്തിൽ സംഭവിച്ചതാണ്. ആ നിമിഷം മുതൽ അവൾ പാപത്തിൽ പിടിക്കപ്പെട്ട സ്ത്രീയല്ല മറിച്ച് പാപികളുടെ മദ്ധ്യത്തിൽ അവരിൽ ഒരാൾ മാത്രമാണ്. ഫരിസേയരുടെയും, നിയമജ്ഞരുടെയും അഹംബാവം നിറഞ്ഞ നീതിബോധവും, ധാർഷ്ഠ്യവുമാണ് അവളെ പാപിനിയെന്ന് മുദ്രകുത്തി, പരസ്യമായി അവളുടെ അഭിമാനവും അന്തസ്സും പിച്ചി ചീന്താൻ അവരെ പ്രേരിപ്പിക്കുന്നത്.
അവളുടെ ഇടർച്ചയെ നസ്രായനും ന്യായികരിക്കുന്നില്ല. ‘ നീ തെറ്റൊന്നും ചെയ്തിട്ടില്ല,’ എന്ന് നസ്രായൻ പായുന്നില്ലല്ലോ… മേലിൽ പാപം ചെയ്യെരുതെന്ന ഓർമ്മപ്പെടുത്തലോട് കൂടി മരണത്തെ മുഖാമുഖം കണ്ടവൾക്ക് ജീവിതമെന്ന പുതുസ്വപ്നം നസ്രായൻ സമ്മാനിക്കുകയാണ്. ഇത് വരെയുള്ള എല്ലാ പുരുഷൻമാരും അവളുടെ ശരീരത്തിന്റെ വടിവുകളിലേക്കും സാഹ്യമായ മോഡികളിലേക്കും ആസക്തിയോടെ നോക്കിയപ്പോൾ നസ്രായൻ കരുണ നിറഞ്ഞ തന്റെ കണ്ണുകൾ പായിച്ചത് അവളുടെ ഹൃദയത്തിലേക്കാണ്. അവളുടെ ഇന്നലെകളെയും, ഇന്നിനെയും, നാളെകളെയും വ്യക്തമായി അറിയുന്ന നസ്രായൻ അവളുടെ മുമ്പിൽ രണ്ടാമതൊരു അവസരമായി മാറുകയാണ്. ഇനി മുതൽ അവൾ പാപത്തിൽ പിടിക്കപ്പെട്ട സ്ത്രീയല്ല. നസ്രായനാൽ സ്ത്രീത്വത്തിന്റെ ഉൺമയിലേക്ക് നയിക്കപ്പെട്ടവളാണ്. ഇനി അവളാരുടെയും മുന്നിൽ തന്റെ ശിരസ്സ് അപമാനത്താൽ കുനിക്കേണ്ടതില്ല. കാമവെറിയോടെ തന്നെ സമീപിക്കുന്നവർക്ക് നിസ്സഹായായി തന്നെ ത്തന്നെ നൽകേണ്ടതില്ല കാരണം അവളെ അവളായി സ്നേഹിക്കുന്ന, അവരുടെ ക്ഷതങ്ങൾക്ക്മേൽ പുതപ്പായി നസ്രായനുണ്ട്. മുറിവേറ്റ കുഞ്ഞാട് ഇടയന്റെ നെഞ്ചിൽ, അവന്റെ വാത്സല്യത്താൽ രൂപാന്തരപ്പെടുകയാണ്. നസ്രായൻ അവളെ നോക്കിയതു പോലുള്ള സ്നേഹം നിറഞ്ഞ, മുൻവിധികളില്ലാത്ത, കരുണ നിറഞ്ഞ മിഴികളിലേക്ക് വരാൻ നമുക്കുമാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ ഹൃദയത്തിൻ ചാരെ…