യോഹ. 4.5-42
സമരിയാക്കാരി സ്ത്രീയെ അന്വേഷിച്ച് കാത്തിരിക്കുന്ന നസ്രായനെയാണ് ഇന്ന് നാം സുവിശേഷത്തിൽ കണ്ട് മുട്ടുക. നട്ടുച്ചയ്ക്കാണ് കിണറ്റിൽ നിന്ന് വെള്ളമെടുക്കാനായ് അവൾ വരുന്നത്. ആരും തന്നെ കാണരുതെന്ന ഉദ്ദേശത്തോടെ അവിടെ വരുന്ന അവളെ, കണ്ടേ മതിയാവൂ എന്ന വാശിയോടെയിരിക്കുന്ന നസ്രായനെ അവൾ കണ്ട് മുട്ടുകയാണ്. യഹൂദരും, സമരിയാക്കാരും തമ്മിലുള്ള വർഗ്ഗ വൈരവും വർണ്ണ വിവേചനവുമൊക്കെ ശക്തമായി നിലകൊള്ളുന്ന പശ്ചാത്തലത്തിലാണ് നസ്രായൻ സമരിയാക്കാരി സ്ത്രീയോട് പരസ്യമായി ദാഹജലം ചോദിക്കുന്നത്. നസ്രായന്റെ ആവശ്യത്തിനുള്ള ഉത്തരമായി അവൾ ചൂണ്ടികാട്ടുന്നതും സാമൂഹ്യപരമായ ഈ വിവേചനമാണ്. ദൈവത്തിന്റെ ദാനമെന്താണെന്നും കുടിക്കാൻ ജലം ചോദിച്ച താൻ ആരാണെന്നും അറിഞ്ഞിരുന്നെങ്കിൽ അവനോട് ജീവജലം ചോദിക്കുമെന്നുള്ള നസ്രായന്റെ വാക്കുകളെ തെല്ലഹങ്കാരത്തോടെ തന്നെയാണ് അവൾ നേരിടുക. ആഴമുള്ള കിണറ്റിൽ നിന്ന് വെള്ളം കോരാൻ സ്വന്തമായി പാത്രമില്ലാത്ത നസ്രായൻ എങ്ങിനെയാണ് ജീവന്റെ ജലം കോരി അവൾക്ക് നൽകുന്നത് എന്ന മാനുഷികമായ ചിന്തയാണ് അവളുടെ മറുപടിയിൽ പ്രതിധ്വനിക്കുന്നത്. അവളുടെ നിത്യതയെ തന്റെ നിത്യതയിലെ അറിയുന്ന നസ്രായൻ അവളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിടുകയാണ്. താൻ മാനവരാശിക്ക് നൽകാൻ പോവുന്ന ജീവന്റെ ജലത്തെക്കുറിച്ച്, സഹായകനെക്കുറിച്ച് അവളോട് പങ്ക് വയ്ക്കുന്നുണ്ട്. എല്ലാവരുടെയും ദാഹം എന്നെന്നേക്കുമായി അകറ്റുന്ന ജീവജലം തനിക്കും ലഭിക്കുകയാണെങ്കിൽ വെള്ളം കോരാനും വരേണ്ട, നാട്ടുകാർ തന്നെ കാണുമൊ എന്നുള്ള അപമാനവും വേണ്ട എന്ന ആശ്വാസത്തിലാണ് ജീവന്റെ ജലം തനിക്കും തരാൻ അവൾ ആവശ്യപ്പെടുന്നത്.
അപ്രതീക്ഷിതമായ ഒരു വഴിത്തിരിവാണ് നസ്രായൻ അവളുടെ ജീവിതത്തിന് നൽകുക. ഭർത്താവിനെ വിളിച്ച് കൊണ്ട് വരാനുള്ള നസ്രായന്റെ ആവശ്യത്തിന് നസ്രായനെ അളക്കാനെന്നോണം തനിക്ക് ഭർത്താവില്ല എന്ന മറുപടിയാണ് അവൾ നൽകുന്നത്. ഇപ്പോൾ അവളോടൊപ്പമുള്ളത് ഭർത്താവല്ലെന്നും അതിന് മുമ്പ് അവൾ അഞ്ച് തവണ വിവാഹം ചെയ്തവളാണെന്നുള്ള നസ്രായന്റെ വെളിപ്പെടുത്തൽ അവന്റെ വ്യക്തിത്വത്തെക്കുറിച്ചുള്ള അവളുടെ കണക്ക് കൂട്ടൽ മുഴുവൻ തെറ്റിക്കുകയാണ്. തന്റെ ഭൂതകാലം മുഴുവൻ ആദ്യത്തെ കൂടികാഴ്ചയിൽ തന്നോട് വെളിപ്പെടുത്തുന്ന ഈ മനുഷ്യൻ പ്രവാചകനല്ലാതെ മറ്റാരാണ്? പാപപങ്കിലമായ ജീവിതത്തിനുടമയാണെങ്കിലും ഈശ്വരാനുഭവത്തിന് വേണ്ടി കൊതിക്കുന്ന അവളുടെ ഹൃദയം നസ്രായന് മുന്നിൽ അനാ വ്രതമാവുകയാണ്. യഥാർത്ഥ ആരാധന കേന്ദ്രം ജെറുസലെമൊ അതൊ തങ്ങളുടെ ആരാധന കേന്ദ്രമായ ഗെരാസിം മലയാണൊ? എന്ന അവളുടെ ചോദ്യത്തിന് ദൈവരാധന സ്ഥല കാലങ്ങൾക്ക് അതീതമായി ആത്മവാലും സത്യത്തിലുമാണെന്ന് നസ്രായൻ വെളിപ്പെടുത്തുന്നുണ്ട്. യഹൂദരി ലൂടെ സകല ജനപദങ്ങളും രക്ഷിക്കപ്പെടുമെന്ന നസ്രായന്റെ വചസ്സുകളെ, മിശിഹാ യഹൂദരെ മാത്രമല്ല തങ്ങളെക്കൂടി സത്യത്തിന്റെ പൂർണ്ണതയിലേക്ക് നയിക്കുമെന്ന അവളുടെ പ്രത്യാശയ്ക്ക് മുന്നിൽ നസ്രായൻ തന്നെത്തന്നെ വെളിപ്പെടുത്തുകയാണ്.
നാസായനെക്കുറിച്ച് യാതൊന്നും അറിയാതെ തുടങ്ങിയ സംഭാഷണം നസ്രായനെക്കുറിച്ചുള്ള പൂർണ്ണമായ അറിവിലേക്ക് അവളെ നയിക്കുകയാണ്. നാട്ടുകാരുടെ അപമാന ശരങ്ങളെ ഭയന്ന് നട്ടുച്ചയ്ക്ക് വെള്ളം കോരാൻ വന്ന അവൾ, ആ നട്ടുച്ചയ്ക്ക് തന്നെ തന്റെ നാട്ടുകാരുടെ മുന്നിൽ നസ്രായന് സാക്ഷിയാവുകയാണ്… പ്രിയ സുഹൃത്തെ ഇതല്ലെ യഥാർത്ഥ മാനസാന്തരം. നോയമ്പിന്റെ ഈ ദിനങ്ങളിൽ നസ്രായനോടൊപ്പം വസിച്ച് അവന്റെ സാന്നിദ്ധ്യത്തിൽ നമ്മെത്തന്നെ കണ്ടെത്താൻ നമുക്കാവട്ടെ എന്ന പ്രാർത്ഥനയോടെ… നസ്രായന്റെ തിരുഹൃദയത്തിൻ ചാരെ…