ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ, Cycle C, ലൂക്കാ. 17:5-10

ലൂക്കാ. 17:5-10
വിശ്വാസം നമ്മുടെ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന യാഥാർത്ഥ്യമാണ്. വിശ്വാസം ദൈവത്തിന്റെ ദാനമാണ്. ദാനമായി ലഭിച്ച വിശ്വാസത്തിൽ ആഴപ്പെടുക നമ്മുടെ വ്യക്തിപരമായ സ്വാതന്ത്ര്യത്തെയും പരിശ്രമത്തെയും ആശ്രയിച്ചായിരിക്കും സംഭവിക്കുക. തങ്ങളുടെ വിശ്വാസത്തിൽ ആഴപ്പെടാനുള്ള തീവ്രമായ ആഗ്രഹത്തിൽ അപ്പോസ്തലൻമാർ നസ്രായനോട് അപേക്ഷിക്കുന്നുണ്ട്: “കർത്താവെ, ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കേണമെ…” അവരോടായി നസ്രായൻ പറയുക, കടുകുമണിയോളം പോന്ന വിശ്വാസത്തിന് അസാധ്യ കാര്യങ്ങളെ സാധ്യമാക്കാൻ പറ്റുമെന്നാണ്. ദൈവത്തിന്റെ പരിപാലനയിലേക്ക് നമ്മെത്തന്നെ പരിപൂർണ്ണമായി സമർപ്പിക്കാനും, അത് പോലെ, നമ്മുടെ ബോധമണ്ഡലങ്ങൾ ഉയർത്തുന്ന ചോദ്യങ്ങൾ മസ്സിൽ ശക്തമായി അലയടിക്കുമ്പോഴും അസാധ്യങ്ങളെ സാധ്യമാക്കുന്ന നസ്രായൻ എന്റെ ജീവിതത്തിലുണ്ടെന്ന ബോധ്യത്തിലേക്കുള്ള വളർച്ചയാണത്. നമ്മുടെ ജീവിത യാത്രയിലെ ഓരോ നിമിഷങ്ങളും ഈ വിശ്വാസ ജീവിതത്തിൽ ആഴപ്പെടുന്നതിനുള്ള അവസരങ്ങളാണ്. ജീവിതത്തിലുണ്ടാകുന്ന ചെറുതും വലുതുമായ വെല്ലുവിളികളും, സന്തോഷങ്ങളും, സന്താപങ്ങളുമൊക്കെ വിശ്വാസത്തിൽ ആഴപ്പെടുന്നതിനുള്ള മുഹൂർത്തങ്ങളാണ്.
വിശ്വാസത്തിൽ അടിയുറച്ച്കൊണ്ട് നാമെടുക്കുന്ന കൊച്ച് ചുവടുകളാണ് വലിയ അത്ഭുതങ്ങൾ സൃഷ്ടിക്കുന്നതും, അസാധ്യങ്ങൾ സാധ്യങ്ങളാക്കുന്നതും. നസ്രായന്റെ ജീവിതം മുഴുവൻ അബ്ബായിലുള്ള അവന്റെ വിശ്വാസത്തിന്റെ അചഞ്ചല സാഷ്യങ്ങളായിരുന്നു.
ഇളകിമറിയുന്ന കാറ്റിനെയും, കടലിനെയും, ശാന്തമാക്കുന്നതും, രോഗ സൗഖ്യത്തിന്റെ നീർച്ചാലായി അവൻ മാറുന്നതും, ബന്ധിതർക്ക് സ്വാതന്ത്ര്യത്തിന്റെ വിഹായസ്സ് തുറന്ന് കൊടുക്കുന്നതും, മരണത്താൽ കീഴടക്കപ്പെട്ടവർക്ക് അവൻ പുതുജീവനായ് മാറുന്നതൊക്കെ സമാനതകളില്ലാത്ത അവന്റെ വിശ്വാസ ജീവിതത്തിന്റെ പൊൻ തൂവലുകളാണ്. തന്റെ അബ്ബായ്ക്ക്, അത്ഭുതങ്ങൾ പ്രവർത്തിച്ച് കഴിഞ്ഞ് , അത് സംഭവിച്ചു എന്ന് ഉറപ്പ് വരുത്തിയിട്ടായിരുന്നില്ല അവൻ നന്ദി പറഞ്ഞത്. അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിന് മുമ്പേ അബ്ബായക്ക് നന്ദി പറയുന്ന നസ്രായന്റെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നമുക്കും വളരാനാവണം.
സുവിശേഷത്തിന്റെ രണ്ടാം ഭാഗം നമ്മോട് പങ്ക് വയ്ക്കുക അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന വിശ്വാസത്തിനുടമകളാവുമ്പോൾ അത്ഭുതങ്ങളുടെ ഉടയോന്റെ മുന്നിൽ വിനീതരായി ജീവിക്കണമെന്നാണ്. നമ്മുടെ പ്രവചനങ്ങൾ യാഥാർത്ഥ്യങ്ങളാവുമ്പോൾ, സ്പർശനങ്ങൾ രോഗസൗഖ്യങ്ങളാവുമ്പോൾ, നമ്മുടെ കരങ്ങൾ നുറുങ്ങപ്പെട്ട ഹൃദയങ്ങൾക്ക് സാന്ത്വനമാവുമ്പോൾ നമ്മിലൂടെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്ന അബ്ബായെ മറന്ന് സ്വയം ദൈവമായി മാറരുത്. ഓശാന തിരുനാളിൽ നസ്രായനെയും വഹിച്ച് ജെറുസലെമിൽ പ്രവേശിക്കുന്ന കഴുത ജനങ്ങൾ വസ്ത്രങ്ങൾ വിരിക്കുന്നത് തനിക്ക് നടക്കനാണെന്ന് വിചാരിച്ച് തന്റെ ചുമലിലുള്ള നസ്രായനെ മറന്ന് പോവുന്നവരെപ്പോലെ ആകരുത്. അവന്റെ സ്നേഹത്തിന്റെ, സൗഖ്യത്തിന്റെ നീർച്ചാലകാൻ അപൂർണ്ണരും, കുറവുകളുമുള്ള നമ്മെ അവൻ തെരെഞ്ഞെടുക്കുന്നത് അവൻ നമ്മുക്ക് സമ്മാനിക്കുന്ന സുകൃതമല്ലാതെ നമ്മുടെ യോഗ്യതയാണെന്ന് കരുതുന്നുണ്ടൊ? ദിവസത്തിന്റെ അന്ത്യത്തിൽ പിറകോട്ട് നോക്കുമ്പോൾ ചെയ്യാനായ വൻ കാര്യങ്ങളുടെ പേരിൽ സ്വയം അഭിമാനിക്കുകയല്ല മറിച്ച് നമ്മുടെ ജീവിതത്തെ ആ നിയോഗത്തിനായി ഉപയോഗിച്ച തമ്പുരാന്റെ മുന്നിൽ കൃതജ്ഞതയുടെ കൂപ്പ് കരങ്ങളുമായി ആയിരിക്കുവാൻ പ്രയോജന രഹിതരായ ദാസരെ തെരെഞ്ഞെടുത്ത് , ഫലദായകമാക്കിയതിനെ ഓർത്ത് നന്ദി നിറഞ്ഞ ഹൃദയത്തോടും സജ്ജലങ്ങളായ മിഴികളോടുമായിരിക്കാൻ നമുക്കാവണം. നസ്രായന്റെ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക്, എളിമയിലേക്ക് വളരാൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…