ലൂക്കാ. 12:49-53
“ഭൂമിയിൽ തീയിടാനാണ് ഞാൻ വന്നത്. അത് ഇതിനോടകം കത്തി ജ്വലിച്ചിരുന്നെങ്കിൽ…” നസ്രായനും തീയും തമ്മിലെന്താണ് ബന്ധം? സ്നാപകൻ നസ്രായനെ അവതരിപ്പിക്കുന്നത് തന്നെ ‘അവൻ അഗ്നിയാലും പരിശുദ്ധാത്മാവിനാലും സ്നാനം നൽകും…’ എന്ന് പറഞ്ഞ് കൊണ്ടാണ്. സർവ്വത്തെയും ദൈവസ്നേഹത്താൽ നിറയ്ക്കുന്ന ഈ അത്മാവിനെ, അഗ്നിയെ നൽകാൻ കുരിശിലെ അനിവാര്യമായ സ്നാനത്തിലൂടെ നസ്രായൻ കടന്ന് പോവേണ്ടിയിരുന്നു. കഠിനമെന്നറിഞ്ഞിട്ടും എത്രയും വേഗം ആ സ്നാനത്തിലേക്കെത്താനുള്ള തിടുക്കം നസ്രായനിൽ നാം ദർശിക്കുന്നുണ്ട്. കാരണം തന്റെ ശിഷ്യഗണം ആത്മാവിനാൽ നിറഞ്ഞ് കഴിയുമ്പോൾ മാത്രമാണ് ഭൂമി മുഴുവനെയും ദൈവസ്നേഹത്താൽ ജ്വലിക്കുന്ന സ്നേഹാഗ്നിയായി മാറ്റുവാൻ അവർക്ക് സാധിക്കുകയുള്ളു. പന്തക്കുസ്താ തിരുനാളിൽ പരിശുദ്ധാത്മാവ് അഗ്നി നാളത്തിന്റെ രൂപത്തിൽ ഇറങ്ങി വന്നു എന്നത് ഈ രക്ഷാകര പദ്ധതിയുടെ ഭാഗമായിട്ടാണ്. കാൽവരിയിലെ തന്റെ സ്നാനത്തിനുമപ്പുറം മാനവരാശിക്ക് നസ്രായൻ നൽകുന്ന ഏറ്റവും വലിയ കൃപ നിത്യതയും, ആ നിത്യതയിലേക്കുള്ള യാത്രയിൽ നിഴൽ പോലെ നമ്മുടെകൂടെ ആയിരിക്കുന്നവനും, ദൈവ സ്നേഹാഗ്നിയാൽ നമ്മുടെ ഹൃദയങ്ങളെ ജ്വലിപ്പിക്കുന്ന സഹായകനുമാണ്. പന്തക്കുസ്തായ്ക്കപ്പുറം നസ്രായൻ ഗലീലിയിൽ ജ്വലിപ്പിച്ച ആ ആഗ്നി ലോകം മുഴുവനിലേക്കും കത്തി ജ്വലിക്കുന്നതിനാണ് ചരിത്രം സാക്ഷിയായത്… ലോകത്തിന്റെ അതിർത്തിയോളം… ഭൂമി മുഴുവൻ … ഇന്നും അത് തുടർന്ന് കൊണ്ടിരിക്കുന്നു.
പക്ഷെ ഈ അഗ്നി അത്ര എളുപ്പത്തിലൊന്നും പടരുകയില്ല. എല്ലാ കാലങ്ങളിലും ഈ അഗ്നി പടരുന്നതിന് തടസ്സമായി ഹൃദയ കവാടങ്ങൾ കൊട്ടിയടക്കുന്നവർ ഉണ്ടായിട്ടുണ്ട്. നമുക്ക് അപരിചിതരായ വ്യക്തികളാണ് ഹൃദയ കവാടങ്ങൾ കൊട്ടിയടയ്ക്കുക എന്ന് കരുതി ആശ്വസിക്കാൻ വരട്ടെ… നസ്രായൻ പറഞ്ഞ് വയ്ക്കുന്നത് പിതാവ് പുത്രനും, പുത്രൻ പിതാവിനും, അമ്മ മകൾക്കും, മകൾ അമ്മയ്ക്കെതിരായും, അമ്മായിയമ്മ മരുമകൾക്കും, മരുമകൾ അമ്മായിയമ്മയ്ക്കും എതിരായി ഭിന്നിക്കുമെന്നാണ്. നസ്രായൻ വിവാദ വിഷയമാകുന്ന അടയാളമാവുന്നതങ്ങിനെയാണ്. ആദിമ സഭയിൽ വിശ്വാത്തിന്റെ സ്നേഹാഗ്നി ഏറ്റവാങ്ങിയ വിശ്വാസികൾക്ക് സ്വഭവനത്തിലുള്ള സ്ഥാനം പോലും നഷ്ടപ്പെട്ടത് നസ്രായനെ ഉപേഷിക്കാൻ, അവന്റെ സുവിശേഷത്തെ തള്ളിപ്പറയാൻ അവർ തയ്യാറാവാതിരുന്നത് കൊണ്ടാണ്. നസ്രായന്റെ സുവിശേഷം ശ്രവിച്ച് അവനെ പുൽകാനാഗ്രഹിക്കുന്ന ഒരു പാട് സഹോദരർ ഇന്നും സ്വഭവനങ്ങളിൽ ഇത്തരുണത്തിലുള്ള പ്രതിസന്ധികൾ അഭിമുഖീകരിക്കുന്നുണ്ട്.
നസ്രായന്റെ സാക്ഷികളായി മാറുന്നതിനുള്ള വഴിയിൽ ഒരുക്കലും തളരരുതെന്നും, ആത്മാവിൽ ജ്വലിച്ച് ദൈവസ്നേഹാഗ്നി ആളികത്തിച്ചു കൊണ്ട് വിശ്വാസ യാത്ര മുന്നോട്ട് കൊണ്ട് പോവണമെന്നുമാണ് വചനം നമ്മെ പഠിപ്പിക്കുന്നത്. ലോക ചരിത്രത്തിൽ നസ്രായന്റെ പ്രിയപ്പെട്ടവർ എന്ന് എഴുതിച്ചേർക്കപ്പെട്ടിട്ടുള്ള എല്ലാവർക്കും തന്നെ പറയാനുണ്ടാവും അവന് വേണ്ടി അവർ കടന്ന് പോയ ത്യാഗത്തിന്റെ സ്നേഹദീപ്തസ്മരണ. ദൈവത്തിന്റെ പ്രവാചകനായിട്ടും പൊട്ടകിണറ്റിലെ ചെളി കുഴിയിൽ ആണ്ട് പോവേണ്ടി വരുന്ന ജെറിമിയാ പ്രവാചകനെയാണ് ഒന്നാമത്തെ വായന നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ദൈവം എവിടെയായിരുന്നു? എന്തുകൊണ്ട് രക്ഷിച്ചില്ല? ആദ്ദ്ദേഹം ദൈവത്തിന്റെ പ്രവാചകനല്ലായിരുന്നൊ?…
പാലോസ് അപ്പൊസ്തലൻ കൊറീന്തുസ്സുകാർക്കെഴുതിയ രണ്ടാം ലേഖനം പതിനൊന്നാമദ്ധ്യായത്തിൽ താൻ കടന്ന് പോയ യാതനകളുടെ കണക്ക് അവതരിപ്പിക്കുന്നുണ്ട്. എവിടെയായിരുന്നു നസ്രായൻ? എന്ത്കൊണ്ട് രക്ഷിച്ചില്ല?ജെറിമിയാ പ്രവാചകനും, പൗലോസ് അപ്പോസ്തലനുമൊന്നും ഈ ചോദ്യങ്ങൾ ചോദിക്കുന്നില്ല. എല്ലാത്തിനുമപ്പുറം പൗലോസ് പ്രഘോഷക്കുന്നത് എനിക്ക് ജീവിതം ക്രിസ്തുവും, മരണം നേട്ടവുമെന്നാണ്… ഹൃദയം ആത്മാവിനാൽ ജ്വലിക്കപ്പെടുമ്പോൾ നസ്രായൻ സിരകളിലും ധമനികളിലും നിറയും… പിന്നെ അവനാണ് എല്ലാം… ആ ഒരു മുഹൂർത്തിലേക്ക് നമുക്കൊക്കെ വളരാനാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…