ലൂക്കാ. 16:1-13
തെറ്റുകൾ തിരുത്താൻ ദൈവം നൽകുന്ന അവസരങ്ങൾ നാം തിരിച്ചറിയുന്നുണ്ടൊ? തിരിച്ചറിഞ്ഞാൽത്തന്നെ തിരുത്താൻ ശ്രമിക്കാറുണ്ടൊ? ഇന്നത്തെ സുവിശേഷം നമ്മെ ക്ഷണിക്കുന്നത് അങ്ങനെ രണ്ടാമതൊരവസരം ലഭിച്ച കാര്യസ്ഥനെ ധ്യാനിക്കാനാണ്… തന്റെ സമ്പത്ത് ഉത്തരവാദിത്വമില്ലാതെ കൈകാര്യം ചെയ്തതിന്റെ പേരിൽ യജമാനൻ ഈ കാര്യസ്ഥനെ അയാളുടെ ഉത്തരവാദിത്വത്തിൽ നിന്ന് മാറ്റാൻ ഒരുമ്പെടുകയാണ്. അപകടം തിരിച്ചറിയുന്ന കാര്യസ്ഥൻ പൊടുന്നനെ ഉത്തരവാദിത്വമുള്ള ആളായി മാറുകയാണ്. കഠിനമായി ജോലി ചെയ്യാനുള്ള ആരോഗ്യമൊ, ഭിക്ഷ യാചിക്കാനുള്ള മനസ്സൊ ഇല്ലാതിരുന്ന ഇയാൾ തന്റെ യജമാനന്റെ മറ്റ് സേവകരുടെ കടങ്ങൾ ഇളവ് ചെയ്ത് കൊടുക്കുകയാണ്. യജമാനൻ അറിയാതെയാണ് അവർ യജമാനന് കൊടുക്കാനുള്ള കടങ്ങളൊക്കെയും ഇളവ് ചെയ്യുന്നത്. തന്റെ യജമാനനാൽ കയ്യൊഴിപ്പെടുകയാണെങ്കിൽ തന്റെ ഭാവിയെ ഭദ്രമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിവയൊക്കെയും… കാര്യസ്ഥ പണി നഷ്ടപെടുകയാണെങ്കിൽ തനിക്കിനി ആഭയവും സൗഹൃദവുമൊക്കെ വച്ച് നീട്ടാനുള്ളത് ഇവരൊക്കെയാണ്…
ഇതേക്കുറിച്ചറിയുന്ന യജമാനൻ തന്റെ ഭ്യത്യന്റെ വിവേകത്തെ പുകഴ്ത്തുകയാണ് കാരണം വൈകിയാണെങ്കിലും അയാൾ തിരിച്ചറിവിലേക്ക് കടന്ന് വന്നിരിക്കുകയാണല്ലൊ? യജമാനന് അയാൾ നഷ്ടമുണ്ടാക്കിയെങ്കിലും യജമാനൻ അത് കാര്യമാക്കുന്നില്ല. കാരണം അയാളുടെ മനോഭാവത്തിലും ജീവിതത്തിലുമുണ്ടായിട്ടുള്ള മാറ്റം തനിക്ക് നഷ്ട്ടപ്പെട്ട സമ്പത്തിനെക്കാളും വലുതാണെന്ന് യജമാനന് അറിയാം. സമ്പത്തിനെക്കാളൊക്കെ ഉപരിയായി വ്യക്തി ബന്ധങ്ങൾ രൂപപ്പെടുത്താനാണ് നസ്രായൻ നമ്മെ ഉദ്ഭോദിപ്പിക്കുന്നത്.
അബ്ബാ നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് അവനോടുള്ള അചഞ്ചലമായ സ്നേഹവും ആഴമേറിയ വിശ്വാസവുമാണ്… ഈ ഗാഢമായ സ്നേഹവും വിശ്വസ്തതയും നിസാര കാര്യങ്ങളിൽപ്പോലും അവനോട് വിശ്വസ്തനാവാൻ നമ്മെ പ്രേരിപ്പിക്കും. അവൻ ഭരമേൽപ്പിക്കുന്ന തീരെ നിസാരമായ കാര്യങ്ങൾ പോലും അവനോടുള്ള നമ്മുടെ വിശ്വസ്തതയുടെ ആഘോഷമാക്കി മാറ്റാൻ നമുക്കാവണം. ഒരു പക്ഷെ അവിശ്വസ്തതയുടെ നിമിഷങ്ങളുണ്ടായിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് ഓർത്ത് പരിതപ്പിക്കേണ്ട… തുടർന്നും അവൻ നൽകുന്ന അവസരങ്ങളെ ഫലപ്രദമായി വിനിയോഗിക്കാൻ നമുക്കാവണം. അവനോടുള്ള സ്നേഹത്തിലും വിശ്വസ്തതയിലും വളരാനുള്ള ശ്രമങ്ങളാവണം ഓരോ നിമിഷവും നമ്മടെ ജീവിതത്തിലുണ്ടാവേണ്ടത്… ഒരിക്കൽ അവനെ മുഖാമുഖം കാണുമ്പോൾ “കൊള്ളാം, നല്ലവനും വിശ്വസ്തനുമായ ഭൃത്യാ, അൽപ കാര്യങ്ങളിൽ വിശ്വസ്തനായിരുന്നതിനാൽ അനേക കാര്യങ്ങൾ നിന്നെ ഞാൻ ഭരമേൽപ്പിക്കും. നിന്റെ യജമാനന്റെ സന്തോഷത്തിലേക്ക് പ്രവേശിക്കുക.” (മത്താ. 25:21) ഈ വചനങ്ങൾ അവനിൽ നിന്ന് ശ്രവിക്കുവാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ നസ്രായന്റെ തിരു ഹൃദയത്തിൻ ചാരെ…